Quantcast

തുർക്കി, പാകിസ്താൻ വിദ്യാർഥികൾക്കും ത്രിവർണ പതാക തണലായെന്ന് വാർത്ത

ഇന്ത്യക്കാർക്കും ഇന്ത്യൻ പതാകയേന്തിയവർക്കും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് യുക്രൈനിൽ വെച്ച് തങ്ങൾക്ക്‌ വിവരം കിട്ടിയിരുന്നുവെന്ന് ദക്ഷിണ യുക്രൈനിലെ ഒഡേസയിൽനിന്നെത്തിയ വിദ്യാർഥി

MediaOne Logo
തുർക്കി, പാകിസ്താൻ വിദ്യാർഥികൾക്കും ത്രിവർണ പതാക തണലായെന്ന് വാർത്ത
X

യുദ്ധം നടക്കുന്ന യുക്രൈനിൽനിന്ന് രക്ഷപ്പെടാൻ പാകിസ്താൻ, തുർക്കി വിദ്യാർഥികൾക്കും ഇന്ത്യയുടെ ത്രിവർണ പതാക തണലായെന്ന് വാർത്ത. വാർത്താ ഏജൻസിയായ യു.എൻ.ഐയാണ് ഇന്ത്യക്കാർക്ക് പുറമേ ഇതര രാജ്യക്കാർക്കും പതാക തുണയായത് റിപ്പോർട്ട് ചെയ്തത്. ഓപ്പറേഷൻ ഗംഗ വഴി യുക്രൈനിൽ നിന്ന് റൊമാനിയയിലെ ബുഷാറെസ്റ്റിലൂടെ വന്ന ഇന്ത്യൻ വിദ്യാർഥികളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. യുദ്ധം രൂക്ഷമായ രാജ്യത്തെ പല ചെക്ക്‌പോസ്റ്റുകളിലും ഇവർക്ക് സഹായമായത് ഇന്ത്യൻ പതാകയായിരുന്നുവെന്ന് ഇവർ വ്യക്തമാക്കി.

ഇന്ത്യക്കാർക്കും ഇന്ത്യൻ പതാകയേന്തിയവർക്കും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന് യുക്രൈനിൽ വെച്ച് തങ്ങൾക്ക്‌ വിവരം കിട്ടിയിരുന്നുവെന്ന് ദക്ഷിണ യുക്രൈനിലെ ഒഡേസയിൽനിന്നെത്തിയ വിദ്യാർഥി പറഞ്ഞു. മാർക്കറ്റിലെത്തി കർട്ടണും സ്‌പ്രേ പെയിൻറും വാങ്ങി ഇന്ത്യൻ പതാക നിർമിച്ചതും വിദ്യാർഥികൾ വിവരിച്ചു.

അതേസമയം, ഖാർകീവിൽ വൻ ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നതായി സൂചനയുണ്ട്. റഷ്യ തന്നെയാണ് വിവരം കൈമാറിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർ ഉടൻ ഖാർകീവിൽ നിന്ന് ഒഴിയണമെന്നും ട്രെയിനിന് വേണ്ടി കാത്തിരിക്കാതെ കാൽനടയായി പരമാവധി ദൂരത്തേക്കു മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കൻ യുക്രൈൻ നിലവിൽ പ്രശ്‌നബാധിത മേഖലയാണ്. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. പെസോചിൻ, ബബയെ, ബെസിഡോൽക എന്നിവിടങ്ങളിലേക്കു മാറണമെന്നാണ് നിർദേശം. പെസോചിനിലേക്ക് 11 കി.മി, ബബായിലേക്ക് 12 കി.മി, ബെസിഡോൽകയിലേക്ക്16 കി.മി. എന്നിങ്ങനെയാണ് ദൂരം.

രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ച നടത്തുന്നുണ്ട്. സുരക്ഷിത പാത ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. യുക്രൈനുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിയവിൽ നിന്നും ഇന്ത്യക്കാരെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. പാസ്പോർട്ട് നഷ്ടപ്പെട്ട വിദ്യാർഥികള്‍ക്കായി ബദൽ സംവിധാനമൊരുക്കുമെന്നും വിദ്യാർഥികളുടെ പ്രയാസങ്ങൾ മനസിലാകുന്നുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. 20000 ഇന്ത്യക്കാരാണ് യുക്രൈനില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും തിരികെയെത്തിക്കും. 17000 ഇന്ത്യക്കാര്‍ ഇതുവരെ യുക്രൈൻ വിട്ടു. 3,352 പേരാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ബുക്കാറസ്റ്റിൽനിന്നുള്ള ആദ്യ വിമാനം സി-17 ഇന്നു രാത്രിയോടെ ഡൽഹിയിലെത്തും. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമാനങ്ങൾ ഇന്ത്യക്കാരുമായി എത്തി. ഇതുവരെ 15 വിമാനങ്ങളാണ് യുക്രൈനില്‍ നിന്ന് എത്തിയതെന്നും ബാഗ്ചി പറഞ്ഞു.


Indian tricolor flag shaded by Pakistani and Turkish students to escape war-torn Ukraine

TAGS :

Next Story