‘നിർബന്ധിത സൈനിക സേവനത്തിനില്ല’; ഇസ്രായേലിൽ വീണ്ടും തെരുവിലിറങ്ങി ഹരേദി ജൂതൻമാർ, സംഘർഷം
കഴിഞ്ഞദിവസം 1000 പേർക്കാണ് സൈനിക സേവനവുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്
ജെറുസലേം: ഇസ്രായേലിലെ തീവ്ര ഓർത്തഡോക്സ് ജൂത വിഭാഗമായ ഹരേദികളെ നിർബന്ധിത സൈനിക സേവനത്തിന് നിയോഗിക്കുന്നതിനെതിരെ വൻ പ്രതിഷേധം. ഹരേദി വിഭാഗത്തിലെ 1000 പുരുഷൻമാർക്ക് സൈനിക സേവനവുമായി ബന്ധപ്പെട്ട നിർദേശം ഞായറാഴ്ച അയച്ചതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പലയിടത്തും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. തെൽ അവീവിന് സമീപമുള്ള ബ്നെയ് ബ്രാക്കിൽ നൂറുകണക്കിന് പേർ പ്രധാന ഹൈവേ ഉപരോധിച്ചു. സൈന്യത്തിൽ ചേരാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഈ ഉത്തരവ് തോറയെയും ജൂതമതത്തെയും നശിപ്പിക്കുന്നതാണ്. ഇതിനെതിരെ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
പുറത്താക്കപ്പെട്ട പ്രതിരോധ മന്ത്രി യോവ് ഗാലൻറാണ് 7000 ഹരേദി ജൂതൻമാരെ സൈനിക സേവനത്തിന് നിർബന്ധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിൽ 1000 പേർക്കാണ് കഴിഞ്ഞദിവസം നിർദേശം നൽകിയത്. പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഇത് റദ്ദാക്കിയിട്ടില്ല. സൈനിക സേവനം നിരസിക്കുന്നവരുടെ പാസ്പോർട്ടും ധനസഹായവും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ഈയിടെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂണിലാണ് ഹരേദി ജൂതൻമാരെയും നിർബന്ധിത സൈനിക സേവനത്തിൽ ഉൾപ്പെടുത്തണമെന്ന വിധി സുപ്രിംകോടതി പുറപ്പെടുവിച്ചത്. ആ ഘട്ടത്തിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ ലബനാനിൽ കൂടി കരയാക്രമണം നടത്തുന്നതിനാൽ ഇസ്രായേലി സൈന്യത്തിൽ വലിയ രീതിയിലുള്ള ആൾക്ഷാമമുണ്ട്. കൂടാതെ നിരവധി പേർ പരിക്കേറ്റ് ചികിത്സയിലുമാണ്.
ഇസ്രായേൽ ജനസംഖ്യയുടെ 13 ശതമാനം വരും ഹരേദി ജൂതൻമാർ. ഇവരിൽപെട്ട ഏകദേശം 99 ലക്ഷം പേർ നിലവിൽ സൈനിക സേവനം അനുഷ്ഠിക്കുന്നില്ല. പകരം ഇവരുടെ ജീവിതം മതഗ്രന്ഥമായ തോറ പഠിക്കാനായി സമർപ്പിച്ചിരിക്കുകയാണ്.
18 വയസ്സിന് മുകളിലുള്ള എല്ലാവരും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്നാണ് ഇസ്രായേൽ നിയമം. പുരുഷൻമാർക്ക് 32 മാസവും സ്ത്രീകൾക്ക് 24 മാസവുമാണ് നിർബന്ധിത സൈനിക സേവനം.
എന്നാൽ, ഇതിൽനിന്ന് ഹരേദികളെ ഒഴിവാക്കിയത് ഇസ്രായേലിൽ പതിറ്റാണ്ടുകളായി തുടരുന്ന തർക്കവിഷയമാണ്. ഗസ്സ യുദ്ധത്തോടെ ഈ തർക്കം രൂക്ഷമായി. 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷവും സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഹരേദി വിഭാഗക്കാരെ നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കണമെന്ന് മതപുരോഹിതനായ മുൻ സെഫേർദി ചീഫ് റബ്ബി യിത്സാക് യോസഫ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തോറയുടെ പുത്രൻമാരായ പണ്ഡിതൻമാരെ സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കണം. നിലവിൽ പഠനം നിർത്തിയവരെയും സൈന്യത്തിലേക്ക് അയക്കരുത്. അവിടെ പല മോശം കാര്യങ്ങളും നടക്കുന്നുണ്ട്. അതിനാൽ അങ്ങോട്ട് പോകാൻ പാടില്ലെന്നും യിത്സാക് യോസഫ് പറഞ്ഞു.
നിർബന്ധിത സൈനിക സേവനം നടപ്പാക്കിയാൽ ഇസ്രായേലിൽനിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് ഇദ്ദേഹം നേരത്തേ സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. നിങ്ങൾ ജനങ്ങളെ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചാൽ എല്ലാവരും വിദേശത്തേക്ക് പോകുമെന്നായിരുന്നു ഭീഷണി. ‘ഞങ്ങൾ സ്വന്തമായി ടിക്കറ്റ് എടുക്കും. ഞങ്ങളെ സൈന്യത്തിലേക്ക് നിർബന്ധിക്കാനാകില്ല. സർക്കാറും ഇതിന് കൂട്ടുനിൽക്കുകയാണ്. മതപഠന സ്ഥാപനങ്ങൾ ഇല്ലെങ്കിൽ സൈന്യത്തിന് വിജയിക്കാനാകില്ലെന്ന് ഈ മതേതര ആളുകൾ മനസ്സിലാക്കണം’ -റബ്ബി യോസഫ് വ്യക്തമാക്കി.
ലെബനാനിൽ യുദ്ധത്തിന് വനിതകളും
ഇസ്രായേലിെൻറ ചരിത്രത്തിൽ ആദ്യമായി വനിതാ സൈനികരെ ലബനാനിൽ യുദ്ധത്തിന് നിയോഗിച്ചു. വടക്കൻ കമാൻഡ് ചീഫ് മേജർ ജനറലാണ് ഒരി ഗോർഡിനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇൻറലിജൻസ് ബറ്റാലിയനെയാണ് നിയോഗിച്ചിട്ടുള്ളത്.
യുദ്ധം ആരംഭിച്ചത് മുതൽ വനിതാ സൈനികർ സിറിയൻ അതിർത്തിയിലും മൗണ്ട് ഡോവ് മേഖലയിലുമാണ് നിലയുറപ്പിച്ചിരുന്നത്. രഹസ്യവിവരങ്ങൾ ശേഖരിക്കുക, ശത്രുക്കളെ തിരിച്ചറിയുക, ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക തയാറാക്കുക, കരയിൽനിന്നും ആകാശത്തുനിന്നും ആക്രമണം നടത്താനുള്ള നിർദേശം നൽകുക എന്നിവയായിരുന്നു ഇവരുടെ ചുമതല. ലബനാനിലും ഈ ദൗത്യം തന്നെയാണ് ഇവർ നിർവഹിക്കുന്നത്.
Adjust Story Font
16