Quantcast

ഇന്ത്യയിൽ മുസ്‌ലിംകളെ ഭരണകൂടം വേട്ടയാടുന്നു; രൂക്ഷ വിമർശനവുമായി അമേരിക്ക

പലപ്പോഴും നിയമ സംവിധാനങ്ങൾ തന്നെ ആക്രമണത്തിന് കൂട്ടുനിൽക്കുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

MediaOne Logo

Web Desk

  • Published:

    15 May 2023 5:57 PM GMT

In India, Muslims are persecuted by the state, America with severe criticism
X

വാഷിങ്ടൺ‍: ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷത്തെ ഭരണകൂടം വേട്ടയാടുന്നതായി യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട്. മുസ്‌ലിംകളുടെ വീടുകളും സ്ഥാപനങ്ങളും അധികൃതർ തകർത്തു. നിയമപാലകർ മത ന്യൂനപക്ഷത്തിനെതിരെ ആക്രമണം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മതസ്പർധയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയുള്ള വാർഷിക റിപ്പോർട്ടിലാണ് വിമർശനം. ഇന്ത്യയിൽ മുസ്‌ലിംകളും ക്രൈസ്തവരും നിരന്തരം ആക്രമണത്തിന് ഇരയാവുന്നു. ഇത് നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

പലപ്പോഴും നിയമ സംവിധാനങ്ങൾ തന്നെ ആക്രമണത്തിന് കൂട്ടുനിൽക്കുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സമീപകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിംകൾക്കെതിരെ നടന്ന വിവിധ അക്രമങ്ങൾ റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങളെ അപലപിക്കാൻ കേന്ദ്രം തയാറാവണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഒരു വർഷക്കാലത്തെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്. റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം, റിപ്പോർട്ടിനെതിരെ ഇന്ത്യ രംഗത്തെത്തി. റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് സന്ദർശിക്കാനിരിക്കെയാണ് അമേരിക്കയുടെ റിപ്പോർട്ട് പുറത്തുവരുന്നത്.

TAGS :

Next Story