യമൻ ഫുട്‌ബോൾ ടീമിന്റെ വിജയാഘോഷം ഇസ്രായേൽ കപ്പലിൽ; ഗംഭീര വരവേൽപ്പിന് ഹൂതികൾ
കഴിഞ്ഞ മാസം പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലാണ് വെസ്റ്റ് ഏഷ്യൻ ഫെഡറേഷൻ ജൂനിയർ ചാംപ്യൻഷിപ്പ് നേടിയ ടീമിന് സ്വീകരണം പ്രഖ്യാപിച്ചിരിക്കുന്നത്
കഴിഞ്ഞ മാസം ഹൂതികള്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ചരക്കുകപ്പല്‍ ഗ്യാലക്സി ലീഡര്‍
സൻആ: യമൻ ഫുട്‌ബോൾ ടീമിന്റെ വിജയം ഇസ്രായേൽ കപ്പലിൽ ആഘോഷിക്കാൻ ഹൂതികൾ. വെസ്റ്റ് ഏഷ്യൻ ഫെഡറേഷൻ ജൂനിയർ ചാംപ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ അൽഅഹ്മർ അൽയമനിയുടെ വിജയാഘോഷമാണ് കഴിഞ്ഞ മാസം പിടിച്ചെടുത്ത ഇസ്രായേൽ ചരക്കുകപ്പലിൽ നടത്തുമെന്നു പ്രഖ്യാപനം വന്നിരിക്കുന്നത്. ഹൂതി ഭരണകൂടത്തിലെ യുവജന-കായിക മന്ത്രാലയമാണ് സ്വീകരണം ഒരുക്കുന്നത്.
ഡിസംബർ 20ന് ഒമാൻ നഗരമായ സലാലയിലെ അൽസാദ കോംപ്ലക്‌സിലായിരുന്നു കലാശപ്പോരാട്ടം നടന്നത്. സൗദി അറേബ്യയായിരുന്നു യമനിന്റെ ദേശീയ ജൂനിയർ ടീമിന്റെ എതിരാളികൾ. നിശ്ചിതസമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു യമൻ കൗമാരപ്പടയുടെ കിരീടധാരണം.
ടീമിന് അർഹിച്ച സ്വീകരണമായിരിക്കും ഒരുക്കുകയെന്ന് ഹൂതി സുപ്രിം റെവല്യൂഷനറി കമ്മിറ്റിയുടെ മുൻ തലവനും സുപ്രിം പൊളിറ്റിക്കൽ കൗൺസിൽ അംഗവുമായ മുഹമ്മദ് അലി അൽഹൂതി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ഹൂതികൾ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലായ ഗ്യാലക്‌സി ലീഡർ ആണ് ആഘോഷപരിപാടികളുട വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നവംബർ 19നാണ് കപ്പൽ പിടിയിലായത്. ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേൽ ബന്ധമുള്ള മുഴുവൻ കപ്പലും പിടിച്ചെടുക്കുമെന്ന് നേരത്തെ ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ചെങ്കടലിലെ പ്രധാന തുറമുഖ നഗരങ്ങളിലൊന്നും യമൻ നഗരവുമായ അൽഹുദൈദയിലാണ് നിലവിൽ ചരക്കുകപ്പലുള്ളത്. യമൻ-ഫലസ്തീൻ പതാകൾ കെട്ടിയ കപ്പൽ ഇപ്പോൾ വിനോദസഞ്ചാരികളുടെ ആകർഷകകേന്ദ്രം കൂടിയായി മാറിയിട്ടുണ്ട് ഇപ്പോൾ.
അതിനിടെ, ഹൂതി ആക്രമണത്തിൽനിന്ന് കപ്പലുകൾക്കു സംരക്ഷണമൊരുക്കാൻ യു.എസ് പുതിയ സഖ്യ നാവികസേന രൂപീകരിച്ചിട്ടുണ്ട്. ഇതിനുപിറകെയും ഇസ്രായേൽ കപ്പലുകൾക്കുനേരെ ആക്രമണം നിർത്തില്ലെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്കടൽവഴിയുള്ള ചരക്കുകടത്തിനു തടസം നേരിട്ടതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇസ്രായേൽ സാമ്പത്തികരംഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്തെ മുഴുവൻ തങ്ങൾക്കെതിരെ തിരിക്കാൻ യു.എസിനു സാധിച്ചാലും ഇസ്രായേൽ ഗസ്സയിലെ ആക്രമണം നിർത്താതെ പിന്തിരിയില്ലെന്ന് മുതിർന്ന മുതിർന്ന ഹൂതി നേതാവ് മുഹമ്മദ് അൽബുഖൈത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
Summary: Yemen's Houthis are preparing to celebrate victory by the country's junior national football team, Al-Ahmar Al-Yamani, against Saudi Arabia at the final of the West Asian Federation Junior Championship in Oman. the celebration is set on the Israel-linked Galaxy Leader vessel, which was seized by the rebels last month
Adjust Story Font
16