'അമാനുഷിക കഴിവുകൾ ലഭിക്കണം'; ഭക്ഷണം നൽകാതെ സൂര്യപ്രകാശം മാത്രം നൽകിയ കുഞ്ഞ് മരിച്ചു, ഇൻഫ്‌ളുവൻസർക്ക് എട്ടുവർഷം തടവ്
സൂര്യൻ കുഞ്ഞിന് ഭക്ഷണം നൽകുമെന്നായിരുന്നു ലൂട്ടിയുടെ വിശ്വാസം
ഒരു മാസം പ്രായമുള്ള മകന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ റഷ്യൻ ഇൻഫ്‌ളുവൻസർക്ക് എട്ടുവർഷം തടവ്. മാക്‌സിം ല്യുട്ടി എന്നയാളാണ് ശിക്ഷിച്ചത്. തന്റെ കുഞ്ഞിന് അമാനുഷിക കഴിവുകൾ ലഭിക്കാൻ വേണ്ടി ഭക്ഷണം നിഷേധിക്കുകയും സൂര്യപ്രകാശം മാത്രം കൊള്ളിക്കുകയായിരുന്നു. കോസ്‌മോസ് എന്ന പേരുള്ള കുഞ്ഞിന് സൂര്യപ്രകാശത്തിൽ അമാനുഷിക കഴിവുകൾ കിട്ടുമെന്നായിരുന്നു പിതാവിന്റെ വിശ്വാസം.എന്നാൽ ഭക്ഷണം ലഭിക്കാതെ പോഷകാഹാരക്കുറവും ന്യുമോണിയയും ബാധിച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മാർച്ചിലാണ് കുട്ടി മരിച്ചത്. പ്രസവത്തിനായി ആശുപത്രിയിൽ പോകാൻ പോലും ലൂട്ടി വിസമ്മതിക്കുകയും വീട്ടിൽ നിന്നാണ് കുഞ്ഞ് ജനിച്ചതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭക്ഷണം നൽകരുതെന്ന് പങ്കാളിയോട് നിർദേശിക്കുകയും ചെയ്തു.സൂര്യൻ കുഞ്ഞിന് ഭക്ഷണം നൽകുമെന്ന് അയാൾ വിശ്വസിപ്പിച്ചു. എന്നാൽ പങ്കാളിയായ ഒക്‌സാന കുഞ്ഞിനെ രഹസ്യമായി മുലപ്പാൽ കൊടുക്കാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ പലപ്പോഴും മാക്‌സിമിനെ ഭയന്ന് കുഞ്ഞിന് പാല് കൊടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല. സൂര്യപ്രകാശം മാത്രം നൽകി കുഞ്ഞിനെ വളർത്താമെന്ന് തെളിയിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പരമ്പരാഗതമായ വൈദ്യചികിത്സയിലൊന്നും വിശ്വാസമില്ലാത്ത മാക്‌സിം കുഞ്ഞിനെ തണുത്ത വെള്ളത്തിൽ കുളിപ്പിക്കുകയും ചെയ്തിരുന്നു.
ഗുരുതരാവസ്ഥയിലായ കുഞ്ഞിന് 3.5 പൗണ്ട് ഭാരം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ആശുപത്രിയിലെത്തും മുമ്പ് കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. തുടർന്നാണ് 48 കാരനായ മാക്‌സിം ലൂട്ടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് കേസിൽ ശിക്ഷ വിധിച്ചത്.
Adjust Story Font
16