Quantcast

ഇസ്ലാമോഫോബിയക്കെതിരെ ഐക്യരാഷ്ട്രസഭയിൽ പ്രമേയം; വിട്ടുനിന്ന് ഇന്ത്യ

ഇന്ത്യയടക്കം 44 രാജ്യങ്ങൾ പ്രമേയത്തിൽ നിന്നും വിട്ടുനിന്നു

MediaOne Logo

Web Desk

  • Published:

    16 March 2024 9:39 AM GMT

ഇസ്ലാമോഫോബിയക്കെതിരെ ഐക്യരാഷ്ട്രസഭയിൽ പ്രമേയം;  വിട്ടുനിന്ന് ഇന്ത്യ
X


യുഎൻ: ഇസ്ലാമോഫോബിയക്കെതിരെ ഐക്യരാഷ്ട്രസഭയിൽ പാകിസ്താൻ അവതരിപ്പിച്ച കരട് പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 115 രാജ്യങ്ങൾ പ്രമേയത്തെ അംഗീകരിച്ചപ്പോൾ, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, യുക്രൈൻ, യുകെ അടക്കം 44 രാജ്യങ്ങൾ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നു. ഭൂരിപക്ഷ വോട്ടോടെ പ്രമേയം പാസായി.

ചൈനയുടെ പിന്തുണയോടെയാണ് പാകിസ്താൻ 'ഇസ്ലാലാമോഫോബിയയെ ചെറുക്കാനുള്ള നടപടികൾ എന്ന പ്രമേയം അവതരിപ്പിച്ചത്. ഇസ്ലാം മതത്തിന് മാത്രമല്ല, ഹിന്ദുമതം, സിഖ് മതം, ബുദ്ധ മതം തുടങ്ങി എല്ലാ മതങ്ങളും നേരിടുന്ന ആക്രമണങ്ങളിലും വിവേചനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പാകിസ്ഥാൻ പറഞ്ഞു.

ഇസ്ലാമോഫോബിയയേയും യഹൂദ വിരുദ്ധതയേയും ക്രിസ്ത്യൻ ഭയത്തേയും അപലപിക്കുന്നുവെന്നും, എന്നാൽ ഇത്തരം ഭയങ്ങൾ അബ്രഹാമിക്ക് മതങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നത് അംഗീകരിക്കണമെന്നുമായിരുന്നു, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പ്രമേയത്തിൽ പ്രതികരിച്ചത്.

പതിറ്റാണ്ടുകളായി ;റിലിജ്യോഫോബിയ' അബ്രഹാമിക് മതങ്ങൾക്ക് പുറമെയുള്ള മതങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഈ പുതിയ റിലിജ്യോഫോബിയ ഹിന്ദു വിരുദ്ധത, ബുദ്ധ വിരുദ്ധത, സിഖ് വിരുദ്ധത എന്നീ വികാരങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നും കാംബോജ് പറഞ്ഞു.

പ്രത്യേക മതവിഭാഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമേയങ്ങൾ അംഗീകരിച്ച് ഐക്യരാഷ്ട്രസഭയെ മതപരമായി വിഭജിക്കരുതെന്ന് ഇന്ത്യ പറഞ്ഞു. ലോകത്തിന്റെ സമാധാനും ഐക്യവും ചിന്നഭിന്നമാക്കാൻ കെൽപ്പുള്ള ഇത്തരം മതപരമായ ആശങ്കകൾക്ക് മുകളിൽ ഐക്യരാഷ്ട്രസഭ നിലപാടുകൾ നിലനിർത്തേണ്ടതുണ്ടെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.

മറ്റ് മതങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ കൂടുതൽ ശ്രദ്ധ ഇസ്ലാമോഫോബിയയിലേക്ക് ചെലുത്തുന്നത് മറ്റു മതങ്ങൾക്ക് അസമത്വം തോന്നിപ്പിക്കുമെന്നും കാംബോജ് പറഞ്ഞു.

ക്ഷേത്രങ്ങൾക്കെതിരെയും ഗുരുദ്വാരകൾക്കെതിരെയും ബുദ്ധവിഹാരങ്ങൾക്കെതിരെയും വ്യാപിച്ചുവരുന്ന അക്രമങ്ങൾ അബ്രഹാമിക് ഇതര മതങ്ങൾക്കെതിരെ വിരുദ്ധതകൾ ഉണ്ടാവുന്നുവെന്നതിന് തെളിവുകളാണെന്നും കാംബോജ് പറഞ്ഞു.

താലീബാൻ അഫ്ഗാനിസ്ഥാനിലെ ബാമിയാൻ ബുദ്ധ പ്രതിമകൾ നശിപ്പിച്ചതും, 1984ലെ സിഖ് വിരുദ്ധ കലാപങ്ങളും ഉദഹരണങ്ങളായി ചൂണ്ടിക്കാട്ടിയായിരുന്നു കാംബോജിന്റെ പ്രതികരണം.

ഇസ്ലാമോഫോബിയയെ ചെറുക്കാൻ ഐക്യരാഷ്ട്രസഭ പ്രത്യേക പ്രതിനിധിയെ നിയോഗിച്ചതിനെയും ഇന്ത്യ അപലപിച്ചു.

TAGS :

Next Story