Quantcast

''എന്തുകൊണ്ട് 'ലിവിങ് ടുഗെദർ' തിരഞ്ഞെടുത്തില്ല?'' വിമർശങ്ങളോട് പ്രതികരിച്ച് മലാല

കഴിഞ്ഞയാഴ്ചയാണ് ഇംഗ്ലണ്ടിലെ ബിർമിങ്ങാമിൽ നടന്ന ലളിതമായ ചടങ്ങിൽ മലാലയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ജനറൽ മാനേജറുമായ അസർ മാലിക്കും തമ്മിലുള്ള നിക്കാഹ് നടന്നത്

MediaOne Logo

Web Desk

  • Published:

    15 Nov 2021 2:08 PM GMT

എന്തുകൊണ്ട് ലിവിങ് ടുഗെദർ തിരഞ്ഞെടുത്തില്ല? വിമർശങ്ങളോട് പ്രതികരിച്ച് മലാല
X

വിവാഹത്തിനെതിരായ വിമർശങ്ങളോട് പ്രതികരിച്ച് നൊബേൽ ജേതാവ് മലാല യൂസുഫ് സായി. താൻ ഒരിക്കലും വിവാഹത്തിനെതിരായിരുന്നില്ലെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ മലാല വ്യക്തമാക്കി. പുരുഷ മേധാവിത്വവും സ്ത്രീവിരുദ്ധതയും കാരണമുള്ള ആശങ്കകൾ മാത്രമാണ് തനിക്കുണ്ടായിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള വാർത്തകളും പുരുഷന്മാരെക്കാളും സ്ത്രീകൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്ന സാമൂഹിക സാഹചര്യവുമെല്ലാം കാരണം ലോകത്തെങ്ങുമുള്ള പെൺകുട്ടികൾ സൂക്ഷിച്ചുമാത്രമേ വിവാഹത്തിലേക്ക് കടക്കൂ. നമ്മളിപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സംവിധാനങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്. നിലവിലെ സാഹചര്യങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഭാഗ്യവശാൽ, എന്റെ മൂല്യങ്ങളെല്ലാം മനസിലാക്കുന്ന ഒരു ഭർത്താവിനെയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്-അഭിമുഖത്തിൽ മലാല പറഞ്ഞു. നർമബോധമുള്ളയാളാണ് അസറെന്നും തങ്ങൾ തമ്മിൽ ഒരുപാട് വിഷയങ്ങളിൽ സാമ്യതകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


കഴിഞ്ഞയാഴ്ചയാണ് ഇംഗ്ലണ്ടിലെ ബിർമിങ്ങാമിൽ നടന്ന ലളിതമായ ചടങ്ങിൽ മലാലയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ജനറൽ മാനേജറുമായ അസർ മാലിക്കും തമ്മിലുള്ള നിക്കാഹ് നടന്നത്. മലാല തന്നെ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. എന്നാൽ, വാർത്ത പുറത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശമാണ് മലാലക്കെതിരെ വന്നത്. നേരത്തെ, ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ എടുത്തായിരുന്നു എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ അടക്കമുള്ള പ്രമുഖർ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചത്.

എന്തിനാണ് ആളുകളിങ്ങനെ വിവാഹം കഴിക്കുന്നതെന്ന് തനിക്ക് ഇപ്പോഴും മനസിലാകുന്നില്ലെന്നായിരുന്നു വോഗ് അഭിമുഖത്തിൽ മലാല പറഞ്ഞത്. ഒരാളെ ജീവിതത്തിൽ കൂടെക്കൂട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തിനാണ് വിവാഹപത്രങ്ങളെന്നും കൂടെയങ്ങ് ജീവിച്ചാൽ പോരേയെന്നും അവർ ചോദിച്ചിരുന്നു.

Summary: 'I had concerns about marriage', Malala Yousafzai responds to criticisms to her Nikah with Asser Malik

TAGS :

Next Story