ഇസ്രായേൽ സേനാതാവളത്തിന് നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു
ഹിസ്ബുല്ല ആക്രമണം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളുടെ പരാജയം ഐഡിഎഫ് വക്താവ് സമ്മതിക്കുകയും ചെയ്തു.
തെൽ അവീവ്: മധ്യ ഇസ്രായേലിലെ ബിൻയാമിനയിലെ സൈനിക താവളത്തിന് നേരെ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. 67 പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴ് സൈനികരുടെ പരിക്ക് ഗുരുതരമാണെന്ന് ഐഡിഎഫും ഇസ്രായേലിൻ്റെ ദേശീയ മെഡിക്കൽ എമർജൻസി സേനയായ മാഗൻ ഡേവിഡ് അഡോമും പറയുന്നു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണവും കൂട്ടക്കൊലയും തുടരുന്നതിനിടെയാണ് ഹിസ്ബുല്ലയുടെ തിരിച്ചടി.
സൈനികരുടെ കൊലപാതകം ഐഡിഎഫ് സ്ഥിരീകരിച്ചു. രാത്രി ഏഴു മണിക്ക് മുമ്പാണ് ഡ്രോൺ പതിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. ബേസിനുള്ളിലെ ഒരു ഡൈനിങ് ഹാളിൽ വീഴുകയായിരുന്നെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് സൈനികരുടെ പേരുകൾ ഐഡിഎഫ് പുറത്തുവിട്ടിട്ടില്ല.
പരിക്കേറ്റ എല്ലാ സൈനികരെയും കൂടുതൽ വൈദ്യചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ വിവരമറിച്ചതായും സേന അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഐഡിഎഫ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ഹിസ്ബുല്ല ഡ്രോൺ ബിൻയാമിന പ്രദേശത്ത് ആക്രമണം നടത്തിയതെന്ന് മാഗൻ ഡേവിഡ് അഡോമും ഐഡിഎഫും പറയുന്നു. ഹിസ്ബുല്ല റോക്കറ്റ് ബാരേജിൻ്റെ മറവിലാണ് ലബനനിൽ നിന്ന് ഡ്രോൺ വിക്ഷേപിച്ചത്.
രണ്ട് ഡ്രോണുകളാണ് ഹിസ്ബുല്ല ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്. ഇവയിലൊന്ന് കടലിന് മുകളിൽവച്ച് പ്രതിരോധിച്ചെങ്കിലും രണ്ടാമത്തേത് ഇസ്രായേലിലെ സൈനിക താവളത്തിൽ പതിക്കുകയായിരുന്നു. ഡിറ്റക്ഷൻ സംവിധാനങ്ങളാൽ ഡ്രോൺ കണ്ടെത്താൻ ഐഡിഎഫിന് സാധിച്ചില്ലെന്നു മാത്രമല്ല മുന്നറിയിപ്പ് അലാറമൊന്നും മുഴങ്ങിയതുമില്ല. അതുകൊണ്ടുതന്നെ ഇത് തടയാനുള്ള ശ്രമവും നടത്താനായില്ല.
ഐഡിഎഫിൻ്റെ ഗോലാനി ബ്രിഗേഡിൻ്റെ പരിശീലന താവളത്തിലാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു. തെക്കൻ ലബനാനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ കരയാക്രമണവുമായി സൈന്യം മുന്നോട്ടുപോവുന്നതിനിടയിലും ഇസ്രായേലിനെ ആക്രമിക്കാനുള്ള തങ്ങളുടെ കഴിവിൻ്റെ തെളിവാണ് ഈ ആക്രമണമെന്നും ഹിസ്ബുല്ല പ്രതികരിച്ചു.
ഹിസ്ബുല്ല ആക്രമണം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. മുന്നറിയിപ്പ് സംവിധാനങ്ങളൊക്കെ മറികടന്ന് ഒരു യുഎവിക്ക് എങ്ങനെ ഇസ്രായേലിൽ ആക്രമണം നടത്താൻ കഴിഞ്ഞെന്ന് തങ്ങൾ അന്വേഷിക്കുമെന്ന് ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. യുദ്ധത്തിൻ്റെ തുടക്കം മുതൽ യുഎവികൾ ഉയർത്തുന്ന ഭീഷണികൾ ഇസ്രായേൽ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഹഗാരി കൂട്ടിച്ചേർത്തു.
ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളുടെ പരാജയം ഹഗാരി സമ്മതിക്കുകയും ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ മെച്ചപ്പെട്ട സുരക്ഷ ഏർപ്പെടുത്തേണ്ടതുണ്ടെന്നും ഈ സംഭവത്തെ കുറിച്ച് അന്വേഷണത്തിനു ശേഷം കൂടുതൽ കാര്യങ്ങൾ പഠിക്കുകയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ഹഗാരി കൂട്ടിച്ചേർത്തു.
ആക്രമണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ഹിസ്ബുല്ല വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ കടലിൽ നിന്ന് ഇസ്രായേലി വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. രണ്ടും മിർസാദ് എന്നറിയപ്പെടുന്ന ഡ്രോണുകളായിരുന്നു. ഇറാനിൽ അബാബിൽ-ടി എന്നാണ് ഇതറിയപ്പെടുന്നത്.
ഡ്രോണിന് 120 കിലോമീറ്റർ ആക്രമണ ശ്രേണിയും മണിക്കൂറിൽ 370 കിലോമീറ്റർ വേഗതയും 40 കിലോഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ വഹിക്കാനുള്ള ശേഷിയും 3,000 മീറ്റർ വരെ ഉയരത്തിൽ പറക്കാനുള്ള കഴിവുമുണ്ടെന്ന് വടക്കൻ മേഖലയിലെ സുരക്ഷാ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇസ്രയേലി ഗവേഷണ സ്ഥാപനമായ അൽമ സെൻ്റർ പറയുന്നു. അപ്രതീക്ഷിതമായുണ്ടായ ഡ്രോൺ ആക്രമണവും അത് തടയുന്നതിലുണ്ടായ വീഴ്ചയും ഇസ്രായേൽ സേനയെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Adjust Story Font
16