Quantcast

ട്രംപ് വീണ്ടും പ്രസിഡന്റ്; 'റീയൂണിയൻ' ഉണ്ടാകുമോ കിമ്മുമായി? ഉത്തര കൊറിയ-യുഎസ് ബന്ധത്തിൽ ഇനിയെന്ത്?

കിമ്മിനെ കുറിച്ച് വലിയ മതിപ്പാണ് ട്രംപിന്, കിമ്മൊരു 'സ്മാർട്ട് ഗൈ' ആണെന്നാണ് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പരാമർശിച്ചത്

MediaOne Logo

Web Desk

  • Updated:

    28 Jan 2025 10:03 AM

Published:

28 Jan 2025 9:41 AM

Inside Trump and Kim Jong-Uns curious relationship
X

2019ലാണ്... അന്നത്തെ യുഎസ് പ്രസിഡന്റ് ആയിരുന്ന ഡോണൾഡ് ട്രംപ് ഉത്തര കൊറിയയിലെത്തിയ സമയം. ഉത്തര-ദക്ഷിണ കൊറിയകളെ വേർതിരിക്കുന്ന, അതീവ സുരക്ഷാ മേഖലയായ ഡീമിലിറ്ററൈസ്ഡ് സോൺ അഥവാ ഡിഎംസി കാണണമെന്ന് വാശിപിടിച്ചു ട്രംപ്. ട്രംപിന്റെ പെട്ടെന്നുള്ള വരവിന്റെ ആശ്ചര്യം തന്നെ മാറിയിട്ടില്ല. അപ്പോഴാണ് ശത്രുവിന്റെ അതിർത്തി കാണണമെന്ന വാശിയും... അമ്പരപ്പ് മാറാത്ത മുഖവുമായി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ട്രംപിന്റെ കൈപിടിച്ച്, തോളിൽ തട്ടി ആലിംഗനം ചെയ്തു. ശേഷം ട്രംപുമായി ആ അതിർത്തി പ്രദേശത്തേക്ക് നടന്നു...

ആ ചരിത്രപരമായ മുഹൂർത്തം ഒപ്പിയെടുക്കാൻ ക്യാമറകൾ അന്ന് ഇടവേളയില്ലാതെ മിന്നി.. യുഎസ് മാധ്യമപ്രവർത്തകരുടെ ഉന്തും തള്ളും കണ്ട് കണ്ണു തള്ളിയ കിമ്മിന്റെ ബോഡി ഗാർഡ്‌സിന്റെ പ്രധാന ജോലി, തിക്കിലും തിരക്കിലും പെട്ട് താഴെ വീഴുന്ന വീഡിയോ ജേണലിസ്റ്റുകളെ എണീപ്പിക്കുകയായിരുന്നു.

പെട്ടെന്നായിരുന്നു ട്രംപിന്റെ കൊറിയൻ സന്ദർശനം. അതിൽ തന്നെ ഡിഎംസി കാണാനുള്ള ആവശ്യം തീരെ അപ്രതീക്ഷിതവും... അതിർത്തി രേഖയിൽ നിന്ന് ട്രംപിനോട് കിം അത് പങ്കുവയ്ക്കുകയും ചെയ്തു- ഈ സ്ഥലത്ത് വെച്ച് ഇങ്ങനെയൊരു കൂടിക്കാഴ്ച തീരെ പ്രതീക്ഷിച്ചില്ലെന്ന്... ലോകമാധ്യമങ്ങൾക്കും വലിയ തിരിച്ചടിയായിപ്പോയി ഈ 'ലാസ്റ്റ് മിനിറ്റ് സർപ്രൈസ്'. വെറും 30 മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് തന്റെ ഉത്തര കൊറിയൻ സന്ദർശനം ട്രംപ് പുറംലോകത്തെ അറിയിച്ചത്. അതുകൊണ്ടുതന്നെയാകണം ടിവി മീഡിയയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും സ്‌പെഷ്യലായ മൊമന്റായി അത് മാറി.

