'ഇന്ത്യ ചന്ദ്രനിലെത്തി... ഇവിടെയോ...കുട്ടികൾ ഗട്ടറിൽ വീണു മരിക്കുന്നു'; വൈറലായി പാക് നേതാവിന്റെ പ്രസംഗം
പാക് നാഷണൽ അസംബ്ലിയിലാണ് സ്വന്തം രാജ്യത്തിനെതിരെ കമാൽ ആഞ്ഞടിച്ചത്
ഇസ്‌ലാമാബാദ്: ഇന്ത്യയുടെ നേട്ടങ്ങളും പാകിസ്താനിലെ ദുരവസ്ഥയും താരതമ്യം ചെയ്ത് മുത്തഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്താൻ നേതാവ് സയ്യിദ് മുസ്തഫ കമാൽ. ഇന്ത്യ ചന്ദ്രനിൽ ഇറങ്ങുമ്പോൾ പാകിസ്താനിൽ കുട്ടികൾ ഓടയിൽ വീണ് മരിക്കുന്നു എന്നായിരുന്നു കമാലിന്റെ പരാമർശം. പാക് നാഷണൽ അസംബ്ലിയിലാണ് സ്വന്തം രാജ്യത്തിനെതിരെ കമാൽ ആഞ്ഞടിച്ചത്.
"പാകിസ്താനിലെ ഇപ്പോഴത്തെ അവസ്ഥയാണ് പറയുന്നത്... ചന്ദ്രനിലേക്കുള്ള പര്യവേഷണങ്ങളാണ് ലോകത്ത് എല്ലായിടത്തും. ഇന്ത്യയതാ ചന്ദ്രനിൽ ഇറങ്ങുകയും ചെയ്തു. ഇവിടെയാകട്ടെ, കുഞ്ഞുങ്ങൾ തുറന്ന ഓടകളിൽ വീണ് മരിക്കുന്ന കാഴ്ചയാണുള്ളത്.
പാകിസ്താന്റെ വരുമാന സ്രോതസ്സാണ് കറാച്ചി. പാകിസ്താനിലെ രണ്ട് കപ്പൽ പോർട്ടുകളും കറാച്ചിയിലാണ്. പാകിസ്താന്റെ കവാടമാണ് കറാച്ചി. മധ്യേഷ്യയിലേക്കും അഫ്ഗാനിസ്താനിലേക്കുമുള്ള വാതിലും... എന്നാൽ 15 വർഷമായി കറാച്ചിയിൽ ശുദ്ധജലമില്ല. ഇനി അഥവാ വെള്ളം കിട്ടിയാൽ തന്നെ ടാങ്കർ മാഫിയകൾ അവ പൂഴ്ത്തിവച്ച് ജനങ്ങൾക്ക് കത്തിവിലയ്ക്ക് വിൽക്കും.
48,000 സ്‌കൂളുകളുണ്ട് നമുക്ക്. പക്ഷേ ഇതിൽ 11,000ഉം പ്രേത സ്‌കൂളുകളെന്നാണ് അറിയപ്പെടുന്നത്. കാരണം കുട്ടികളില്ല അവിടെയൊന്നും. സിന്ധിൽ 70 ലക്ഷം കുട്ടികളാണ് സ്‌കൂളിൽ പോകാത്തത്. രാജ്യത്ത് മുഴുവനാകട്ടെ, 2,62,00,000 കുട്ടികളുണ്ട് സ്‌കൂളിൽ പോകാതെ... ഇതൊക്കെ ആലോചിച്ചാൽ രാഷ്ട്രീയ നേതാക്കൾക്ക് ഉറക്കം കിട്ടില്ല". കമാൽ ചൂണ്ടിക്കാട്ടി.
രൂക്ഷമായ വിലക്കയറ്റവും പെരുകിവരുന്ന കടവും പാകിസ്താനെ വലയ്ക്കാൻ തുടങ്ങിയിട്ട് നാളുകളായി. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് പുതിയ വായ്പാ പദ്ധതികൾ തരപ്പെടുത്താനുള്ള നീക്കത്തിലാണ് ഭരണകൂടം. ഇതിനായി തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. ഊർജ മേഖലയിലും നികുതിയിനത്തിലും കാര്യമായ മാറ്റം കൊണ്ടുവരണമെന്നാണ് ഐഎംഎഫിന്റെ നിർദേശം.
Adjust Story Font
16