'ട്രംപിനെ തോല്പിക്കാമായിരുന്നു, പിന്മാറിയത് പാർട്ടിയുടെ ഐക്യം സംരക്ഷിക്കാൻ'; ജോ ബൈഡൻ
പിന്മാറ്റത്തിൽ ഖേദിക്കുന്നില്ലെന്നും ബൈഡൻ
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയില്ലായിരുന്നുവെങ്കിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നുവെന്ന് ജോ ബൈഡൻ. ഡെമോക്രാറ്റിക് പാർട്ടിയിലെ ഐക്യം നിലനിർത്താനാണ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. പിന്മാറ്റത്തിൽ ഖേദിക്കുന്നില്ലെന്നും ബൈഡൻ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ബൈഡന്റെ പരാമർശം.
"എനിക്ക് ട്രംപിനെ തോല്പിക്കാമായിരുന്നു, കമലക്കും ട്രംപിനെ തോൽപ്പിക്കാൻ സാധിക്കുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. വീണ്ടും വിജയിക്കാമെന്ന് തോന്നിയിരുന്നെങ്കിലും, പാർട്ടിയെ ഏകീകരിക്കുന്നതാണ് നല്ലതെന്ന് ഞാൻ വിശ്വസിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പ്രസിഡൻ്റായത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നു, പക്ഷേ പാർട്ടിയെ ഭിന്നിപ്പിച്ച് കൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല," ബൈഡൻ വ്യക്തമാക്കി.
2024 ജൂലൈലാണ് ജോ ബൈഡൻ അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി സ്ഥാനത്ത് നിന്ന് പിന്മാറിയത്. പിന്നാലെ വൈസ് പ്രസിഡന്റ് കമല ഹാരിസ് സ്ഥാനാർത്ഥിയായി. പ്രസിഡൻഷ്യൽ ഡിബൈറ്റിലെ മോശം പ്രകടനവും പ്രായാധിക്യം കാരണമുള്ള ആരോഗ്യ പ്രശ്ങ്ങളുമായിരുന്നു ബൈഡന്റെ പിന്മാറ്റത്തിന് പിന്നിൽ. ഡെമോക്രറ്റിക് പാർട്ടിയിൽ നിന്ന് തന്നെ ബൈഡനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കമല ഹാരിസിനെ പരാജയപ്പെടുത്തി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഈ മാസം 20 നാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുക.
Adjust Story Font
16