Quantcast

ലബനാനിൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധ ഭീതി പടരുന്നു

ലബനാൻ തലസ്ഥാനമായ ബൈറൂതിന് തൊട്ടടുത്ത ജനവാസ കേന്ദ്രമായ ദാഹിയയിൽ ഇന്നലെ ​വൈകിട്ടാണ്​ ഇസ്രായേലിന്‍റെ വ്യോമാക്രമണം നടന്നത്​

MediaOne Logo

Web Desk

  • Published:

    21 Sep 2024 1:25 AM GMT

Israeli airstrike
X

തെല്‍ അവിവ്: 12 പേരുടെ മരണത്തിനും നിരവധി പേർക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ ഇസ്രായേലിന്‍റെ ബൈറൂത്ത്​ ആക്രമണത്തിനു പിന്നാലെ മേഖലയിൽ യുദ്ധഭീതി പടരുന്നു.

ലബനാൻ തലസ്ഥാനമായ ബൈറൂതിന് തൊട്ടടുത്ത ജനവാസ കേന്ദ്രമായ ദാഹിയയിൽ ഇന്നലെ ​വൈകിട്ടാണ്​ ഇസ്രായേലിന്‍റെ വ്യോമാക്രമണം നടന്നത്​. ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ ഇബ്രാഹീം ആഖിൽ അടക്കം 12 പേർ കൊല്ലപ്പെട്ടു. 66ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ 9 പേരുടെ നില ഗുരുതരമാണ്​. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടും. ഇബ്രാഹിം ആഖിൽ അടക്കം ഇരുപത്​ ഹിസ്​ബുല്ല പോരാളികൾ രഹസ്യയോഗം ചേർന്ന കെട്ടിടത്തിനു നേരെയാണ്​ ആക്രമണം നടത്തിയതെന്ന്​ ഇസ്രായേൽ സൈന്യം വ്യക്​തമാക്കി.

ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു. ഹിസ്ബുല്ലയുടെ ഉയർന്ന സൈനിക വിഭാഗമായ ജിഹാദ് കൗൺസിൽ അംഗം കൂടിയാണ്​ ഇബ്രാഹീം ആഖിൽ. എന്നാൽ ഹിസ്​ബുല്ല മരണം​ സ്ഥിരീകരിച്ചിട്ടില്ല. 1983ൽ ബൈറൂത്തിലെ എംബസിയിൽ 63 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഭീകരവാദിയെന്ന് മുദ്രകുത്തി യു.എസ് നീതിന്യായ വകുപ്പ് തലക്ക്​ വിലയിട്ടയാളാണ്​ ഇബ്രാഹിം ആഖിൽ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് ഏഴ് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വ്യോമാക്രമണത്തിന്​ പിന്നാലെ ഇസ്രായേലിന്‍റെ ഉത്തര മേഖലയെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നൂറിലേറെ റോക്കറ്റുകൾ തൊടുത്തു. ഇസ്രായേൽ, ലബനാൻ സംഘർഷം മേഖലായുദ്ധത്തിലേക്ക്​ നീങ്ങാതിരിക്കാൻ നയതന്ത്രനീക്കം തുടരുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ അറിയിച്ചു. അതേസമയം ഏതു സാഹചര്യം നേരിടാനും സേന സജ്​ജമാണെന്ന്​ പെന്‍റഗൺ നേതൃത്വം വ്യക്​തമാക്കി. ട്രുമാൻ വിമാനവാഹിനി കപ്പൽ തിങ്കളാഴ്​ച ഗൾഫ്​ തീരം ലക്ഷ്യമാക്കി നീങ്ങും. മേഖലയിൽ സൈനിക പുനർവിന്യാസം തൽക്കാലം തീരുമാനിച്ചിട്ടില്ലെന്നും അമേരിക്ക അറിയിച്ചു. പേജർ, വാക്കിടോക്കി സ്​ഫോടന പരമ്പരകളും ബൈറൂത്ത്​ ആക്രമണവും ശക്​തമായി അപലപിച്ച്​ യു.എൻ മനുഷ്യാവകാശ കമീഷണർ രംഗത്തുവന്നു. രാത്രി ചേർന്ന യു.എൻ രക്ഷാസമിതി യോഗവും പുതിയ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. ഗസ്സയിലും ഇസ്രായൽ ആക്രമണം തുടർന്നു. ഇന്നലെ മാത്രം 34 ഫലസ്തീനികളാണ്​ കൊല്ലപ്പെട്ടത്.

TAGS :

Next Story