ഹിസ്ബുല്ല തലവൻ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യയിൽ സൈന്യത്തെ വിന്യസിച്ച് ആസ്‌ത്രേലിയ
ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ല, ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരി, ഇസ്‌ലാമിക് ജിഹാദ് മേധാവി സിയാദ് അൽ-നഖല എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ഗസ്സ: വൻശക്തി രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ല ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരി, ഇസ്‌ലാമിക് ജിഹാദ് മേധാവി സിയാദ് അൽ-നഖല എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തതെന്ന് ഹിസ്ബുല്ല ചാനൽ അൽ-മനാർ ടി.വി റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്രതലത്തിൽ സ്വീകരിച്ച നിലപാടുകളും പ്രതിരോധസഖ്യം ചെയ്യേണ്ട കാര്യങ്ങളും യോഗം വിലയിരുത്തി. ഗസ്സയിൽ പ്രതിരോധം ശക്തമാക്കാനുള്ള നീക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന് ഇറാൻ, സിറിയ, ഫലസ്തീൻ സായുധ ഗ്രൂപ്പുകളെയും ഹിസ്ബുല്ലയെയും ഉദ്ധരിച്ച് അൽ-മനാൽ റിപ്പോർട്ട് ചെയ്തു.
സിറിയയിലേക്കും ഇസ്രായേൽ ഇന്ന് വലിയ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ലക്ക് സമാനമായ സായുധ സംഘങ്ങൾ സിറിയയിലുണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേൽ ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയും ഹമാസും കൈകോർക്കുന്നത് ഇസ്രായേലിന് വലിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.
അതിനിടെ ആസ്‌ത്രേലിയ രണ്ട് യുദ്ധവിമാനങ്ങളും നിരവധി സൈനികരെയും പശ്ചിമേഷ്യയിൽ വിന്യസിച്ചു. യുദ്ധം കനക്കുമ്പോൾ തങ്ങളുടെ പൗരൻമാരുടെ സംരക്ഷണത്തിനാണ് സൈന്യത്തെ വിന്യസിച്ചതെന്നാണ് ആസ്‌ത്രേലിയൻ വിശദീകരണം.
Adjust Story Font
16