Quantcast

ഫലസ്തീനെ അനുകൂലിച്ചതിന് യുഎസ് വിസ റദ്ദാക്കി; ഇന്ത്യൻ വിദ്യാർഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി

കൊളംബിയ യൂണിവേഴ്സിറ്റിയിലെ അർബൻ പ്ലാനിങ് വിഭാ​ഗത്തിലെ ഡോക്ടറൽ വിദ്യാർഥിനിയാണ് രഞ്ജനി ശ്രീനിവാസൻ.

MediaOne Logo

Web Desk

  • Updated:

    15 March 2025 6:08 AM

Published:

15 March 2025 5:57 AM

Indian Student Self-Deports After US Revokes Visa Over Palestine Protests
X

വാഷിങ്ടൺ: ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന് അമേരിക്ക വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിനി രഞ്ജനി ശ്രീനിവാസനാണ് സ്വമേധയാ യുഎസ് വിട്ടത്. മാർച്ച് അ‍ഞ്ചിനാണ്, ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന് രഞ്ജനിയുടെ വിസ യുഎസ് അധികൃതർ റദ്ദാക്കുന്നത്. അതിക്രമത്തേയും ഭീകരതയേയും പ്രോത്സാഹിച്ചു എന്നാരോപിച്ചാണ് നടപടി. തുടർന്ന് മാർച്ച് 11ന് രഞ്ജനി ശ്രീനിവാസൻ സിബിപി ഹോം ആപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

വിദ്യാർഥിനി ഇന്ത്യയിലേക്ക് തന്നെ തിരികെ പോയതായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു. 'ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ രഞ്ജനി ശ്രീനിവാസൻ ഉൾപ്പെട്ടിരുന്നു. 2025 മാർച്ച് അഞ്ചിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവരുടെ വിസ റദ്ദാക്കി. മാർച്ച് 11ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിപിബി) ഏജൻസി ആപ്പ് ഉപയോഗിച്ച് സ്വയം വിട്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ആഭ്യന്തര സുരക്ഷാ വകുപ്പിന് ലഭിച്ചു'- വകുപ്പ് പ്രസ്താവനയിൽ പറയുന്നു.

വിസ റദ്ദാക്കിയാൽ, അധികാരികൾ നടപടിയെടുക്കുന്നതിന് മുമ്പ് സ്വമേധയാ പോകുന്നത് ഇന്ത്യയിലേക്ക് അടുത്തിടെ നാടുകടത്തപ്പെട്ടവരെപ്പോലെ യുഎസ് സൈനിക വിമാനത്തിൽ കയറ്റി അയയ്ക്കാനുള്ള സാധ്യത ഒഴിവാക്കുന്നു. സ്വയം രാജ്യംവിടാൻ ഇത്തരക്കാർക്ക് ഉപയോ​ഗിക്കാനാവുന്ന സംവിധാനമാണ് സിബിപി ഹോം ആപ്പ്. 'അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുന്ന ആരും രാജ്യത്ത് ഉണ്ടാകരുത്' എന്ന് പറഞ്ഞ്, വിമാനത്താവളത്തിൽ നിന്നുള്ള രഞ്ജനി ശ്രീനിവാസന്റെ ഒരു വീഡിയോ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിൽ പങ്കുവച്ചിട്ടുണ്ട്.

കൊളംബിയ യൂണിവേഴ്സിറ്റിയിലെ അർബൻ പ്ലാനിങ് വിഭാ​ഗത്തിലെ ഡോക്ടറൽ വിദ്യാർഥിനിയാണ് രഞ്ജനി ശ്രീനിവാസൻ. യൂണിവേഴ്സിറ്റിയിലെ ​ ആർക്കിടെക്ചർ, പ്ലാനിങ്, പ്രിസർവേഷൻ ​ഗ്രാജുവേറ്റ് സ്കൂളിൽ ​ഗവേഷണം ചെയ്യുകയാണ് അവർ. അഹമ്മദാബാദിലെ സിഇപിടി സർവകലാശാലയിൽ നിന്ന് ബിരുദവും ഹാർവാഡിൽ നിന്ന് ഫുൾബ്രൈറ്റ് നെഹ്‌റു, ഇൻലാക്സ് സ്‌കോളർഷിപ്പുകളോടെ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് രഞ്ജനി.

