Quantcast

ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പന്നയായി ധനമന്ത്രിയുടെ ഭാര്യ; വിവാദങ്ങൾക്ക് നടുവിൽ അക്ഷത മൂർത്തി

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകള്‍ കൂടിയായ അക്ഷതക്ക് നികുതി ഇളവ് നല്‍കിയെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Published:

    10 April 2022 5:04 AM GMT

ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പന്നയായി ധനമന്ത്രിയുടെ ഭാര്യ;  വിവാദങ്ങൾക്ക് നടുവിൽ അക്ഷത മൂർത്തി
X

ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി രാജ്ഞിയേക്കാൾ സമ്പന്നയാണെന്ന് അടുത്തിടെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തിയുടെയും മനുഷ്യസ്നേഹിയായ അമ്മ സുധ മൂർത്തിയുടെയും മകൾ കൂടിയായ അക്ഷതയ്ക്ക് ഇൻഫോസിസിൽ ഏകദേശം ഒരു ബില്യൺ ഡോളറിന്റെ ഓഹരികൾ സ്വന്തമായുണ്ട്.2021-ലെ സൺഡേ ടൈംസിന്റെ സമ്പന്നരുടെ പട്ടിക അനുസരിച്ച് അക്ഷത എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയാണ്. 2021 ലെ റിപ്പോർട്ട് പ്രകാരം ബ്രിട്ടീഷ് രാജ്ഞിക്ക് 460 മില്യൻ ഡോളറിന്റെ സമ്പത്താണുള്ളത്.

ലണ്ടനിലെ കെൻസിംഗ്ടണിൽ ഏഴ് മില്യൺ പൗണ്ടിന്റെ അഞ്ച് കിടപ്പുമുറികളോട് കൂടിയ വീടും കാലിഫോർണിയയിലെ സാന്താ മോണിക്കയിലുള്ള ഒരു ഫ്‌ളാറ്റും ഉൾപ്പെടെ കുറഞ്ഞത് നാല് വസ്തുവകകൾ അക്ഷതയും ഋഷി സുനക്കും സ്വന്തമാക്കിയിട്ടുണ്ട്. 2013 ൽ സുനക്കിനൊപ്പം സ്ഥാപിച്ച വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയായ കാറ്റമരൻ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടർ കൂടിയാണ് അക്ഷത.2010 മുതൽ അക്ഷത ഫാഷൻസ് എന്ന സ്ഥാപനവും അവർ നടത്തുന്നുണ്ട്.

എന്നാൽ ബ്രിട്ടീഷ് സർക്കാർ അടുത്തിടെ അവതരിപ്പിച്ച ബജറ്റിൽ നികുതി നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. എന്നാൽ ധനമന്ത്രിയുടെ ഭാര്യയെ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നുവെന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു. കൂടാതെ അക്ഷതയുടെ വിദേശ വരുമാനത്തിനും ബ്രിട്ടീഷ് സർക്കാർ നികുതി ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ഏകദേശം 197 കോടി രൂപയോളം നികുതിയിനത്തിൽ അക്ഷതക്ക് ഇളവ് നൽകിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബ്രിട്ടീഷ് ധനമന്ത്രിയുടെ ഭാര്യയാണെങ്കിലും അക്ഷത ഇപ്പോഴും ഇന്ത്യൻ പൗരയാണ്. യുകെയിൽ നോൺ-ഡൊമിസൈൽ പദവിയുള്ള വ്യക്തികൂടിയാണ് അക്ഷത. പൗരന്മാരല്ലാത്തവർക്ക് വിദേശത്ത് നിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല എന്നാണ് ബ്രിട്ടനിലെ നിയമം. അതുകൊണ്ട് തന്നെ അക്ഷതക്ക് ഇൻഫോസിസിലെ 0.93 ശതമാനം ഓഹരികളിൽ നിന്നായി പ്രതിവർഷം ലഭിക്കുന്ന 11.56 കോടി രൂപക്ക് നികുതി അടക്കേണ്ടതില്ല. സംഭവം വിവാദമായതോടെ തനിക്ക് ലഭിക്കുന്ന എല്ലാ വരുമാനങ്ങൾക്കും ബ്രിട്ടണിൽ നികുതിയടക്കുമെന്ന് അക്ഷത പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 'എന്റെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭർത്താവിന് മേൽ പഴിചാരാണോ കുടുംബത്തെ ബാധിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.

എന്നിരുന്നാലും നികുതിയിൽ നിന്ന് ഭാര്യയെ ഒഴിവാക്കിയ വിവാദം ധനമന്ത്രിയായ ഋഷി സുനകിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിൻഗാമിയാകുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന നേതാവ് കൂടിയാണ് ഋഷി. തന്റെ ഭാര്യയുടെ സാമ്പത്തിക നിക്ഷേപങ്ങൾ തന്റേതിൽ നിന്ന് വേറിട്ടതാണെന്നും, ഭാര്യാപിതാവിന്റെ സമ്പത്തിനെക്കുറിച്ചും ഭാര്യയുടെ നികുതി ക്രമീകരണങ്ങളെക്കുറിച്ചും ഉള്ള ചോദ്യങ്ങൾ തന്നെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ പ്രേരിത ശ്രമങ്ങളാണെന്നും ഋഷി സുനക് പറഞ്ഞു.

TAGS :

Next Story