ബോയിങിന്റെ സ്റ്റാർ ലൈനർ പേടകത്തിൽ ഹീലിയം ചോർച്ച; പ്രശ്നം തൽക്കാലം പരിഹരിച്ചെന്ന് നാസ
ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസും ബുഷ് വിൽമോറുമാണ് യാത്രികർ
കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിങിന്റെ സ്റ്റാർ ലൈനർ പേടകത്തിൽ ഹീലിയം ചോർച്ച കണ്ടെത്തി. നിലവിൽ യാത്രാപേടകം സുരക്ഷിതമാണ്. ഇന്ന് രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക.
വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ രണ്ടിടത്ത് കൂടിയാണ് പുതിയ ചോർച്ച കണ്ടെത്തിയത്. രണ്ട് ഹീലിയം വാൾവുകൾ അടച്ച് പ്രശ്നം തൽക്കാലം പരിഹരിച്ചെന്ന് നാസ വ്യക്തമാക്കി. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസും, ബുഷ് വിൽമോറുമാണ് യാത്രികർ.
ഇന്ന് രാത്രി ഇന്ത്യൻ സമയം ഒൻപതരയോടെ സുനിതാ വില്യംസും ബുഷ് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി പേടകത്തെ ഡോക്കിങ് നടത്തും. പിന്നാലെ നിലയത്തിൽ ഇരു യാത്രികരും പ്രവേശിക്കും. ഏഴു ദിവസം തങ്ങിയ ശേഷമാകും തിരികെ ഭൂമിയിലേക്ക് എത്തുക. വാണിജ്യാടിസ്ഥാനത്തിൽ സഞ്ചാരികളെ എത്തിച്ച് ബഹിരാകാശ നിലയത്തിൽ പാർപ്പിച്ച് തിരികെ കൊണ്ടുവരാനുള്ള ദൗത്യത്തിന്റെ പരീക്ഷണമാണ് ഈ യാത്രയുടെ ലക്ഷ്യം.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു.ഇന്ത്യൻ സമയം രാത്രി 8.22ന് ബോയിങ് സ്റ്റാർ ലൈനർ പേടകവും വഹിച്ച് അറ്റ്ലസ് ഫൈവ് കുതിച്ചുയർന്നത്. 58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറിലായിരുന്നു. 2012-ൽ വീണ്ടും ബഹിരാകാശയാത്ര നടത്തിയ സുനിതാ വില്യംസിന്റെ പേരിലാണ് നിലവിൽ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന റെക്കോർഡ് ഉള്ളത്.
Adjust Story Font
16