Quantcast

ശ്രീലങ്കന്‍ പ്രതിസന്ധി: സഹായം ഉറപ്പുനല്‍കി ഇന്ത്യ

സർക്കാർ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    29 March 2022 1:47 AM GMT

ശ്രീലങ്കന്‍ പ്രതിസന്ധി: സഹായം ഉറപ്പുനല്‍കി ഇന്ത്യ
X

കൊളംബോ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാവിധ സഹായ സഹകരണങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് എസ് ജയശങ്കർ ഉറപ്പ് നൽകി. അതിനിടെ സർക്കാർ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെ, പ്രധാനമന്ത്രി മഹേന്ദ രാജപക്സെ, ധനകാര്യമന്ത്രി ബേസിൽ രാജപക്സെ എന്നിവരുമായി ജയശങ്കർ ചർച്ച നടത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. കഴിഞ്ഞ ദിവസം ഇന്ത്യ 40000 ടൺ അരിയും ഡീസലും 1.7 ബില്യൺ ഡോളറിന്‍റെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ജയശങ്കർ ശ്രീലങ്കയിലെത്തിയത്. ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും എസ് ജയശങ്കർ പങ്കെടുക്കും. ഇന്ധന വിതരണ സ്ഥിതി വിലയിരുത്താനായി ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ പ്രാദേശിക ഉപസ്ഥാപനമായ ലങ്ക ഐഒസിയും ജയശങ്കർ സന്ദർശിച്ചു.

അതേസമയം ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. പ്രസിഡന്‍റ് ഗോതബായ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് കൂടുതൽ മേഖലകളിൽ ജനം തെരുവിലിറങ്ങി. നെഗൊമ്പോ- കൊളംബോ പാത പ്രതിഷേധക്കാർ പൂർണമായും കയ്യേറി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക വിദേശത്തെ എംബസികളും അടച്ചുപൂട്ടുകയാണ്. ഇറാഖ്, നോർവെ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേത് അടക്കമുള്ള എംബസികൾ അടച്ചു.

Summary- President Gotabaya Rajapaksa on Monday thanked visiting External Affairs Minister S. Jaishankar for India's invaluable assistance to Sri Lanka, which is grappling with one of its worst economic crises.

TAGS :

Next Story