​ഗസ്സയിലടക്കം ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയുടെ സാഹചര്യത്തിൽ, ഫലസ്തീനെ പിന്തുണച്ച് ശക്തമായ വിദ്യാർഥി പ്രതിഷേധം നടക്കുന്ന ഇടമാണ് കൊളംബിയ സർവകലാശാല. കഴിഞ്ഞ വർഷം കാംപസിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ മുൻനിരയിലായിരുന്ന, കൊളംബിയയിലെ മുൻ വിദ്യാർഥിയും ഫലസ്തീൻ വംശജനുമായ മഹ്മൂദ് ഖലീലിനെ യുഎസ് അധികൃതർ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മഹ്മൂദിന്റെ ഗ്രീൻ കാർഡ് റദ്ദാക്കിയെങ്കിലും നാടുകടത്തൽ ഫെഡറൽ ജഡ്ജി താത്ക്കാലികമായി തടഞ്ഞിട്ടുണ്ട്.

ഇതിനിടെ, കൊളംബിയ യൂണിവേഴ്സിറ്റിയിലെ മറ്റൊരു വിദ്യാർഥിനിയായ ലെഖാ കോർഡിയയെ സ്റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ന്യൂയോർക്കിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് കഴിഞ്ഞ വർഷം അവരെ അറസ്റ്റ് ചെയ്തിരുന്നു.

ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യാ ആക്രമണത്തിനെതിരെ കൊളംബിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ മഹ്മൂദ്​ ഖലീലിന്റെ അറസ്റ്റിനെതിരെ വൻ പ്രതിഷേധം തുടരുകയാണ്.​ അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ്​ മഹ്മൂദിനെ അറസ്റ്റ്​ ചെയ്​തത്​. ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധങ്ങളിൽ പ​ങ്കെടുത്ത വിദേശികളെ നാടുകടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന്​ ശേഷമുള്ള ആദ്യ അറസ്റ്റാണ്​ മഹ്മൂദ്​ ഖലീലിന്റേത്.

യുഎസ് നിയമനിർമാതാക്കളും പൗരാവകാശ സംഘടനകളും അറസ്റ്റിനെ വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ ത്‌ലൈബ്‌ അറസ്റ്റിനെ അപലപിച്ചുകൊണ്ട്​ പറഞ്ഞു. ഖലീലിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വിശേഷിപ്പിച്ച കൗൺസിൽ ഓൺ അമേരിക്കൻ- ഇസ്‌ലാമിക്‌ റിലേഷൻസ്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നടപടികളെ അപലപിക്കുകയും ചെയ്​തു. ഖലീലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച്​ ന്യൂയോർക്കിലും വാഷിങ്​ടണിലും ആയിരക്കണക്കിന്​ പേർ ​തെരുവിലിറങ്ങി.

അതേസമയം, ഖലീലിന്റെ അറസ്റ്റിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. ഖലീൽ വിദേശ ഹമാസ് അനുകൂല വിദ്യാർഥിയാണെന്ന്​ വിശേഷിപ്പിച്ച ട്രംപ്​ വരാനിരിക്കുന്ന അറസ്റ്റുകളുടെ തുടക്കമാണിതെന്നും വ്യക്തമാക്കി. അതേസമയം, വിദ്യാർഥികളുടെ ഗസ്സ ഐക്യദാര്‍ഢ്യത്തിന്റെ പേരിൽ കൊളംബിയ യൂണിവേഴ്സിറ്റിക്ക് നല്‍കി വരുന്ന 400 മില്യണ്‍ ഡോളര്‍ ഗ്രാന്റുകള്‍ ട്രംപ് ഭരണകൂടം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ക്യാമ്പസിലെ ജൂതവിരുദ്ധത അടിച്ചമര്‍ത്തുന്നതില്‍ കൊളംബിയന്‍ സര്‍വകലാശാല പരാജയപ്പെട്ടു എന്നാരോപിച്ചാണ് ഗ്രാന്റുകള്‍ റദ്ദാക്കിയത്.




TAGS :

Next Story