Quantcast

യുദ്ധഭീതിക്കിടെ ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഇറാൻ തുറമുഖത്ത് നങ്കൂരമിട്ടതെന്തിന്?

അന്താരാഷ്ട്ര ഊർജ വിപണിയിലെ തന്ത്രപ്രധാന മേഖലയാണ് പേർഷ്യൻ കടലിടുക്ക്. പേർഷ്യൻ കടലിടുക്കിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയാണ് കടല്‍ മാര്‍ഗമുള്ള ആഗോള എണ്ണ ചരക്കുഗതാഗതത്തിന്റെ 30 ശതമാനവും നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Oct 2024 2:15 PM GMT

Why Indian Navy sent warships to Iranian port amid tensions mount between Iran and Israel?, Indian Navy ships in Iran, Iran Israel tension, Israel Hezbollah war 2024
X

തെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധഭീഷണിക്കിടെ കഴിഞ്ഞ ദിവസം മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഇറാൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ഐഎൻഎസ് ഷർദുൽ, ഐഎൻഎസ് തീർ, ഐസിജിഎസ് വീര എന്നീ കപ്പലുകളാണ് ബന്ദർ അബ്ബാസ് തുറമുഖത്ത് എത്തിയത്. ഇസ്രായേലിലെ ഇറാൻ മിസൈൽ ആക്രമണത്തിനും പ്രത്യാക്രമണ ഭീതികൾക്കുമിടെയുള്ള ഇന്ത്യയുടെ നീക്കം ആശ്ചര്യമുണർത്തുന്നതാണ്.

ഇറാൻ നാവികസേനാ കപ്പലായ സെറ പ്രത്യേകമായ ഉപചാരങ്ങളോടെയാണ് ഇന്ത്യൻ കപ്പലുകളെ തുറമുഖത്തേക്ക് സ്വീകരിച്ചാനയിച്ചത്. പേർഷ്യൻ കടലിടുക്കിൽ നടക്കുന്ന സൈനികാഭ്യാസത്തിനു വേണ്ടിയാണ് ഇന്ത്യൻ കപ്പലുകൾ എത്തിയതെന്നാണു വിവരം. ഇന്ത്യയും ഇറാനും തമ്മിലുള്ള നാവിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു സന്ദർശനമെന്നാണ് ഇന്ത്യൻ നേവി വാർത്താകുറിപ്പിൽ അറിയിച്ചത്.

നാവികസഹകരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെയും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഇന്ത്യൻ കപ്പലുകൾ ഇറാൻ സന്ദർശിക്കുന്നതെന്ന് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. സന്ദർശനത്തിന്റെ ഭാഗമായി നാവികസുരക്ഷ ശക്തമാക്കാൻ ആവശ്യമായ അഭ്യാസങ്ങളിൽ കപ്പലുകൾ ഏർപ്പെടും. ഇന്ത്യൻ-ഇറാൻ നാവികസേനകൾ ഒന്നിച്ചുപ്രവർത്തിക്കാനുള്ള അഭ്യാസങ്ങളുമുണ്ടാകും. പ്രൊഫഷനൽ കൈമാറ്റങ്ങൾ, പരസ്പര പരിശീലന സന്ദർശനങ്ങൾ, റീത്ത് സമർപ്പണം, നാവികസഹകരണ അഭ്യാസങ്ങൾ എന്നിവയെല്ലാം പദ്ധതിയിലുണ്ടെന്നും സേന അറിയിച്ചു.


കഴിഞ്ഞ മാർച്ചിൽ ഇറാൻ കപ്പലുകൾ ഇന്ത്യയിലെത്തിയിരുന്നു. ബുഷെർ, ഹെൻഗാം എന്നീ കപ്പലുകളാണ് മുംബൈയിലെത്തി സൈനികാഭ്യാസം നടത്തിയത്. നാവിക കമാൻഡർമാരായ മഹ്ദി ബൽവർദി, മുഹമ്മദ് ഹാജിസ്ദാ എന്നിവരുടെ നേതൃത്വത്തിലുള്ള 240 സൈനികരാണു പരിശീലനത്തിൽ പങ്കെടുത്തത്. ഇറാൻ പ്രതിരോധ അറ്റാഷെ കേണൽ ഹസൻ മോമനിയും ഇറാനിയൻ കമാൻഡർമാരും വെസ്‌റ്റേൺ ഫ്‌ളീറ്റ് ഫ്‌ളാഗ് ഓഫിസർ റിയർ അഡ്മിറൽ സി.ആർ പ്രവീൺ നായരുമായി കൂടിക്കാഴ്ചയും നടത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന ഇന്ത്യയുടെ ആഭിമുഖത്തിലുള്ള മിലൻ-24 സൈനികാഭ്യാസത്തിൽ ഇറാൻ യുദ്ധക്കപ്പലായ ദെന പങ്കെടുക്കുകയും ചെയ്തിരുന്നു.

