Quantcast

കിർഗിസ്താനിൽ വിദേശ വിദ്യാർഥികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിദ്യാർഥികൾക്ക് ജാഗ്രതാ നിർദേശം

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് നിരവധി വിദ്യാർഥികളാണ് മെഡിക്കൽ പഠനത്തിനായി കിർഗിസ്താൻ തലസ്ഥാനമായ ബിഷ്‌കേകിലുള്ളത്.

MediaOne Logo

Web Desk

  • Published:

    18 May 2024 7:03 AM GMT

Indian Students In Kyrgyzstan Asked To Stay Indoors Amid Mob Attacks
X

ന്യൂഡൽഹി: വിദേശ വിദ്യാർഥികൾക്കെതിരായ ആൾക്കൂട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ഹോസ്റ്റലുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ നിരവധി പാകിസ്താനി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

''നമ്മുടെ വിദ്യാർഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. വിദ്യാർഥികൾക്ക് റൂമിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ 24 മണിക്കൂറും 0555710041 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്''-ഇന്ത്യൻ കോൺസുലേറ്റ് എക്‌സിൽ കുറിച്ചു. സ്ഥിതിഗതികൾ ശാന്തമാണെന്നും വിദ്യാർഥികൾ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

കിർഗിസ്താൻ വിദ്യാർഥികളും ഈജിപ്ഷ്യൻ വിദ്യാർഥികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ മെയ് 13ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് സംഘർഷം വ്യാപിച്ചതെന്ന് പാകിസ്താൻ എംബസി അറിയിച്ചു. സംഘർഷത്തിൽ മൂന്ന് പാകിസ്താനി വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് നിരവധി വിദ്യാർഥികളാണ് മെഡിക്കൽ പഠനത്തിനായി കിർഗിസ്താൻ തലസ്ഥാനമായ ബിഷ്‌കേകിലുള്ളത്. മെഡിക്കൽ സർവകലാശാലകളുടെ ഹോസ്റ്റലുകളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഏതാനും പാക് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ ആരും കൊല്ലപ്പെട്ടതായി വിവരമില്ലെന്നും പാക് എംബസി എക്‌സിൽ അറിയിച്ചു.


TAGS :

Next Story