ഇമ്രാന്‍ ഖാന്‍ ഇന്നു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും; രാജി വച്ചേക്കുമെന്ന് അഭ്യൂഹം
മുഴുവൻ പാർട്ടി എം.പിമാരോടും തലസ്ഥാനത്തെത്താൻ ഇമ്രാന്‍ നിർദേശിച്ചു
പാകിസ്താന്‍: പാക് സുപ്രീംകോടതിയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളിലാണ് ഇമ്രാന്‍ ഖാന്‍. മുഴുവൻ പാർട്ടി എം.പിമാരോടും തലസ്ഥാനത്തെത്താൻ ഇമ്രാന്‍ നിർദേശിച്ചു. ഇന്ന് വൈകിട്ട് ഇമ്രാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.
നാളെ രാവിലെ 10.30ന് ദേശീയ അസംബ്ലി ചേരണമെന്നും അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്നുമാണ് പാക് സുപ്രീംകോടതിയുടെ ഉത്തരവ്. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും മുന്‍പ് ഇന്ന് തന്നെ തലസ്ഥാനത്തെത്താനാണ് പാർട്ടി എം.പിമാർക്ക് ഇമ്രാന്‍ നിർദ്ദേശം നൽകിയിട്ടുള്ളത്. പാർലമെന്‍ററി പാർട്ടി യോഗവും മന്ത്രിസഭാ യോഗവും ചേർന്ന ശേഷം ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യുമെന്ന് ഇമ്രാന്‍ പ്രഖ്യാപിച്ചു. ഈ പ്രസംഗത്തിൽ ഇമ്രാന്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്. പാകിസ്താനായി അവസാനപന്തു വരെയും പോരാടുമെന്ന് വീണ്ടും ഇമ്രാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ അവിശ്വാസപ്രമേയം വോട്ടിനിടാതെ തള്ളിയതാണ് ഇന്നലെ സുപ്രീംകോടതി റദ്ദാക്കിയത്. ദേശീയ അസംബ്ലി പിരിച്ചുവിട്ട പ്രസിഡന്‍റിന്‍റെ ഉത്തരവും കോടതി റദ്ദാക്കി. അതേസമയം ഭരണകക്ഷിയിലെ അടക്കം കൂടുതൽ എം.പിമാരെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ. അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാനെ പരാജയപ്പെടുത്തിയ ശേഷം ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേറാം എന്നാണ് പ്രതിപക്ഷത്തിന്‍റെ മോഹം.
Adjust Story Font
16