'ഇമ്രാൻ ഖാനു വേണ്ടി അക്രമം നടത്തുന്നത് ആർ.എസ്.എസ് ഇന്ത്യയിൽനിന്ന് അയച്ച സംഘം'; ആരോപണവുമായി പാകിസ്താൻ
'പാകിസ്താനിലെ അക്രമസംഭവങ്ങൾക്കുശേഷം ബി.ജെ.പിയുടെയും ആർ.എസ്.എസ്സിന്‍റെയും നേതൃത്വത്തില്‍ ഇന്ത്യയിൽ മധുരവിതരണവും ആഘോഷങ്ങളും നടന്നു.'
ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ പാകിസ്താനിൽ തുടരുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ ആർ.എസ്.എസ് ആണെന്ന് പാകിസ്താൻ. ആർ.എസ്.എസ്സും ബി.ജെ.പിയും ഇന്ത്യയിൽനിന്ന് അയച്ച സംഘമാണ് അക്രമം നടത്തുന്നതെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ സ്‌പെഷൽ അസിസ്റ്റന്റ് അത്താഉല്ല തരാർ ആരോപിച്ചു. പാകിസ്താനിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ മുസ്‌ലിം ലീഗ്-നവാസ്(പി.എം.എൽ-എൻ) നേതാവ് മുഹ്‌സിൻ ഷാനവാസ് രഞ്ജയ്‌ക്കൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അത്താഉല്ലയുടെ ആരോപണം. 'ഇവിടെ അക്രമങ്ങൾ നടത്തുന്ന ആളുകളയും അവരുടെ ആയുധങ്ങളുമല്ലൊം ആർ.എസ്.എസ്സും ബി.ജെ.പിയും ഇന്ത്യയിൽനിന്ന് അയച്ചതാണ്. ഏതാനും ചിലരാണ് അക്രമം നടത്തുന്നത്. അവർക്കെല്ലാം ബി.ജെ.പിയുമായും ആർ.എസ്.എസ്സുമായും ബന്ധമുണ്ട്. ആർ.എസ്.എസ്സിന്റെ നിർദേശപ്രകാരമാണ് ആക്രമണങ്ങളെല്ലാം നടന്നത്'-അത്താഉല്ല തരാർ ആരോപിച്ചു.
ഇന്നലത്തെ അക്രമസംഭവങ്ങൾക്കുശേഷം ഇന്ത്യയിൽ ആഘോഷങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു. ബി.ജെ.പിയും ആർ.എസ്.എസ്സുമാണ് ഇത് ആഘോഷിച്ചത്. ഇന്ത്യയിൽ മധുരവിതരണവും നടന്നിട്ടുണ്ട്. ആർ.എസ്.എസ്സിന്റെ ഒരു ചെറിയ സംഘം പാകിസ്താനിൽ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്നും അത്താഉല്ല തരാർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ചയാണ് ഇസ്‌ലാമാബാദ് ഹൈക്കോടതിക്കു പുറത്തുനിന്ന് ഇമ്രാൻ ഖാനെ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(നാബ്) സംഘം അറസ്റ്റ് ചെയ്തത്. അൽഖദീർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇതിനു പിന്നാലെ തോഷഖാന അഴിമതിക്കേസിലും ഇസ്‌ലാമാബാദ് കോടതി ഇമ്രാനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അറസ്റ്റിനു പിന്നാലെ വൻതോതിൽ രാജ്യവ്യാപക പ്രതിഷേധമാണ് പാകിസ്താനിൽ തുടരുന്നത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു പേർ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പാക് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് മൊബൈൽ-ഇന്റർനെറ്റ് നിരോധനം തുടരുകയാണ്.
Summary: 'People sent from India by the RSS and the BJP are indulging in vandalism and arson in Pakistan', alleges the special assistant to Prime Minister Shehbaz Sharif, Attaullah Tarar
Adjust Story Font
16