എന്നാൽ യുഎസ് പ്രസിഡന്റായി ട്രംപിതാ വീണ്ടും അധികാരമേറ്റിരിക്കുന്നു... ഉത്തര കൊറിയയിൽ കിം പ്രസിഡന്റായി തുടരും എന്നത് കൊണ്ടു തന്നെ ഇത്തരം 'ക്യാൻഡിഡ്' മൊമന്റുകൾക്ക് സാധ്യതകളേറെ ആണെന്നാണ് വിലയിരുത്തൽ. കിമ്മിനെ ഇനിയും കാണാൻ ആഗ്രഹമുണ്ടെന്ന് ഈയിടെ ട്രംപ് പറയുകയും കൂടി ചെയ്തതോടെ ആ റീയുണിയൻ ഏറെക്കുറേ ഉറപ്പാകുകയും ചെയ്തു.

കിമ്മിനെ കുറിച്ച് വലിയ മതിപ്പാണ് ട്രംപിന്. കിമ്മൊരു സ്മാർട്ട് ഗൈ ആണെന്നാണ് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പരാമർശിച്ചത്. കിം ഒരു മതവാദി അല്ലാത്തത് കൊണ്ടു തന്നെ താനുമായി ചേർന്ന് പോകും എന്നും പറഞ്ഞു ട്രംപ്... പക്ഷേ കിമ്മിന് തിരിച്ച് ട്രംപിനോടും യുഎസിനോടും അത്ര മതിപ്പുണ്ടോ എന്ന കാര്യത്തിൽ ആർക്കായാലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരും. ബൈഡന്റെ ഭരണത്തിൽ കഴിഞ്ഞ നാല് വർഷമായി ഉത്തരകൊറിയയുമായി യുഎസിന് അത്ര നല്ല ബന്ധമല്ല. വൈറ്റ് ഹൗസ് അയച്ച പല മെസേജുകൾക്കും പ്യോങ്യാങ് മറുപടി നൽകിയതുമില്ല.

ട്രംപ് കഴിഞ്ഞ തവണ അധികാരത്തിലുണ്ടായിരുന്നപ്പോഴാണ് ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ അവസാനമായൊരു കൂടിക്കാഴ്ച നടന്നത്. കാര്യമായി ശ്രമിച്ചെങ്കിലും അന്നും അണ്വായുധങ്ങൾ സംബന്ധിച്ച് ഉത്തര കൊറിയയിൽ നിന്ന് അനുകൂലമായ മറുപടി അമേരിക്കയ്ക്ക് ലഭിച്ചില്ല. അമേരിക്കയ്ക്ക് നേരെയും വേണമെങ്കിൽ അണ്വായുധം പ്രയോഗിക്കും എന്ന് കിം പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് നടപ്പാക്കാതിരിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് യുഎസ്.

പക്ഷേ അന്നത്തെ ആ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മിസൈൽ പ്രോഗ്രാമുകൾ കുറച്ച് കൂടി വികസിപ്പിക്കുകയാണ് കിം ചെയ്തത്. അന്താരാഷ്ട്ര വിലക്ക് മറികടന്ന് ഹൈപ്പർസോണിക് മിസൈലുകൾ വിക്ഷേപിക്കുകയും ചെയ്തു. കിമ്മും ഞാനും വലിയ കൂട്ടാണ് എന്ന ട്രംപിന്റെ വീമ്പു പറച്ചിലിന് വലിയ തിരിച്ചടിയായിരുന്നു ഈ സംഭവം.

ഇനിയിപ്പോൾ ട്രംപ് തിരിച്ചെത്തിയതോടെ ഉത്തര കൊറിയയുമായി യുഎസിന് ഏത് തരത്തിലുള്ള ബന്ധമായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏറെ വ്യത്യസ്തനായ ഒരു കിമ്മാണ് ഇപ്പോൾ അമേരിക്കയ്ക്ക് മുന്നിൽ. കഴിഞ്ഞ നാല് വർഷം കൊണ്ട് മറ്റ് ലോകനേതാക്കളുമായി നല്ല ബന്ധം വളർത്തിയെടുക്കാൻ കിമ്മിനായിട്ടുണ്ട്. രണ്ടാം ടേമിലെത്തിയ ട്രംപിനോടും ഇതേ രീതിയിലാണ് കിമ്മിന്റെ സമീപനമെങ്കിൽ അമേരിക്കയ്ക്കത് വലിയ മുതൽക്കൂട്ടാകും.

