Quantcast

ബെര്‍ലിനിലെ കൂറ്റന്‍ അക്വേറിയം തകര്‍ന്നു; 1500 ഓളം മത്സ്യങ്ങള്‍ റോഡില്‍

പൊട്ടിത്തെറി പ്രദേശത്ത് ചെറിയൊരു വെള്ളപ്പൊക്കം തന്നെ സൃഷ്ടിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-17 06:14:59.0

Published:

17 Dec 2022 5:55 AM GMT

ബെര്‍ലിനിലെ കൂറ്റന്‍ അക്വേറിയം തകര്‍ന്നു; 1500 ഓളം മത്സ്യങ്ങള്‍ റോഡില്‍
X

ബെര്‍ലിന്‍: ജർമ്മൻ തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്തുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അക്വേറിയം പൊട്ടിത്തെറിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പൊട്ടിത്തെറി പ്രദേശത്ത് ചെറിയൊരു വെള്ളപ്പൊക്കം തന്നെ സൃഷ്ടിച്ചു. അക്വേറിയത്തിലുണ്ടായിരുന്ന മീനുകളും പുറത്തുചാടി റോഡിലേക്കൊഴുകി.


ഒരു ദശലക്ഷം ലിറ്റര്‍ വെള്ളമാണ് അക്വേറിയത്തില്‍ നിന്നും പുറത്തേക്ക് ഒഴുകിയത്. ഒരു ഹോട്ടല്‍,കഫേകള്‍, ചോക്ലേറ്റ് സ്റ്റോര്‍ എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തിന്‍റെ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രണ്ട് പേർക്ക് നിസാര പരിക്കേറ്റതായി ബർലിൻ അഗ്നിശമനസേന അറിയിച്ചു. പൊട്ടിത്തെറിക്ക് കാരണം വ്യക്തമല്ലെന്ന് അക്വാഡോമിന്‍റെ ഉടമസ്ഥത വഹിക്കുന്ന കമ്പനിയായ യൂണിയൻ ഇൻവെസ്റ്റ്‌മെന്‍റ് റിയൽ എസ്റ്റേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. അക്വേറിയം പൊട്ടിയത് 'സുനാമി'സൃഷ്ടിച്ചെങ്കിലും അതിരാവിലെയായതിനാല്‍ വലിയ അപകടമൊന്നുമുണ്ടായില്ലെന്ന് മേയർ ഫ്രാൻസിസ്ക ഗിഫി പറഞ്ഞു.''നാശനഷ്ടങ്ങളുണ്ടായെങ്കിലും ഞങ്ങള്‍ ഭാഗ്യവാന്‍മാരാണെന്ന് തോന്നുന്നു. ഒരു മണിക്കൂറിന് ശേഷമാണ് അതു സംഭവിച്ചതെങ്കില്‍ ജീവഹാനി ഉണ്ടാകുമായിരുന്നുവെന്ന് '' ഗിഫി കൂട്ടിച്ചേര്‍ത്തു.


82 അടി ഉയരമുള്ള അക്വേറിയത്തെ ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടര്‍ ടാങ്ക് എന്നാണ് അക്വാഡോമിന്‍റെ വെബ്സൈറ്റ് വിശേഷിപ്പിച്ചത്. എന്നാല്‍ 46 അടിയാണ് ഉയരമെന്ന് യൂണിയൻ ഇൻവെസ്റ്റ്‌മെന്‍റ് റിയൽ എസ്റ്റേറ്റ് വെള്ളിയാഴ്ച വ്യക്തമാക്കി. രാത്രിയിലെ കൊടുംതണുപ്പുമൂലം ടാങ്കിന്‍റെ ചില്ലു ഭിത്തി വിണ്ടുകീറിയതാകാമെന്നാണ് നിഗമനം. ടാങ്കിലുണ്ടായിരുന്ന 1500 മത്സ്യങ്ങളില്‍ എതാണ്ട് എല്ലാം ചത്തുവെന്ന് ബെർലിൻ മിറ്റെ ഡിസ്ട്രിക്ട് ഗവൺമെന്‍റ് ട്വീറ്റ് ചെയ്തു. 80 ഇനം മത്സ്യങ്ങളിൽ ബ്ലൂ ടാംഗും ക്ലോൺഫിഷും ഉൾപ്പെടുന്നു.


ഹോട്ടൽ ലോബിയുടെ കീഴിലുള്ള പ്രത്യേക അക്വേറിയത്തിൽ നിന്ന് 400 മുതൽ 500 വരെ ചെറിയ മത്സ്യങ്ങളെ പുറത്തെടുക്കാൻ മൃഗഡോക്ടർമാരും ഫയർ സർവീസ് ഓഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും ഉച്ചക്ക് ശേഷവും ശ്രമിച്ചുകൊണ്ടിരുന്നു. "1,500 മത്സ്യങ്ങൾ അതിജീവിക്കാൻ സാധ്യതയില്ല എന്നത് വലിയ ദുരന്തമാണ്," ബെർലിനിലെ മിറ്റെ ജില്ലയുടെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ ചുമതലയുള്ള സിറ്റി ഉദ്യോഗസ്ഥനായ അൽമുട്ട് ന്യൂമാൻ പറഞ്ഞു. ബർലിൻ മൃഗശാല ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ രക്ഷപ്പെട്ട മത്സ്യങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.



TAGS :

Next Story