Quantcast

സങ്കുചിത ദേശീയവാദം മാറ്റിവയ്ക്കണം; കോവിഡിനെ ഈ വർഷം കീഴടക്കാം- ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. ടെഡ്രോസ് അദാനോം

ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അസമത്വം അവസാനിപ്പിക്കാനാകുമെങ്കിൽ നമുക്ക് കോവിഡിനെയും ഇല്ലാതാക്കാനാകുമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. ടെഡ്രോസ് അദാനോം പുതുവത്സര സന്ദേശത്തിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Jan 2022 9:39 AM GMT

സങ്കുചിത ദേശീയവാദം മാറ്റിവയ്ക്കണം; കോവിഡിനെ ഈ വർഷം കീഴടക്കാം- ഡബ്ല്യുഎച്ച്ഒ മേധാവി ഡോ. ടെഡ്രോസ് അദാനോം
X

ഈ വർഷം കോവിഡ് മഹാമാരിയെ കീഴടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടനാ തലവൻ. ഇതിനായി സങ്കുചിത ദേശീയവാദവും വാക്‌സിൻ പൂഴ്ത്തിവയ്പ്പുമെല്ലാം നിർത്തണമെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ഡോ. ടെഡ്രോസ് അദാനോം ഗെബ്രെയേശു മുന്നറിയിപ്പ് നൽകി. പുതുവത്സര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സമത്വതത്വങ്ങളെല്ലാം അവഗണിച്ചാണ് ചില രാജ്യങ്ങൾ സങ്കുചിത ദേശീയവാദവും വാക്‌സിൻ പൂഴ്ത്തിവയ്പ്പുമെല്ലാം നടത്തുന്നത്. ഇതാണ് ഒമിക്രോൺ വകഭേദത്തിന്റെ ആവിർഭാവത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചത്. ഈ അസമത്വം തുടരുന്ന കാലത്തോളം നമുക്ക് പ്രവചിക്കാനോ തടയാനോ കഴിയാത്ത തരത്തിൽ വൈറസിന്റെ അപകടതോത് വർധിക്കാനും അത് ഇടയാക്കും-ടെഡ്രോസ് അദാനോം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

അസമത്വം അവസാനിപ്പിക്കുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയെയും ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ചികിത്സയ്ക്കായി നിരവധി മാർഗങ്ങളാണ് ഇപ്പോഴുള്ളത്. ആഗോളതലത്തിൽ കോവിഡ് വാക്‌സിനേഷൻ നിരക്ക് കുറവാണെന്ന കാര്യവും സന്ദേശത്തില്‍ ഡബ്ല്യുഎച്ച്ഒ മേധാവി സൂചിപ്പിച്ചു.

രണ്ടു വർഷം മുൻപാണ് ലോകത്ത് ആദ്യമായി ചൈനയിൽ കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത വിവരം ഡബ്ല്യുഎച്ച്ഒ സ്ഥിരീകരിക്കുന്നത്. നിലവിൽ 28 കോടിയാണ് ആഗോളതലത്തിൽ കോവിഡ് കേസുകളുടെ കണക്ക്. ഇതുവരെയായി വൈറസ് ബാധിച്ച് 55 ലക്ഷത്തോളം പേർ മരിക്കുകയും ചെയ്തു. യൂറോപ്പിലെയും അമേരിക്കയിലെയും മിക്ക രാജ്യങ്ങളിലും ഭൂരിഭാഗം ജനങ്ങളും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിൽ മറ്റിടങ്ങളിൽ പലയിടത്തും വാക്‌സിനേഷൻ പാതിഘട്ടം പോലും പിന്നിട്ടിട്ടില്ല. ഇതിനാൽ, അടുത്ത ജൂലൈക്കുള്ളിൽ മുഴുവൻ രാജ്യങ്ങളിലും 70 ശതമാനം ജനങ്ങൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന ലക്ഷ്യം ഡബ്ല്യുഎച്ച്ഒ നിശ്ചയിച്ചിട്ടുണ്ട്.

Summary: The World Health Organization (WHO) chief says he is optimistic that the coronavirus pandemic will be defeated in 2022, and asked to stop narrow nationalism and vaccine hoarding

TAGS :
Next Story