2017ലെ കിം അല്ല ഇപ്പോഴെന്ന് ട്രംപിനെ ബോധ്യപ്പെടുത്താനാവും ഇനിയങ്ങോട്ട് ഉത്തര കൊറിയയുടെ ശ്രമം. സൈനികപരമായി രാഷ്ട്രീയപരമായും താൻ വളരെയധികം ശക്തി പ്രാപിച്ചു എന്ന് തെളിയിക്കാനായാൽ പണ്ട് നടന്നത് പോലയുള്ള കണ്ടുമുട്ടലാവില്ല ഇനി ഇരുവരുടേതും. ഇപ്പോഴാണെങ്കിൽ കിമ്മിന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ കൂട്ടുണ്ട് താനും. യുക്രെയ്ൻ യുദ്ധത്തിൽ സൈനികരെയും ആയുങ്ങളും നൽകി സഹായിച്ചതിന് ഭക്ഷ്യവസ്തുക്കളും ഇന്ധനവുമടക്കം റഷ്യ ഉത്തര കൊറിയയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ഇനി അവശ്യവസ്തുക്കൾക്ക് ഉത്തര കൊറിയയ്ക്ക് യുഎസിനോട് സഹായമഭ്യർഥിക്കേണ്ട ആവശ്യവും വരുന്നില്ല.

ഉത്തര കൊറിയ ഉൾപ്പെടുന്ന സെൻസിറ്റീവ് വിഷയങ്ങളിലെ ഇടപെടലിനായി ഒരു നയതന്ത്രപ്രതിനിധിയെ പ്രത്യേകം നിയമിച്ചത് ട്രംപിന്റെ ചിന്തകളും ഈ പേടിയിൽ നിന്ന് ഉടലെടുത്തതാണെന്ന് തെളിയിക്കുന്നതാണ്. കിമ്മുമായുള്ള കൂടിക്കാഴ്ചകൾ ഒരുക്കിയ പ്രതിനിധികളിൽ ചിലരെ ട്രംപ് തിരിച്ച് വിളിച്ചിട്ടുണ്ട്. യുഎസിലെ മുൻ ജർമൻ അംബാസഡറായിരുന്ന റിച്ചാർഡ് ഗ്രനൽ ആണ് ഇതിലൊരാൾ. ഉത്തര കൊറിയ ഉൾപ്പടെ ലോകത്തെ ഹോട്ടസ്റ്റ് സ്‌പോട്ടുകൾ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തേക്ക് ട്രംപിനെ അനുഗമിക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഡ്യൂട്ടി.

ട്രംപിന്റെ തിരിച്ചുവരവിൽ എന്തായാലും കരുതി തന്നെയാണ് ഉത്തര കൊറിയ എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. യുഎസ് ഗവൺമെന്റിലെ നോർത്ത് കൊറിയൻ മീഡിയ അനലിസ്റ്റ് റേച്ചൽ മിൻയങ് ലീ ബിബിസിയോട് പറഞ്ഞത്, ട്രംപിന്റെ രണ്ടാമൂഴത്തിൽ തയ്യാറായിരിക്കണം എന്ന് സ്റ്റേറ്റ് മീഡിയ വഴി പ്യോങ്യാങ് ജനങ്ങൾക്ക് നിർദേശം നൽകി എന്നാണ്. ഇതുകൊണ്ടു തന്നെ ഉത്തര കൊറിയയുമായി നേരിട്ട് സംവദിക്കുക എന്നത് മുമ്പത്തേതിലും പ്രയാസകരമായിരിക്കാം എന്ന് അവർ കൂട്ടിച്ചേർക്കുന്നുമുണ്ട്.

"നടക്കാൻ സാധ്യതയുള്ള രണ്ട് കാര്യങ്ങളാണുള്ളത്... ഒന്ന്, റഷ്യയുമായുള്ള ബന്ധം അത്ര സുഖരമല്ല എന്നത് കൊണ്ടോ മറ്റോ അമേരിക്കയുമായി അണ്വായുധത്തിന്റെ ഉപയോഗത്തെ കുറിച്ചടക്കം എപ്പോൾ വേണമെങ്കിലും ഉത്തര കൊറിയ ചർച്ചയ്ക്ക് സന്നദ്ധരായേക്കാം. രണ്ട് മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി ഉത്തര കൊറിയയെ ആകർഷിക്കുന്ന എന്തെങ്കിലും ഒരു കരാർ അമേരിക്ക മുന്നോട്ട് വച്ചേക്കാം"- ലീ പറയുന്നു..

