റഫക്കു നേരെ ആക്രമണം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി
ആക്രമണം നടത്തും മുമ്പ് സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് യാതൊരു പദ്ധതിയും ഇസ്രായേൽ കൈമാറിയിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു
യോവ് ഗാലന്‍റ്
തെല്‍ അവിവ്: റഫക്കു നേരെ ആക്രമണം ആസന്നമാണെന്ന സൂചന നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്. ആക്രമണം നടത്തും മുമ്പ് സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് യാതൊരു പദ്ധതിയും ഇസ്രായേൽ കൈമാറിയിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ നിർദേശം ഹമാസിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഫക്കു നേരെ ആക്രമണം നടത്താനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. ഒക്ടോബർ ഏഴിന്‍റെ കുറ്റകൃത്യത്തിൽ പങ്കുചേർന്ന മുഴുവൻ പേരെയും ഗസ്സയിലും പുറത്തും ഉൻമൂലനം ചെയ്യുമെന്ന് ഗാലന്റ് പറഞ്ഞു. ലക്ഷങ്ങൾ അധിവസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം വലിയ മാനുഷിക ദുരന്തത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക. സിവിലിയൻ സുരക്ഷക്ക് കൃത്യമായ പദ്ധതി കാണാതെ ആക്രമണത്തിന് തുനിയരുതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും വ്യക്തമാക്കി. എന്നാൽ അത്തരം ഒരു പദ്ധതി ഇതുവരെയും ഇസ്രായേൽ നൽകിയിട്ടില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഗസ്സയിലേക്ക് കൂടുതൽ സഹായം ഉറപ്പാക്കാനും ബന്ദിമോചനത്തിനും താൽക്കാലിക വെടിനിർത്തൽ ആവശ്യമാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. എന്നാൽ പുതിയ വെടിനിർത്തൽ കരാർ നിർദേശം ഹമാസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നതായും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
ഗസ്സയിലേക്ക് കൂടുതൽ സഹായം കൈമാറണമെന്ന ലോകരാജ്യങ്ങളുടെ അഭ്യർഥന ഇനിയും ഫലം കണ്ടില്ല. വടക്കൻ ഗസ്സയിൽ പട്ടിണി കൂടുതൽ വ്യാപകം. പോഷകാഹാര കുറവും നിർജലീകരണവും മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. എയർഡ്രോപ്പും സമുദ്രം വഴിയുമുള്ള ഭക്ഷ്യസഹായവും ഗസ്സയുടെ ദുരിതം അകറ്റാൻ പര്യാപ്തമല്ലെന്ന് ബ്രിട്ടൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വ്യക്തമാക്കി. അതേ സമയം താൽക്കാലിക തുറമുഖത്തിന് രൂപം നൽകി സഹായം ലഭ്യമാക്കാനുള്ള നീക്കത്തിന് ഖത്തർ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി അമേരിക്ക. തുറമുഖ നിർമാണത്തിന് സമയമെടുക്കുമെങ്കിലും കപ്പൽ മാർഗം സഹായ വിതരണത്തിനുള്ള നീക്കം ആരംഭിച്ചതായും വൈറ്റ്ഹൗസ്. കരമാർഗം കൂടുതൽ സഹായം ഗസ്സക്ക് കൈമാറാൻ യൂറോപ്യൻ യൂനിയനും മറ്റ് അഞ്ചു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
ഗസ്സയിൽ സ്വാധീനമുള്ള ചില കുടുംബങ്ങളെ കൂട്ടുപിടിച്ച് സഹായവിതരണത്തിന് ബദൽ സംവിധാനം ഒരുക്കാനുള്ള ഇസ്രായേൽ നീക്കം പരാജയപ്പെട്ടു. ഗസ്സയിലെ സർക്കാർ സംവിധാനവുമായല്ലാതെ ആരുമായും സഹകരിക്കില്ലെന്ന് കുടുംബങ്ങൾ അറിയിച്ചതോടെയാണിത്. ഇത്തരം കുൽസിത നീക്കങ്ങളിലൂടെ ഫലസ്തീൻ ജനതയിൽ വേർതിരിവുണ്ടാക്കാൻ കഴിയില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. റഫയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിനു നേർക്ക് നടന്ന ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ സഹായത്തിനു കാത്തുനിന്നവർക്കു നേരെ ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണത്തെ തുടർന്ന് രാത്രിയിലും ലബനനു നേർക്ക് ഇസ്രായേൽ വ്യോമാക്രമണമുണ്ടായി. യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യു.എസ് , ബ്രിട്ടീഷ് ആക്രമണം ഇന്നലെയും തുടർന്നു.
Adjust Story Font
16