'എനിക്ക് ശ്വസിക്കാനാവുന്നില്ല'; അമേരിക്കയിൽ വീണ്ടും ജോർജ് ഫ്‌ളോയ്ഡ് മോഡൽ കൊല; കറുത്തവർഗക്കാരനെ മർദിച്ച് കൊന്ന് പൊലീസ്
ഒരു കാർ അപകടവുമായി ബന്ധപ്പെട്ടാണ് ഫ്രാങ്ക് ടൈസണെ തേടി ഉദ്യോഗസ്ഥർ എത്തിയത്.
ഓഹിയോ: 'അവരെന്നെ കൊല്ലാൻ നോക്കി... എനിക്ക് ശ്വാസം വിടാൻ പോലും സാധിച്ചില്ല'- അമേരിക്കയിൽ വീണ്ടും പൊലീസിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട കറുത്ത വർഗക്കാരന്റെ അവസാന വാക്കുകളാണ്. തല താഴേക്ക് കുത്തിപ്പിടിച്ച് മർദിക്കുകയും ശ്വാസം വിടാൻ പോലും സാധിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് 53കാരനായ ഫ്രാങ്ക് ടൈസണാണ് മരിച്ചത്. ഓഹിയോയിലെ കാന്റണിൽ ഏപ്രിൽ 18നാണ് സംഭവം.
ക്രൂരത പൊലീസ് തന്നെയാണ് ക്യാമറയിൽ പകർത്തി പുറത്തുവിട്ടത്. ഇത് പുറത്തുവന്നത് മുതൽ വ്യാപക വിമർശനമാണ് പൊലീസുകാർക്കെതിരെ ഉയർന്നത്. 2020ലെ ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകമാണ് ഓർമ വന്നതെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
കാൻ്റൺ പൊലീസ് ഡിപ്പാർട്ട്‌മെൻ്റാണ് ഫ്രാങ്ക് ടൈസൺൻ്റെ മരണത്തിന് മുമ്പുള്ള വീഡിയോ പുറത്തുവിട്ടത്. ഒരു കാർ അപകടവുമായി ബന്ധപ്പെട്ടാണ് ഫ്രാങ്ക് ടൈസണെ തേടി ഉദ്യോഗസ്ഥർ എത്തിയത്. ഒരു ബാറിനുള്ളിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ പിടികൂടുകയും കുനിച്ചുനിർത്തിയടക്കം മർദിക്കുകയുമായിരുന്നു.
അറസ്റ്റിനെ എതിർത്ത ടൈസനെ ഉദ്യോഗസ്ഥർ തറയിലേക്ക് വലിച്ചിട്ട് മർദിച്ചു. 'എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല' എന്ന് പലതവണ പറഞ്ഞിട്ടും ടൈസനെ ഒരു ഉദ്യോഗസ്ഥൻ കഴുത്തിൽ അമർത്തിപ്പിടിക്കുകയും മറ്റൊരാൾ കൈയിൽ വിലങ്ങണിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. മർദന ശേഷം കുഴപ്പമില്ലല്ലോ എന്ന് പൊലീസ് ഇദ്ദേഹത്തോട് ചോദിക്കുകയും എഴുന്നേൽക്കാൻ പറയുന്നതും കേൾക്കാം.
കുറച്ച് സമയത്തിനു ശേഷം, അദ്ദേഹം പ്രതികരിക്കുന്നില്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ സിപിആർ നൽകി. പാരാമെഡിക്കൽ ജീവനക്കാർ സ്ഥലത്തെത്തി ടൈസണെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പിന്നീട് മരിച്ചു.
സംഭവത്തിൽ ഓഹിയോ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരെ മേലുദ്യോഗസ്ഥർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. ബ്യൂ ഷോനെഗെ, കാംഡൻ ബർച്ച് എന്നിവരാണ് കുറ്റക്കാരായ ഉദ്യോഗസ്ഥർ. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇനിയും വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
2020 മെയ് 25നാണ് യുഎസിലെ മിനസോട്ടയിലെ മിനിയാപോളിസ് നഗരത്തിൽ, വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ജോർജ് ഫ്ലോയിഡെന്ന കറുത്തവർഗക്കാരനെ റോഡിൽ കിടത്തി കഴുത്തിൽ കാലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഫ്ലോയ്‍ഡിന്റെ കഴുത്തിൽ മുട്ടുകുത്തി എട്ട് മിനുട്ടും 46 സെക്കന്‍റും ഡെറെക് ഷോവിൻ എന്ന പൊലീസ് ഓഫീസര്‍ ഞെരുക്കിയിരുന്നുവെന്നും ശ്വസിക്കാൻ കഴിയാതെയാണ് അദ്ദേഹം മരിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ഇദ്ദേഹത്തിൻ്റെ മുഖം റോഡിൽ ചേർന്നു കിടക്കുകയായിരുന്നു. ആഗോള രോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയ ഈ സംഭവത്തിനു ശേഷവും യു.എസ് പൊലീസ് ഇതേ രീതിയിലുള്ള ആക്രമണങ്ങൾ ആവർത്തിച്ചിരുന്നു. അതേ വർഷം തന്നെ ഒരു ഇന്ത്യക്കാരനും 2022ൽ മറ്റൊരു യുവാവിനേയും സമാന രീതിയിൽ പൊലീസ് മർദിച്ചിരുന്നു.
Adjust Story Font
16