'വംശീയമായി അധിക്ഷേപിച്ചു, നെഞ്ചിൽ ചവിട്ടി': മാസ്‌ക് ശരിയായി ധരിക്കാത്തതിന് ആക്രമിക്കപ്പെട്ട ഇന്ത്യൻ വംശജ കോടതിയിൽ
2021 ൽ സിംഗപ്പൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
സിംഗപ്പൂർ: മാസ്ക് ശരിയായി ധരിക്കാത്തതിന് തന്നെ നെഞ്ചിൽ ചവിട്ടുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി ഇന്ത്യൻ വംശജ കോടതിയിൽ. 2021 ൽ സിംഗപ്പൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ വിചാരണ ആരംഭിച്ചപ്പോഴാണ് തനിക്കേറ്റ ആഘാതത്തെകുറിച്ച് ഇന്ത്യൻ വംശജയായ ഹിന്ദോച നിത വിഷ്ണുഭായി (56) സിംഗപ്പൂർ കോടതിയിൽ തുറന്ന് പറഞ്ഞത്.
വിചാരണയുടെ ആദ്യ ദിവസമായ ബുധനാഴ്ച ജില്ലാ കോടതിയിൽ സംസാരിക്കുകയായിരുന്നു അവര്‍. രണ്ട് വർഷം മുമ്പ് ചുവാ ചു കാങ് ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം നടന്നത്. 'വ്യായാമത്തിന് സമയം കിട്ടാത്തതിനാൽ ഓഫീസിലേക്ക് പോകുമ്പോൾ അൽപം വേഗത്തിൽ നടക്കുമായിരുന്നു. ഈ സമയത്ത് ശ്വാസം കിട്ടാനായി മാസ്‌ക് അൽപം താഴ്ത്തിയിട്ടു. അപ്പോഴാണ് പ്രതിയായ വോങ് സിംഗ് ഫോങ്ങും മറ്റൊരു സ്ത്രീയും തനിക്ക് നേരെ ആക്രോശിച്ചെത്തിയത്. താൻ വ്യായാമത്തിലാണെന്നും വേഗത്തിൽ നടക്കുകയായിരുന്നെന്നും വിശദീകരിച്ചെങ്കിലും അവർ കേട്ടില്ല'. അവർ തനിക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയതിനും നെഞ്ചിൽ ചവിട്ടിയെന്നും ഹിന്ദോച്ച കോടതിയെ അറിയിച്ചു. സംഭവത്തിന് ശേഷം താൻ കരയുകയായിരുന്നെന്നും ഭയം തോന്നിയെന്നും ഹിന്ദോച നിത വിഷ്ണുഭായി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ആ സമയത്ത് സിംഗപ്പൂരിൽ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി വ്യായാമം ചെയ്യുന്നില്ലെങ്കിൽ എല്ലാവരും മുഖംമൂടി ധരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീണുപോയെന്നും ഇടത് കൈത്തണ്ടയും കൈപ്പത്തിയും മുറിഞ്ഞെന്നും ഹിന്ദോച്ച പറയുന്നു. തനിക്ക് പരിക്ക് പറ്റിയിട്ടും പ്രതികൾ ഒന്നും സംഭവിക്കാതെ പോലെ ഓടിപ്പോയെന്നും പറഞ്ഞു. ഇപ്പോഴും അതിന്റെ ആഘാതത്തിൽ നിന്ന് താൻ മുക്തയായിട്ടില്ല. ഇപ്പോഴും ആ വഴിയിലെത്തുമ്പോൾ താൻ ഭായപ്പെടും അവർ പറഞ്ഞു.
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു സ്ത്രീയാണ് തന്നെ എഴുന്നേൽപ്പിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തത്. ഭർത്താവിനോടും ജോലിസ്ഥലത്തെ മാനേജരോടും താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞു. ജോലി കഴിഞ്ഞശേഷമാണ് താൻ സംഭവം പൊലീസിൽ അറിയിച്ചതെന്നും അവർ പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ പ്രതിയായ വോങ് സിംഗ് ഫോങ്ങ് നിഷേധിച്ചു. ഹിന്ദോച്ചയ്ക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നും അവളുടെ നെഞ്ചിൽ ചവിട്ടിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹിന്ദോച്ച സ്വമേധയാ മുറിവേൽപ്പിച്ചതാണെന്നും തനിക്ക് നേരെ തുപ്പുകയും ചെയ്തുവെന്നും പ്രതിയായ വ്യക്തി ആരോപിച്ചു.എന്നാൽ ഇതെല്ലാം ഇവയെല്ലാം ഹിന്ദോച്ചയും നിഷേധിച്ചു.
Adjust Story Font
16