Quantcast

'ഞങ്ങളുടെ ജീവിതം ആകെ പ്രതിസന്ധിയിലാണ്'- നാടുകടത്തൽ ഭീഷണിയിൽ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾ

വിദ്യാർഥികളിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്

MediaOne Logo

Web Desk

  • Updated:

    2023-06-08 12:33:23.0

Published:

8 Jun 2023 12:22 PM GMT

ഞങ്ങളുടെ ജീവിതം ആകെ പ്രതിസന്ധിയിലാണ്- നാടുകടത്തൽ ഭീഷണിയിൽ കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾ
X

ഒട്ടാവ: നാടുകടത്തൽ ഭീഷണിക്കെതിരെ കാനഡയിൽ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു. ഇന്ത്യയിൽ നിന്നുള്ള എഴുന്നോറോളം വിദ്യാർഥികളാണ് ദിവസങ്ങളായി കാനഡയിലെ തെരുവുകളിൽ പ്രതിഷേധിക്കുന്നത്. വിദ്യാർഥികളിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്.

തങ്ങളുടെ ജീവിതം ആകെ പ്രതിസന്ധിയിലാണെന്നും എല്ലാവരും വലിയ മാനസികസമ്മർദത്തിലാണെന്നും വിദ്യാർഥികൾ പ്രതികരിച്ചു. ചിലർ ആത്മഹത്യയുടെ വക്കിലാണ്. വീടും സ്ഥലവും വരെ വിറ്റിട്ടാണ് പലരും കാനഡയിലേക്ക് പഠിക്കാൻ എത്തിയത്. പ്രശ്നത്തില്‍ ഇന്ത്യൻ ഗവൺമെന്റ് ശക്തമായി ഇടപെടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

കാനഡയിലെ വിവിധ കോളജുകളില്‍ വിദ്യാർഥികള്‍ സമർപ്പിച്ച അഡ്മിഷൻ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർഥികളെ നാടുകാടത്താനായുള്ള കാനേഡിയൻ സർക്കാറിന്റെ തീരുമാനം. നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് എഴുന്നോറോളം വിദ്യാർഥികൾക്ക് കാനഡ ബോർഡർ സർവീസ് ഏജൻസി കത്തയച്ചിട്ടുണ്ട്.

2018ലാണ് വിദ്യാർഥികൾ കാനഡയിൽ എത്തുന്നത്. അഞ്ചുവർഷത്തിന് ശേഷം കാനഡയിൽ സ്ഥിര താമസത്തിനായുള്ള അപേക്ഷ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഭൂരിഭാഗം പേരും പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയിട്ടുമുണ്ട്. സംഭവത്തിൽ ഇന്ത്യയിലെ ട്രാവൽ ഏജൻസികൾക്ക് പങ്കുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

അതേസമയം വിഷയത്തിൽ ആദ്യം മുതലേ ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ഹൈക്കമ്മീഷ്ണറും ഇടപെടുന്നുണ്ടെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. വിദ്യാർഥികൾ കുറ്റക്കാരല്ലെങ്കിൽ അവരെ ശിക്ഷിക്കേണ്ടതില്ല എന്ന നിലപാടിലാണ് കാനഡയെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിലെ സാഹചര്യം വിലയിരുത്തുകയാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. വിദ്യാർഥികൾക്ക് അവരുടെ ഭാഗം ന്യായീകരിക്കാനുള്ള സമയം നൽകുമെന്നും യഥാർഥ പ്രതികളെ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ശ്രമമെന്നും ജസ്റ്റിൻ ട്രൂഡോ കൂട്ടിച്ചേർത്തു.

TAGS :

Next Story