'ഇംറാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം, ഉടൻ മോചിപ്പിക്കണം'; ഉത്തരവിട്ട് പാക് സുപ്രിംകോടതി
ഇംറാനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് പാക് സുപ്രിംകോടതി
ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഷഹബാസ് ശരീഫ് സർക്കാരിന് തിരച്ചടി. ഇംറാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പാക് സുപ്രിംകോടതി വ്യക്തമാക്കി. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് ഇസ്‌ലാമാബാദ് ഹൈക്കോടതിക്കു പുറത്ത് പാകിസ്താനിലെ അഴിമതി വിരുദ്ധ അന്വേഷണ സംഘമായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(നാബ്) ആണ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്. അൽഖദീർ ട്രസ്റ്റ് കേസിലായിരുന്നു അറസ്റ്റ്. നടപടി ചോദ്യംചെയ്ത് അദ്ദേഹത്തിന്റെ അഭിഭാഷകസംഘം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിനു പിന്നാലെ രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് ഇംറാന് ആശ്വാസകരമായ വിധി പരമോന്നത കോടതിയിൽനിന്ന് പുറത്തുവരുന്നത്.
ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ത്യാൽ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതിയുടെ വളപ്പിൽ വച്ച് അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ഒരാൾ കോടതിക്കുമുൻപാകെ കീഴടങ്ങുമ്പോൾ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. നാളെ ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഇംറാനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പാകിസ്താൻ തഹ്രീകെ ഇൻസാഫ്(പി.ടി.ഐ) പ്രവർത്തകരോട് സമാധാനം പാലിക്കാനും ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്തു.
അറസ്റ്റിനു പിന്നാലെ വൻതോതിൽ രാജ്യവ്യാപക പ്രതിഷേധമാണ് പാകിസ്താനിൽ തുടരുന്നത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു പേർ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പാക് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് മൊബൈൽ-ഇന്റർനെറ്റ് നിരോധനം തുടരുകയാണ്.
Summary: 'Imran Khan's arrest by National Accountability Bureau(NAB) is illegal and he should be released immediately', Orders Pakistan's Supreme Court
Adjust Story Font
16