Quantcast

നൃത്തം ചെയ്യുന്നത് തുടരൂ; ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഢ്യവുമായി 'ഡാന്‍സ് ചിത്രം' പോസ്റ്റ് ചെയ്ത് ഹിലരി ക്ലിന്‍റണ്‍

സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ 2012ല്‍ കൊളംബിയയിലേക്കുള്ള യാത്രക്കിടെ ക്ലബില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നൃത്തം ചെയ്യുന്ന തന്‍റെ ഫോട്ടോയാണ് ഹിലരി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 Aug 2022 6:52 AM GMT

നൃത്തം ചെയ്യുന്നത് തുടരൂ; ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഢ്യവുമായി ഡാന്‍സ് ചിത്രം പോസ്റ്റ് ചെയ്ത് ഹിലരി ക്ലിന്‍റണ്‍
X

വാഷിംഗ്ടണ്‍: സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ആടിപ്പാടുന്ന ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍റെ വീഡിയോ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നൃത്തം ചെയ്യുന്ന സന്നയുടെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ രാജ്യത്ത് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. രാജ്യം ഭരിക്കാതെ പ്രധാനമന്ത്രി പാര്‍ട്ടി നടത്തുകയാണെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ സന്നക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണ്‍.

യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ 2012ല്‍ കൊളംബിയയിലേക്കുള്ള യാത്രക്കിടെ ക്ലബില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നൃത്തം ചെയ്യുന്ന തന്‍റെ ഫോട്ടോയാണ് ഹിലരി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'നൃത്തം ചെയ്യുന്നത് തുടരൂ, സന്ന മറിന്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 'നന്ദി ഹിലരി ക്ലിന്‍ണ്‍' എന്ന് മരിന്‍ ട്വീറ്റിന് മറുപടിയും നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കള്‍ക്കും സെലിബ്രിറ്റികള്‍ക്കുമൊപ്പം ഡാന്‍സ് ചെയ്യുന്ന സന്നയുടെ വീഡിയോ കഴിഞ്ഞ ആഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ സന്നയും സുഹൃത്തുക്കളും മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് നൃത്തം ചെയ്യുന്നതെന്ന് ചിലര്‍ ആരോപിച്ചു. എന്നാല്‍ സന്ന ഈ ആരോപണങ്ങളെയെല്ലാം ശക്തമായി നിഷേധിക്കുകയും ചെയ്തിരുന്നു. അതിനിടെ രാജ്യത്തോട് ക്ഷമ പറയുകയും ചെയ്തിരുന്നു. വിമര്‍ശനങ്ങള്‍ കടുത്തപ്പോള്‍ സ്വമേധയാ അവര്‍ മയക്കുമരുന്ന് പരിശോധനക്ക് വിധേയയാവുകയും ചെയ്തു. എന്നാല്‍ ഫലം നെഗറ്റീവായിരുന്നു.

തന്‍റെ സ്വകാര്യജീവിതത്തിലേക്ക് ആളുകള്‍ കടന്നുകയറുന്നതിനെതിരെ സന്ന പ്രതികരിച്ചിരുന്നു.'' "ഞാനൊരു മനുഷ്യനാണ്. ഈ ഇരുണ്ട സാഹചര്യങ്ങള്‍ക്കിടയില്‍ കുറച്ച് സന്തോഷത്തിനും വെളിച്ചത്തിനും വിനോദത്തിനും വേണ്ടി ഞാനും പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ഇത് തീര്‍ത്തും സ്വകാര്യമായ കാര്യമാണ്, സന്തോഷമാണ്, ജീവിതമാണ്. പക്ഷെ എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു ദിവസം പോലും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച എന്‍റെ ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒഴിവുസമയങ്ങളില്‍ നമ്മള്‍ എന്താണ് ചെയ്യുന്നത് എന്നതിനേക്കാള്‍ ജോലി സമയത്ത് നമ്മള്‍ എന്താണ് ചെയ്യുന്നത് എന്ന് ആളുകള്‍ നോക്കുമെന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്," ഫിന്‍ലാന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയിലെ ലാഹ്തി സിറ്റിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എസ്.ഡി.പി) പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സന്ന മരിന്‍ പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഫിൻ‌ലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് 36 കാരിയായ മരിന്‍.

TAGS :

Next Story