'ഞാന്‍ മാത്രം....'; പാകിസ്താൻ ഉപതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാന്‍ ഇമ്രാൻ ഖാൻ
മാർച്ച് 16നാണ് ദേശീയ അസംബ്ലിയിലേക്കുള്ള 33 സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
ഇമ്രാന്‍ ഖാന്‍
ഇസ്‍ലാമാബാദ്: മാർച്ചിൽ നടക്കുന്ന ദേശീയ അസംബ്ലി ഉപതെരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റിലേക്കും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ തലവനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ മത്സരിക്കും. മുഴുവൻ സീറ്റിലും ഇമ്രാൻ ഖാൻ മത്സരിക്കുമെന്നും മറ്റു സ്ഥാനാർഥികളില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് ഷാ മഹ്മൂദ് ഖുറേഷിയെ ഉദ്ധരിച്ച് ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ''ഞങ്ങൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. ഇമ്രാൻ ഖാൻ എല്ലാ സീറ്റുകളിലും മത്സരിക്കും,'' ഖുറേഷി പറഞ്ഞു. ഞായറാഴ്ച സമാൻ പാർക്ക് ലാഹോറിൽ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
മാർച്ച് 16നാണ് 33 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെയാണ് ഇമ്രാഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം പുറത്താക്കിയത്. തുടർന്ന് പാർട്ടിയിലെ എല്ലാ എം.പിമാരും രാജിവെച്ചിരുന്നു. എന്നാൽ അന്ന് സ്പീക്കറായ രാജ പെർവൈസ് അഷ്റഫ് എം.പിമാരുടെ രാജി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞമാസം എം.പിമാരുടെ രാജി സ്പീക്കർ അംഗീകരിക്കുകയും ചെയ്തു. എം.പിമാർ രാജിവെച്ച സീറ്റിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുന്നത്.
ജൂലൈ 17ന് നടന്ന ഉപതെരഞ്ഞെടുപ്പിലും ജനം പി.ടി.ഐയെ പിന്തുണച്ചിരുന്നുവെന്നും മാർച്ച് 16ന് ഇമ്രാൻ ഖാനെ ജനം വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും ഖുറേഷി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 11 പിടിഐ എംപിമാരുടെ രാജി സ്പീക്കർ അംഗീകരിച്ചതിനെ തുടർന്ന് ഖാൻ എട്ട് പാർലമെന്റ് സീറ്റുകളിൽ മത്സരിച്ചിരുന്നു. ഇതിൽ ആറെണ്ണത്തിൽ ഖാൻ വിജയിച്ചിരുന്നു.
മുപ്പത്തിമൂന്ന് സീറ്റുകളിലും ഖാൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി ഈ മാസം ആദ്യം ട്വീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന 33 സീറ്റുകളിൽ 12 എണ്ണം പഞ്ചാബ് പ്രവിശ്യയിലും എട്ടെണ്ണം ഖൈബർ പഖ്തൂൺഖ്വയിലും മൂന്നെണ്ണം ഇസ്ലാമാബാദിലും 9 എണ്ണം സിന്ധിലും ഒന്ന് ബലൂചിസ്ഥാനിലുമാണ്.
Adjust Story Font
16