Quantcast

ഹമാസിനെ തകര്‍ക്കാന്‍ പുതിയ അടവുമായി ഇസ്രായേല്‍; തുരങ്കങ്ങളിലേക്ക് കടല്‍ വെള്ളം അടിച്ചുകയറ്റാന്‍ തുടങ്ങി

തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്യാന്‍ ഇസ്രായേല്‍ ആലോചിക്കുന്നതായി ഈ മാസം ആദ്യം ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-13 05:39:53.0

Published:

13 Dec 2023 5:25 AM GMT

A Hamas tunnel discovered by IDF troops in northern Gazas Salatin
X

തെല്‍ അവിവ്: ഹമാസിനെ തകര്‍ക്കാന്‍ പതിനെട്ടാമത്തെ അടവുമായി ഇസ്രായേല്‍. ഗസ്സയിലെ ഹമാസിന്‍റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്ക് ഇസ്രായേല്‍ പ്രതിരോധ സേന കടല്‍ ജലം പമ്പ് ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഹമാസിന്‍റെ ഭൂഗർഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും പോരാളികളെ പുകച്ചുപുറത്തുചാടിക്കുകയും ലക്ഷ്യമിട്ടാണ് ഐഡിഎഫിന്‍റെ പുതിയ തന്ത്രം.

ഇസ്രായേൽ സൈന്യം ഹമാസിന്‍റെ തുരങ്കങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഈ പ്രക്രിയയ്ക്ക് ആഴ്ചകളെടുക്കുമെന്ന് അവര്‍ കൂട്ടിച്ചേർത്തു. തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്യാന്‍ ഇസ്രായേല്‍ ആലോചിക്കുന്നതായി ഈ മാസം ആദ്യം ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി ഇസ്രായേൽ പ്രതിരോധ സേന ഗസ്സ സിറ്റിയിലെ അല്‍- ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപം അഞ്ച് വലിയ വാട്ടർ പമ്പുകൾ സ്ഥാപിച്ചു.മെഡിറ്ററേനിയന്‍ കടലില്‍ നിന്നും മണിക്കൂറില്‍ ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ വെള്ള തുരങ്കങ്ങളിലേക്ക് അടിച്ചുകയറ്റാനും ആഴ്ചകള്‍ക്കുള്ളില്‍ വെള്ളപ്പൊക്കമുണ്ടാക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

ഹമാസിന്‍റെ ബന്ദികളെയും യുദ്ധോപകരണങ്ങളെയും ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ വിശ്വസിക്കുന്ന തുരങ്കങ്ങൾ നശിപ്പിക്കാൻ ഈ പ്രക്രിയ സഹായിക്കുമെന്ന് ചില ബൈഡൻ ഭരണകൂട ഉദ്യോഗസ്ഥർ പറഞ്ഞതായി ജേര്‍ണൽ റിപ്പോർട്ട് ചെയ്തു. കടൽവെള്ളം ഗസ്സയുടെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ''തുരങ്കങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നത് ഒരു നല്ല ആശയമാണ്. പക്ഷെ അതിന്‍റെ പ്രത്യേകതകളെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല'' ഐഡിഎഫ് മേധാവി ഹെർസി ഹലേവി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തുരങ്കം നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സൈന്യം വിസമ്മതിച്ചു.

''ഈ തുരങ്കങ്ങളില്‍ ബന്ദികളെ ഒളിപ്പിച്ചിട്ടില്ലെന്ന വാദങ്ങളും നടക്കുന്നുണ്ട്. പക്ഷെ യാഥാര്‍ഥ്യമെന്താണെന്ന് എനിക്കറിയില്ല'' യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കിയുമായി വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഈ നീക്കം ഗസ്സയിലെ ഭൂഗർഭജലത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകി.കടല്‍ വെള്ളം തുരങ്കങ്ങളിലേക്ക് ഒഴുക്കിയാല്‍ ഗസ്സയിലെ വെള്ളത്തിനും മണ്ണിനുമുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചു വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ഈജിപ്ഷ്യന്‍ സൈന്യം ഗസ്സയുടെ തെക്കന്‍ അതിര്‍ത്തിക്ക് താഴെയുള്ള തുരങ്കങ്ങളില്‍ ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു. ഗസ്സയില്‍ ഇതിനോടകം 800ലധികം തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഐഡിഎഫ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതില്‍ 500 എണ്ണം സൈന്യം നശിപ്പിച്ചു.

IDF has begun pumping seawater into Hamas tunnels in Gaza

TAGS :

Next Story