'മൂന്ന് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടാണ് എണീറ്റത്... ഒന്നും പറയാനാവാത്ത അവസ്ഥ ..'' യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികൾ പറയുന്നു
രേഖകളും വെള്ളവും മാത്രമെടുത്ത് താമസ സ്ഥലം ഒഴിയാൻ പലര്‍ക്കും നിർദേശം ലഭിച്ചിട്ടുണ്ട്
'രാവിലെ മൂന്ന് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടാണ് എണീറ്റത്. ആദ്യം എന്താണെന്ന് മനസിലായില്ല. പിന്നെ കോളജിൽ നിന്നും നാട്ടിൽ നിന്നുമുള്ള മെസേജ് കണ്ടപ്പോഴാണ് യുദ്ധം തുടങ്ങി എന്നത് അറിയുന്നത്'. യുക്രൈൻ തലസ്ഥാനമായ കിയവിലെ ബോഗോമെലറ്റസ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയും മലപ്പുറം ചമ്രവട്ടം സ്വദേശിയുമായ കെ.വി മുഹമ്മദ് സ്വാലിഹ് പറയുന്നു.
'ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് വിമാനത്താവളത്തിലേക്ക് 40 മിനിറ്റ് ദൂരമേയുള്ളൂ.കഴിഞ്ഞ ദിവസങ്ങളിലൊന്നും കാര്യമായി പ്രശ്‌നങ്ങളില്ലായിരുന്നു. വിസകാർഡ് അടിച്ചുകിട്ടത്തിനാൽ ഉടൻ നാട്ടിലേക്ക് മടങ്ങേണ്ട എന്ന നിർദേശമായിരുന്നു കോളജ് അധികൃതർ നൽകിയത്. ഇന്നലെയാണ് വിസാകാർഡ് കിട്ടിയത്. അതനുസരിച്ച് മാർച്ച് രണ്ടിന് ദുബൈയിലേക്ക് ടിക്കറ്റ് എടുത്തിരുന്നു. വിമാനത്തിന്റെ കാര്യം അന്വേഷിക്കാനായി പോയ സുഹൃത്തിനെ വിളിച്ചപ്പോഴാണ് വിമാനത്താവളങ്ങളെല്ലാം അടച്ച കാര്യം അറിയുന്നത്. കോളജ് അധികൃതരും ഏജൻസിയും ഞങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാസ്‌പോർട്ടും സാധനങ്ങളും പാക്ക് ചെയ്ത് റെഡിയായിരിക്കാനാണ് ഏജൻസിക്കാർ പറഞ്ഞത്. പ്രശ്‌നം അധികം രൂക്ഷമാകുകയാണെങ്കിൽ പോളണ്ടിലേക്ക് തൽക്കാലം മാറ്റുമെന്നുമെല്ലാം ഏജന്‍സിക്കാര്‍ പറഞ്ഞിരുന്നു. നേരം വെളുത്തത് മുതല്‍ എല്ലാവരും വസ്ത്രവും മറ്റും ബാഗിലാക്കാനുള്ള തിരക്കിലാണെന്നും ഇനി അവസ്ഥ എന്താകും എന്നറിയില്ലെന്നും ' സ്വാലിഹ് പറയുന്നു.
'ഇന്ന് പുലർച്ചെ അഞ്ചരയായപ്പോൾ സ്‌ഫോടനശബ്ദം കേട്ടതായി ഒഡേസയിലെ മെഡിക്കൽ വിദ്യാർഥിനിയായ അപർണവേണുഗോപാൽ പറഞ്ഞു.'ശബ്ദം കേട്ടപ്പോൾ ബോംബാക്രമണമാണെന്ന് ഒരിക്കലും ചിന്തിച്ചതേയില്ല. കാരണം ഇന്നലെ വരെ ഒരു പ്രശ്‌നവുമില്ലായിരുന്നു. രാത്രിവരെ സിറ്റിയൊക്കെ വളരെ സജീവമായിരുന്നു. പൊലീസ് ചിലരുടെയൊക്കെ രേഖകളൊക്കെ പരിശോധിക്കുന്നുണ്ടായിരുന്നു എന്നതൊഴിച്ചാൽ വേറെ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നു. വീട്ടിൽ നിന്ന് വിളിച്ചപ്പോഴാണ് യുദ്ധം തുടങ്ങിയ വിവരം അറിയുന്നത്. പോർട്ടിന്റെ അവിടെ ആക്രമണം നടന്നു എന്ന് കേൾക്കുന്നുണ്ട്. യുക്രൈനിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ഒഡേസ. കിർകിവിലെ സുഹൃത്തുക്കളെ വിളിച്ചപ്പോൾ വെള്ളവും രേഖകളും എടുത്ത് പുറത്തിറങ്ങാൻ പറഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞിട്ടുണ്ട്. ക്ലാസ് എന്താവുമെന്ന കാര്യത്തിൽ യൂണിവേഴ്‌സിറ്റിയുടെ നിർദേശം കാത്ത് നിൽക്കുയായിരുന്നു ഇതുവരെ. ഞാനിന്ന് ദുബൈയിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തിരുന്നു'. പക്ഷേ വിമാന സർവീസെല്ലാം നിർത്തലാക്കിയിട്ടുണ്ടെന്നും' അപർണ പറയുന്നു.
കിർകിവ് നഗരം പുകയിൽ മൂടിയെന്ന് മലയാളി വിദ്യാർഥി ആകർഷ് അനിൽ കുമാർ പറഞ്ഞു. 'രണ്ട് മണിക്കൂർ മുമ്പ് വരെ സ്‌ഫോടന ശബ്ദം കേട്ടു. രേഖകളും വെള്ളവും മാത്രമെടുത്ത് താമസ സ്ഥലം ഒഴിയാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ബങ്കറുകളിലേക്ക് മാറാനാണ് നിർദേശം ലഭിച്ചതെന്നും കിർകിവിൽ നിരവധി മരണം നടന്നിരിക്കാൻ സാധ്യതയുണ്ടെന്നും ' ആകർഷ് പറയുന്നു.
Indian Students were preparing to come back when this happened. Air India's rescue flight AI1947 has been called back enroute but students are safe and Indian embassy is in touch with them. Captured by a student.#RussiaUkraineConflict pic.twitter.com/CbMUCE78IW
— Rohan Singh (@rohan18april) February 24, 2022
ഇവരെ പോലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് യുക്രൈനിലെ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്നും അടുത്ത ദിവസങ്ങളിലുമായി ടിക്കറ്റ് എടുത്ത നിരവധി വിദ്യാർഥികളും ഇതോടെ നാട്ടിലേക്കെത്താനാവാതെ കുടുങ്ങിയിരിക്കുകയാണ്. അതേ സമയം വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും മേഖലയിലെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യൻ എംബസിയടക്കം അറിയിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
Adjust Story Font
16