ഇസ്രായേലിലേക്ക് 200ലധികം റോക്കറ്റുകൾ വിക്ഷേപിച്ച് ഹിസ്ബുല്ല; ഒമ്പത് മാസത്തിനിടയിലെ ഏറ്റവും വലിയ ആക്രമണം
‘ശത്രുക്കൾ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത സ്ഥലങ്ങൾ ലക്ഷ്യമാക്കി ആക്രമണം തുടരും’
ബെയ്റൂത്ത്: ലെബനാനിൽനിന്ന് ഇസ്രായേലിലേക്ക് 200ന് മുകളിൽ റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുല്ല. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് വ്യാഴാഴ്ച ആക്രമണം നടത്തിയത്.
ബുധനാഴ്ച ഹിസ്ബുല്ലയുടെ സീനിയർ കമാൻഡർ മുഹമ്മദ് നിമാഹ് നാസർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ആക്രമണം. ഒമ്പത് മാസത്തിനിടെ കൊല്ലപ്പെടുന്ന ഹിസ്ബുല്ലയുടെ മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് നാസർ.
അധിനിവേശ സിറിയൻ ഗോലാൻ കുന്നുകൾ, അൽ ജലീലി മേഖല, സഫദ്, നഹാരിയ തുടങ്ങിയ പുതിയ കേന്ദ്രങ്ങളെയും ഹിസ്ബുല്ല വ്യാഴാഴ്ച ആക്രമിച്ചു. കത്യുഷ റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടാതെ ബുർക്കാൻ മിസൈൽ ഉപയോഗിച്ചും ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഒക്ടോബർ ഏഴിന് ശേഷം ഹിസ്ബുല്ല നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
സംഭവത്തിൽ വടക്കൻ ഇസ്രായേലിലെ രണ്ട് വനിതകൾക്ക് പരിക്കേറ്റതായി ഇസ്രായേലി ആരോഗ്യസംഘം അറിയിച്ചു. വടക്കൻ മേഖലയിൽ 20 മിനിറ്റിനിടെ 7 അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുണ്ട്. ഹിസ്ബുല്ലയുടെ റോക്കറ്റുകളിൽ പലതും തടഞ്ഞതായി ഇസ്രായേൽ അറിയിച്ചു.
അതേസമയം, ഗോലാൻ കുന്നുകളിലും അൽ ജലീലിലുമുണ്ടായ ആക്രമണത്തിൽ ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ മേഖലയിൽ ഇസ്രായേൽ പരാജയപ്പെട്ടെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിൽ യുദ്ധം കാരണം നിരവധി പേരാണ് കുടിയൊഴിഞ്ഞ് പോയത്.
നിമാഹ് നാസറിനെ കൊലപ്പെടുത്തിയതിന്റെ പ്രത്യാക്രമണമായി കൂടുതൽ സ്ഥലങ്ങൾ ആക്രമിക്കുമെന്ന് ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ ഹാഷിം സഫീദ്ദീൻ പറഞ്ഞു. ‘പ്രത്യാക്രമണങ്ങളുടെ പരമ്പര തുടരുകയാണ്. ശത്രുക്കൾ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത പുതിയ സ്ഥലങ്ങളെ ലക്ഷ്യമാക്കി ആക്രമണം തുടരും’ -സഫീദ്ദീൻ വ്യക്തമാക്കി. സഫീദ്ദിന്റെ മരണത്തിന് പിന്നാലെ ബുധനാഴ്ച ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നാല് ആക്രമണങ്ങൾ ഹിസ്ബുല്ല നടത്തിയിരുന്നു.
Adjust Story Font
16