'ഇസ്രായേലുമായി യുദ്ധത്തിനിറങ്ങിയാൽ തോൽക്കും'; ഇറാന് യു.എസ് താക്കീത്
കൂടുതൽ യുദ്ധകപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനും അമേരിക്ക നടപടി തുടങ്ങി.
വാഷിങ്ടണ്‍: ഇസ്രായേലുമായി യുദ്ധത്തിനിറങ്ങിയാൽ പരാജയപ്പെടുമെന്ന് ഇറാന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ താക്കീത്. ഇസ്രായേൽ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി. കൂടുതൽ യുദ്ധകപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനും അമേരിക്ക നടപടി തുടങ്ങി. ഇറാനെ പിന്തിരിപ്പിക്കാൻ നയതന്ത്ര നീക്കവും ഊർജിതമാണ്. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധത്തിൽ ഇറാൻ വിജയിക്കില്ലെന്നുമാണ് വൈറ്റ്ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബൈഡന്റെ പ്രതികരണം. ഉടൻ ആക്രമണ സാധ്യതയുണ്ടെന്ന യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് മുൻനിർത്തി ഇസ്രായേലിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ മന്ത്രിമാരുമായി സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇറാൻ ആക്രമണത്തിന്റെ സ്വഭാവം നോക്കിയാകും ഇസ്രായേലിന്റെ തിരിച്ചടിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് സെൻട്രൽ കമാന്റ് മേധാവി കഴിഞ്ഞദിവസം ഇസ്രായേലിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സഖ്യരാജ്യങ്ങൾ മുഖേന ഇറാനെ പിന്തിരിപ്പിക്കാനുള്ള നയതന്ത്ര നീക്കവും അമേരിക്ക ശക്തമാക്കിയിട്ടുണ്ട്.
തുർക്കി, ചൈന, സൗദി അറേബ്യ, യു.എ.ഇ അടക്കം രാജ്യങ്ങളിലെ പ്രമുഖരുമായി ബന്ധപ്പെട്ട് ഇറാനെ ആക്രമണത്തിൽനിന്ന് പിന്തിരിപ്പിക്കാനാണ് യു.എസ് നീക്കം. യുദ്ധഭീതി കനത്തതോടെ ഇസ്രായേലിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യ, ബ്രിട്ടൻ, ഫ്രാൻസടക്കമുള്ള രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഇസ്രായേലിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർ തെൽ അവീവ്, ജറൂസലം, ബീർഷെബ നഗരങ്ങൾക്ക് പുറത്തുപോകരുതെന്ന് യു.എസ് ഉത്തരവിറക്കി. ഇറാൻ, ലബനാൻ, ഫലസ്തീൻ എന്നിവിടങ്ങളിലേക്ക് പുറപ്പെടരുതെന്ന് ഫ്രാൻസും നിർദേശിച്ചു. ഇറാനിലേക്കും ഇസ്രായേലിലേക്കും പോകരുതെന്നാണ് ഇന്ത്യ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയത്.
സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രിൽ ഒന്നിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നത്. അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണം മാറ്റമില്ലാതെ തുടരുകയാണ്. നുസൈറത്ത് ക്യാമ്പിൽ നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ദക്ഷിണ ലബനാനിൽ നിന്ന് ഇസ്രായേലിനു നേർക്ക് ഹിസ്ബുല്ല അമ്പതോളം റോക്കറ്റുകളയച്ചു. വെസ്റ്റ് ബാങ്കിലെ അൽ മുഗയ്യിറിൽ ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
Adjust Story Font
16