Quantcast

'ഹിസ്ബുല്ല തലവന്റെ നിയമനം താൽകാലികം മാത്രം'; ഉടൻ വധിക്കുമെന്ന് ഇസ്രായേൽ

നയീം ഖാസിമിന്റെ ഫോട്ടോ പങ്കുവെച്ച് ഇസ്രായേൽ പ്രതിരോധമന്ത്രിയുടെ കൊലവിളി

MediaOne Logo

Web Desk

  • Updated:

    2024-10-30 07:43:36.0

Published:

30 Oct 2024 7:41 AM GMT

ഹിസ്ബുല്ല തലവന്റെ  നിയമനം താൽകാലികം മാത്രം;  ഉടൻ വധിക്കുമെന്ന് ഇസ്രായേൽ
X

തെൽ അവീവ്: ഹസൻ നസ്‌റുല്ലയുടെ മരണശേഷം ഹിസബുല്ലയുടെ തലവനായി നിയമിച്ചത് നയീം ഖാസിമിനെയാണ്. എന്നാൽ പുതിയ തലവനെ ഉടൻ വധിക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രായേൽ.

നയീം ഖാസിമിൻ്റെ ഫോട്ടോ പങ്കുവെച്ച് ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് വധഭീഷണി മുഴക്കിയത്. 'താൽക്കാലിക നിയമനം മാത്രമാണിത്, അധികകാലം നിലനിൽക്കില്ല' എന്നാണ് ഫോട്ടോക്ക് ഗാലന്റ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്.

സെപ്തംബർ 27ലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹസൻ നസറുല്ലയുടെ മരണത്തിന് പിന്നാലെയാണ് നയീം ഖാസിമിനെ നേതാവായി ഹിസ്ബുല്ല തെരഞ്ഞെടുത്തത്.

നേരത്തേ സംഘടനയുടെ ഉപമേധാവിയായിരുന്നു ഷൈഖ് നയീം ഖാസിം. ഹിസ്ബുല്ലയുടെ തത്വങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് ഖാസിമിനെ പുതിയ തലവനായി തെരഞ്ഞെടുത്തതെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. സംഘടനയെ മൂന്ന് പതിറ്റാണ്ട് നയിച്ച ഹസൻ നസ്‌റുല്ലയുടെ വിയോഗത്തോടെ വലിയ നേതൃശൂന്യത ഹിസ്ബുല്ല നേരിടുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഇസ്രായേലുമായി കരയുദ്ധം ആരംഭിച്ചശേഷം. നസ്‌റുല്ലയുടെ ബന്ധുവായ ഹാഷിം സഫിയിദ്ദീൻ ഹിസ്ബുല്ലയുടെ നേതൃത്വത്തിൽ വരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഇദ്ദേഹത്തെയും ഇസ്രായേൽ കൊലപ്പെടുത്തുകയുണ്ടായി.


71കാരനും മതപണ്ഡിതനുമായ ഖാസിം ഹിസ്ബുല്ലയിലെ രണ്ടാമനായാണ് അറിയപ്പെട്ടിരുന്നത്. 1980കളുടെ തുടക്കത്തിൽ ഹിസ്ബുല്ല രൂപീകരിച്ചത് മുതൽ ഇദ്ദേഹം പ്രവർത്തനരംഗത്ത് സജീവമാണ്. ശിഈ രാഷ്ട്രീയ പ്രവർത്തനത്തിലും ഇദ്ദേഹത്തിന് വർഷങ്ങൾ നീണ്ട ചരിത്രമുണ്ട്. 2006ലെ ഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം നസ്‌റുല്ല ഒളിവിൽ പോയ ശേഷം ഹിസ്ബുല്ലക്ക് വേണ്ടി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത് ഖാസിമാണ്. നസ്‌റുല്ലയുടെ മരണശേഷം മൂന്ന് തവണ ഖാസിം ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇസ്രായേലിനെതിരെ പോരാടാനും വിജയിക്കാനും ഹിസ്ബുല്ല തയാറാണെന്ന് സെപ്റ്റംബർ 30ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

TAGS :

Next Story