Quantcast

നമസ്‌കാരത്തിനിടയിലേക്ക് 'ജയ് ശ്രീറാം' വിളിച്ച് പ്രകടനം; ബ്രിട്ടനിലെ ലെസ്റ്ററിൽ സാമുദായിക സംഘർഷം

ആഗസ്റ്റ് 28ന് നടന്ന ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരത്തിനുശേഷം നടന്ന അക്രമങ്ങളാണ് സാമുദായിക സംഘര്‍ഷത്തില്‍ കലാശിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-09-18 16:24:50.0

Published:

18 Sep 2022 4:23 PM GMT

നമസ്‌കാരത്തിനിടയിലേക്ക് ജയ് ശ്രീറാം വിളിച്ച് പ്രകടനം; ബ്രിട്ടനിലെ ലെസ്റ്ററിൽ സാമുദായിക സംഘർഷം
X

ലണ്ടൻ: ബ്രിട്ടീഷ് നഗരമായ ലെസ്റ്ററിൽ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ സംഘർഷം. ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനു ശേഷം നടന്ന അക്രമസംഭവങ്ങളാണ് സാമുദായിക ലഹളയിലേക്ക് നയിച്ചത്. സമാധാന ആഹ്വാനവുമായി പൊലീസും ഭരണാധികാരികളും രംഗത്തെത്തിയ ശേഷവും തെരുവിൽ അക്രമം തുടരുകയാണ്. ഇതോടെ പൊലീസ് നേരിട്ടിറങ്ങി അക്രമികളെ അടിച്ചോടിക്കുകയായിരുന്നു.

ആഗസ്റ്റ് 28ന് നടന്ന ഇന്ത്യ-പാക് മത്സരത്തിനുശേഷമായിരുന്നു ഒരു സംഘം അക്രമം അഴിച്ചുവിട്ടത്. സംഭവം പ്രദേശത്ത് വൻസംഘർഷത്തിനിടയാക്കി. ഇതിനിടെയാണ് നമസ്‌കാരത്തിനിടയിലേക്ക് 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി ഒരു വിഭാഗം പ്രകടനവുമായെത്തിയത്. ഇതോടെ സ്ഥിതിഗതികൾ വഷളാകുകയായിരുന്നു.

നഗരത്തിൽ കൂട്ടംകൂടി നിൽക്കുന്നവരോട് താമസസ്ഥലങ്ങളിലേക്ക് തിരിച്ചുപോകാൻ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. സാമൂഹിക വിരുദ്ധ, കുറ്റകൃത്യ നിയമത്തിലെ 34, 35 വകുപ്പുകൾ പ്രകാരം പ്രത്യേകാധികാര പ്രയോഗത്തിലൂടെയാണ് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കൂടുതൽ പൊലീസിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ 27 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

എല്ലാവരും വീടുകളിലേക്ക് മടങ്ങണമെന്ന് ലെസ്റ്റർ ഈസ്റ്റ് എം.പി ക്ലൗഡിയ വെബ് നാട്ടുകാരോട് അപേക്ഷിച്ചു. നിങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ കുടുംബം ആശങ്കാകുലരായിരിക്കും. സമാധാനത്തിനു വേണ്ടി ആഹ്വാനം ചെയ്യുന്ന പൊലീസിന്റെ ഉപദേശം സ്വീകരിക്കാൻ തയാറാകണം. സമൂഹങ്ങൾക്കിടയിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ പരസ്പരം ആശയവിനിമയങ്ങൾ ശക്തിപ്പെടുത്തണമെന്നും ക്ലൗഡിയ വെബ് ട്വീറ്റ് ചെയ്തു.

Summary: Hindu-Muslim clash continues in wake of India Vs Pakistan, Asia Cup cricket match in Leicester, UK

TAGS :

Next Story