നെതന്യാഹുവിന്റെ കിടപ്പറ വരെ ഡ്രോണുകൾ എത്തിയെന്ന് ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി
ഒരു ഇസ്രായേലിയുടെ കൈ കൊണ്ടുതന്നെ നെതന്യാഹു കൊല്ലപ്പടുമെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം മുന്നറിയിപ്പ് നൽകി.
ദുബൈ: വടക്കൻ ഗസ്സയിലും ലബനാനിലും ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. ഗസ്സയിൽ 43 പേർ കൊല്ലപ്പെട്ടു. ലബനാനിൽ 18 പേർ ആക്രമണത്തിൽ മരിച്ചതായി അധികൃതർ വെളിപ്പെടുത്തി. വെടിനിർത്തലിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന യു.എന്നിന്‍റെയും ലോക രാജ്യങ്ങളുടെയും അഭ്യർഥന തള്ളിയാണ് ഇസ്രായേലിന്‍റെ വ്യാപക ആക്രമണം.വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്രായേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി ഡ്രോണുകളും മിസൈലുകളും അയച്ച് ഹിസ്ബുല്ല. ചില ഡ്രോണുകൾ ഇസ്രായേൽ അതിർത്തി ഗ്രാമങ്ങളിൽ മണിക്കൂറുകൾ ഭീതി പടർത്തി. വ്യോമ പ്രതിരോധത്തെ കബളിപ്പിക്കുന്ന ഹിസ്ബുല്ലയുടെ നവീന ഡ്രോണുകൾ ഇസ്രായേൽ സേനക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തിയെന്നും അയാളുടെ സമയമെത്താത്തതുകൊണ്ടാവണം രക്ഷപ്പെട്ടതെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം പറഞ്ഞു. ചിലപ്പോൾ ഒരു ഇസ്രായേലിയുടെ കൈ കൊണ്ടുതന്നെ നെതന്യാഹു കൊല്ലപ്പടുമെന്നും ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതിനിടെ, ലബനാനിൽ വെടിനിർത്തൽ ചർച്ചക്കായി അമേരിക്ക നീക്കം ശക്തമാക്കി. ഇസ്രായേൽ നേതാക്കളുമായി യു.എസ് പ്രതിനിധികൾ ഉന്ന് ചർച്ച നടത്തും. യു.എൻ ഏജൻസിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ ആന്‍റണയോ ഗുട്ടറസ്. 'യുനർവ'ക്ക് നിരോധനമേർപ്പെടുത്തിയ ഇസ്രായേൽ നടപടി ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെതിരെ ട്രൂ പ്രോമിസ് പോലുള്ള നിരവധി ആക്രമണങ്ങൾ നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നസീർസാദയുടെ താക്കീത്. ഇറാൻ സൈന്യം എക്സിൽ പങ്കുവെച്ച പ്രതീകാത്മക വിഡിയോ പോസ്റ്റും വ്യാപക ചർച്ചയായി. ക്ലോക്കിെന്റ സെക്കൻഡ് സൂചിയുടെയും വിക്ഷേപിക്കാൻ തയാറായിനിൽക്കുന്ന മിസൈലിെന്റയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
Adjust Story Font
16