Quantcast

തെൽഅവീവിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ; ഹിസ്ബുല്ല റോക്കറ്റ് വർഷത്തില്‍ ഹൈഫയിലും സഫദിലും പരിഭ്രാന്തി

കഴിഞ്ഞ ദിവസങ്ങളിൽ മാത്രം സഫദിനെ ലക്ഷ്യമിട്ട് 200 റോക്കറ്റുകൾ എത്തിയതായി മേയർ പറഞ്ഞു. ആക്രമണഭീഷണി നിലനിൽക്കുന്നതിനാൽ നാട്ടുകാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ നീക്കം നടക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-09-27 17:20:06.0

Published:

27 Sep 2024 12:40 PM GMT

Houthi ballistic missile strike on Tel Aviv and central Israel, Safed and haifa worries after rocket makes direct hit
X

തെൽഅവീവ്: ഹിസ്ബുല്ലയ്ക്കും ഇറാഖി സായുധസേനയ്ക്കും പുറമെ തെൽഅവീവ് ഉൾപ്പെടെയുള്ള മധ്യ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂതികളും. യമനിൽനിന്ന് തെൽഅവീവിനെ ലക്ഷ്യമിട്ട് ഹൂതി മിസൈലുകൾ എത്തിയതായി റിപ്പോർട്ട്. അതേസമയം, വടക്കൻ ഇസ്രായേൽ നഗരങ്ങളായ ഹൈഫയിലും സഫദിലുമെല്ലാം ഹിസ്ബുല്ലയുടെ റോക്കറ്റ് വർഷം ഇടതലവില്ലാതെ തുടരുകയാണ്. ഇവിടെ ഭീതിയോടെയാണു നാട്ടുകാർ വീടുകളിൽ കഴിയുന്നതെന്ന് ഇഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭൂതല ബാലിസ്റ്റിക് മിസൈലുകളാണ് തെൽഅവീവിനെയും മധ്യ ഇസ്രായേലിലെ മറ്റു നഗരങ്ങളെയും ലക്ഷ്യമിട്ട് എത്തിയതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ മിസൈൽ പ്രതിരോധ സംവിധാനം ഇതെല്ലാം നിർവീര്യമാക്കിയതായി ഐഡിഎഫ് അവകാശപ്പെട്ടു. അയേൺ ഡോമുകൾ തകർക്കുംമുൻപ് തന്നെ ഹൂതി മിസൈൽ തെൽഅവീവിൽ പതിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് 'അൽജസീറ' റിപ്പോർട്ട് ചെയ്തു. മിസൈൽ ശബ്ദം കേട്ട് ഭയന്നിരിക്കുന്ന നാട്ടുകാരെയും ദൃശ്യങ്ങളിൽ കാണാം.

വെള്ളിയാഴ്ച രാവിലെ മുതലാണ് ഹൂതികൾ ഇസ്രായേൽ നഗരങ്ങളിലേക്ക് മിസൈലുകൾ വിക്ഷേപിച്ചത്. ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമായ ഏരോ 3 ഉപയോഗിച്ച് രാജ്യാതിർത്തിക്കു പുറത്തുതന്നെ ഇവ തകർത്തെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. തകർന്ന മിസൈലുകളിൽനിന്നുള്ള അവശിഷ്ടങ്ങളിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയാണ് സൈറൺ മുഴക്കിയതെന്നും സൈന്യം വാദിച്ചു.

അതിനിടെ, വടക്കൻ നഗരങ്ങളായ ഫൈഹയെയും സഫദിനെയും ഗലീലി സമുദ്രതീരനഗരമായ തിബെര്യാസിനെയും ലക്ഷ്യമിട്ട് ആക്രമണം കടുപ്പിക്കുകയാണ് ഹിസ്ബുല്ല. വെള്ളിയാഴ്ച രാവിലെ മുതൽ ഇവിടങ്ങളിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ച് സൈറണുകൾ മുഴങ്ങുന്നുണ്ട്. ഗലീലി കടലിലൂടെയും ഗോലാൻ കുന്നിലൂടെയുമെല്ലാമാണ് ഈ മേഖലകളിലേക്ക് റോക്കറ്റുകളും മിസൈലുകളും വർഷിക്കുന്നത്. പത്ത് റോക്കറ്റുകൾ ഇന്ന് ഹൈഫ ലക്ഷ്യമാക്കി എത്തിയതായി ഐഡിഎഫ് പറയുന്നു. ഇവയിൽ ചിലത് തകർത്തു. മറ്റുള്ളവ ആളൊഴിഞ്ഞ ഭൂമിയിലാണ് പതിച്ചതെന്നും സൈനിക വക്താവ് വാദിച്ചു.

എന്നാൽ, ആക്രമണത്തിൽ ഏതാനും പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ മാധ്യമമായ 'വൈ നെറ്റ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. ഹൈഫയിലെ കിർയത് ഹൈമിൽ ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലാണ് റോക്കറ്റുകൾ പതിച്ചത്. ഇതിലാണു രണ്ടുപേർക്ക് പരിക്കേറ്റത്. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

പ്രദേശത്തെ തടാകത്തിൽനിന്ന് അഞ്ച് റോക്കറ്റുകൾ ലഭിച്ചതായി തിബെര്യാസ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഗലീലി കടലിലും ചില റോക്കറ്റുകൾ പതിച്ചു. കരയിൽനിന്ന് ഏതാനും മീറ്ററുകൾ അകലെയാണ് റോക്കറ്റ് തകർന്നുവീണതെന്നും ഇതിനാൽ ആളപായമുണ്ടായില്ലെന്നുമാണ് മുനിസിപ്പാലിറ്റി മേയർ യോസി നവ അറിയിച്ചത്.

സഫദിൽ 80 ശതമാനം വീടുകളും സുരക്ഷിതമല്ലെന്നാണ് വൈ നെറ്റ് ന്യൂസ് തദ്ദേശീയരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. ഇവിടെ നിരന്തരം റോക്കറ്റ് ആക്രമണം നടക്കുന്നതിനാൽ നാട്ടുകാർ ഭീതിയോടെയാണു കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ വീടുകളും തകർന്നിട്ടുണ്ട്. വീട്ടുകാർ സ്ഥലത്തില്ലാത്തതിനാലാണ് ആളപായമില്ലാതിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 200 റോക്കറ്റുകൾ സഫദിലെത്തിയതായി മേയർ സോയി കാകോൻ പറയുന്നു. ആക്രമണഭീഷണി നിലനിൽക്കുന്നതിനാൽ നാട്ടുകാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ നീക്കം നടത്തുകയാണ് നഗരസഭാ ഭരണകൂടം.

Summary: Houthi ballistic missile strike on Tel Aviv and central Israel, Safed and Haifa worries after Hezbollah rocket makes direct hit

TAGS :

Next Story