ഒക്ടോബർ ഒന്നിനാണ് ഇറാൻ ഇസ്രായേൽ നഗരങ്ങളിൽ വൻ മിസൈൽ ആക്രമണം നടത്തിയത്. 180 മിസൈലുകളാണ് വ്യോമതാവളങ്ങളും മൊസാദ് ആസ്ഥാനവും ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാനിൽനിന്ന് എത്തിയത്. അതീവസുരക്ഷയുള്ള ഇസ്രായേലിലെ നെവാറ്റിം എയർബേസ് ഉൾപ്പെടെ രണ്ട് വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രായേലിന്റെ അത്യന്താധുനികമായ ഡ്രോണുകളും നെവാറ്റിമിലുണ്ടെന്നാണു വിവരം. ഇവിടെ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇതാദ്യമായാണ് ഗസ്സയ്ക്കും ലബനാനും ഹിസ്ബുല്ലയ്ക്കുമെതിരെയുള്ള ഇസ്രായേൽ യുദ്ധത്തിൽ ഇറാൻ വിപുലമായ രീതിയിൽ നേരിട്ട് ഇടപെടുന്നത്. മിസൈൽ ആക്രമണത്തിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലബനാൻ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തുടർന്നും കടുത്ത ആക്രമണങ്ങളുണ്ടാകുമെന്ന് ഇറാനും ഭീഷണി മുഴക്കിയിരുന്നു. യുദ്ധഭീതിക്കിടെ റഷ്യ, ജർമനി, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ മേഖലയിൽനിന്ന് ഒഴിപ്പിക്കുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾ ഇറാൻ തീരത്ത് നങ്കൂരമിടുന്നതെന്നതു ശ്രദ്ധേയമാണ്.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയിരുന്നു. ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരായ ആക്രമണത്തിൽ നയതന്ത്രമായ പരിഹാരം കണ്ടെത്തണമെന്ന് മോദി ആവശ്യപ്പെട്ടതായാണു വിവരം. ഇസ്രായേലിനെ പിന്തുണയ്ക്കുമ്പോഴും ഇറാനുമായി പതിറ്റാണ്ടുകൾ പഴക്കമുള്ള സുദൃഢമായ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. ഇതിൽനിന്ന് ഇന്ത്യ പിന്നോട്ടില്ലെന്നു വ്യക്തമാക്കുന്നതാണു പുതിയ സൈനികനീക്കം.

സൈനിക സഹകരണത്തിനൊപ്പം പേർഷ്യൻ കടലിടുക്കിൽ ഇന്ത്യയ്ക്ക് ഊർജ താൽപര്യങ്ങളുമുണ്ട്. അന്താരാഷ്ട്ര ഊർജ വിപണിയിലെ തന്ത്രപ്രധാന മേഖലയാണ് പേർഷ്യൻ കടലിടുക്ക്. പേർഷ്യൻ കടലിടുക്കിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് ആഗോള വ്യാപാരരംഗത്തു തന്നെ ഏറ്റവും സുപ്രധാന ചെക്ക്‌പോയിന്റുകളിലൊന്നാണ്. കടൽമാര്‍ഗമുള്ള ആഗോള എണ്ണ ചരക്കുഗതാഗതത്തിന്റെ 30 ശതമാനവും ഇതുവഴിയാണു നടക്കുന്നത്.

ഇന്ത്യയുടെ ഊർജ ആവശ്യത്തിന്റെ 55 ശതമാനവും എത്തുന്നതും ഇതേ മേഖലയിൽനിന്നാണ്. ഇറാന്റെ ഊർജകേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇസ്രായേൽ പ്രഖ്യാപിച്ചത്. അങ്ങനെ സംഭവിച്ചാൽ അത് ആഗോള എണ്ണ വിപണിക്കൊപ്പം ഇന്ത്യയെയും സാരമായി ബാധിക്കും. അതിനാൽ, ഇവിടെ തുറന്ന യുദ്ധത്തിനുള്ള സാധ്യത ഒഴിവാക്കാനാകും പടിഞ്ഞാറൻ രാജ്യങ്ങളെ പോലെ ഇന്ത്യയുടെയും ശ്രമം.

ഇനി മേഖല പൂർണമായൊരു യുദ്ധത്തിലേക്കു നീങ്ങിയാലും ഇന്ത്യ ഇസ്രായേലിനെ പിന്തുണയ്ക്കാനുള്ള സാധ്യത വിരളമാണ്. സൈനികസഹായം നൽകിയില്ലെങ്കിലും ഇറാനെ പിണയ്ക്കാൻ ഇന്ത്യ ഒരിക്കലും മുതിരില്ലെന്നുറപ്പാണ്. റഷ്യയുമായും ഇന്ത്യ സഹകരണം ശക്തമാക്കിയ സാഹചര്യത്തിൽ ഇറാനെതിരെ ഇന്ത്യ നിലപാട് സ്വീകരിക്കാനിടയില്ല.

Summary: Why Indian Navy sent warships to Iranian port amid tensions mount between Iran and Israel?

TAGS :

Next Story