കാനഡയില്‍ സംശയാസ്പദമായ തീപിടിത്തത്തില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളും മകളും കൊല്ലപ്പെട്ടു
സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു
ഒട്ടാവ: ഇന്ത്യന്‍ ദമ്പതികളും മകളും കാനഡയില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ടു. സംശയാസ്പദമായ സാഹചര്യത്തിലാണ് തീപിടുത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 7 നാണ് തീപിടുത്തമുണ്ടായത്.
തീ അണച്ച ശേഷം വീടിനുള്ളില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ആ സമയത്ത് കണ്ടെത്താനായില്ല. പിന്നീട് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ മൂന്ന് കുടുംബാംഗങ്ങളുടേതാണെന്ന് തിരിച്ചറിഞ്ഞു. 51 കാരനായ രാജീവ് വാരികൂ, ഭാര്യ ശില്‍പ(47) കോത, അവരുടെ മകള്‍ മഹെക് വാരികൂ(16) എന്നിവരാണ് കൊല്ലപ്പെട്ടത്.
'ഞങ്ങളുടെ ഹോമിസൈഡ് ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്, തീപിടിത്തം ആകസ്മികമല്ലെന്നും'പൊലീസ് കോണ്‍സ്റ്റബിള്‍ ടാറിന്‍ യംഗ് പറഞ്ഞു. തീപിടുത്തതില്‍ എല്ലാം കത്തി നശിച്ചതുകൊണ്ട് അപകട കാരണം ഇതുവരെ വ്യക്തമല്ലെന്നും യംഗ് അറിയിച്ചു.
'എല്ലാം കത്തി നശിച്ച സാഹചര്യത്തില്‍ അപകട കാരണം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണ് എങ്കിലും ഞങ്ങള്‍ അതിനുള്ള ശ്രമത്തിലാണെന്നും'യംഗ് പറഞ്ഞു.
'15 വര്‍ഷമായി ഈ കുടുംബം ഇവിടെയാണ് താമസിക്കുന്നതെന്നും അവര്‍ക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും'അയല്‍വാസിയായ കെന്നത്ത് യൂസഫ് പറഞ്ഞു.
വലിയ സ്ഫോടന ശബ്ദം കേട്ടതായും, തീപിടിത്തം ഉണ്ടായതായി ഒരാള്‍ തന്നോട് പറഞ്ഞതായും യൂസഫ് പറഞ്ഞു. 'ഞങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ വീടിന് തീപിടിച്ചിരുന്നു. വളരെ സങ്കടകരമാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം നിലംപൊത്തി'യൂസഫ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Adjust Story Font
16