കാനഡയിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു
ഇതോടെ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ഒന്റാറിയോ: കാനഡയിയിലെ ഒന്റാറിയോയിൽ കഴിഞ്ഞയാഴ്ച നടന്ന വെടിവയ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു. കോനെസ്റ്റോഗ കോളജ് വിദ്യാർഥിയും ഒന്റാറിയോയിലെ എം.കെ ഓട്ടോ റിപയറിങ് സെന്ററിലെ പാർട്ട് ടൈം ജീവനക്കാരനുമായ 28കാരൻ സത്‌വീന്ദര്‍ സിങ് ആണ് മരിച്ചത്.
ഇതോടെ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വെടിവയ്പിൽ പരിക്കേറ്റ് ഹാമിൽട്ടൻ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു സിങ്. ഇന്ത്യയിലെ കോളജിൽ നിന്ന് മാർക്കറ്റിങ്ങിൽ എം.ബി.എ നേടിയ ശേഷമാണ് സിങ് കാനഡയിലെത്തിയത്.
ഒന്റാറിയോയിൽ സെപ്തംബർ 12നാണ് വെടിവയ്പ് നടന്നത്. ഇതിൽ ഒരു പൊലീസ് കോൺസ്റ്റബിളും വിദ്യാർഥി ജോലി ചെയ്തിരുന്ന ഓട്ടോ റിപയറിങ് സ്ഥാപന ഉടമയും കൊല്ലപ്പെട്ടിരുന്നു.
കൂടാതെ മറ്റു മൂന്നു പേർക്കെതിരെയും ഇയാൾ വെടിയുതിർത്തിരുന്നു. ഇതിലൊരാളാണ് ഇപ്പോൾ മരണത്തിനു കീഴടങ്ങിയ വിദ്യാർഥി. സംഭവമറിഞ്ഞെത്തിയ പൊലീസ് അക്രമിയെ വെടിവച്ച് കൊല്ലുകയും ചെയ്തു.
Adjust Story Font
16