കിമ്മുമായി ഇനിയുമൊരു കൂടിക്കാഴ്ചയ്ക്ക് മുമ്പ് വലിയ തയ്യാറെടുപ്പുകൾ യുഎസിന് നടത്തേണ്ടതുണ്ടെന്നാണ് യുഎസ് നാഷണൽ ഇന്റലിജൻസ് കൗൺസിൽ നോർത്ത് കൊറിയൻ പ്രതിനിധി ആയിരുന്ന സിഡ്‌നി സെയ്‌ലർ പറയുന്നത്.

'ആണ്വായുധങ്ങളുടെ പ്രയോഗത്തിലുള്ള നിയന്ത്രണം ചർച്ചയ്ക്ക് പറ്റിയ ഒരു മികച്ച തിരഞ്ഞെടുപ്പാവില്ല. അത് നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ചിലപ്പോൾ കിം ചർച്ചയ്ക്ക് ഇരിക്കുമായിരിക്കും, മിസൈലുകൾ വിക്ഷേപിക്കുന്നതിലെ എതിർപ്പ് കണക്കിലെടുക്കുമായിരിക്കും.. ഏഴാമതും ഒരു ആണവ പരീക്ഷണം നടത്താൻ അവർ മുതിർന്നേക്കുകയുമില്ല. അതാണ് നമുക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല കാര്യം.

പക്ഷേ ഇതിനൊരു മറുവശമുണ്ട്. ചർച്ചകളെല്ലാം നടത്തിയാലും ഇനിയും അവർ അണ്വായുധ പരീക്ഷണം നടത്തും. അപ്പോൾ ട്രംപ് ആലോചിക്കണം, ഉത്തര കൊറിയയുമായി ചർച്ച നടത്തിയിട്ട് കാര്യമുണ്ടോ എന്ന്. കഴിഞ്ഞ തവണത്തെ ചർച്ചയിൽ നിന്ന് എന്ത് നേടി ട്രംപ് ഓർക്കുന്നത് നന്ന്"- അവർ കൂട്ടിച്ചേർക്കുന്നു.

2017 ജനുവരിയിൽ അധികാരമേറ്റതിന് പിന്നാലെ ഉത്തര കൊറിയയെ കുറിച്ച് ഉപദേഷ്ടാക്കൾ ട്രംപിന് മുന്നറിയിപ്പുകളേറെ നൽകിയിരുന്നു. മുമ്പത്തെ മൂന്ന് പ്രസിഡന്റുമാർ ശ്രമിച്ചിട്ടും പരാജയപ്പെട്ട, അണ്വായുധങ്ങളുടെ പ്രയോഗത്തെ കുറിക്കുന്ന ചർച്ചകളും പറഞ്ഞു. എന്നാൽ ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓരോ മാസവും കിം മിസൈലുകളയയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് ട്രംപ് കിമ്മിനെ 'ലിറ്റിൽ റോക്കറ്റ് മാൻ' എന്നും തിരിച്ച് കിം ട്രംപിനെ 'ഭ്രാന്തനായ കിഴവൻ' എന്നും പരിഹസിച്ചു. പരസ്പരം അണ്വായുങ്ങൾ പ്രയോഗിക്കും എന്ന ഭീഷണിയിലാണ് ഈ വാക്കുതർക്കം അവസാനിച്ചത്.

ഇതിൽ പിന്നെ വിന്റർ ഒളിംപിക്‌സിൽ ഇരുവരും ഒന്നിച്ചെത്തിയെങ്കിലും അമേരിക്കയുടെ താല്പര്യങ്ങൾക്കൊന്നും വഴങ്ങില്ല എന്ന സമീപനം തന്നെയാണ് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുണ്ടായത്. മഞ്ഞുരുക്കം എന്ന തരത്തിൽ ഒരു കൂടിക്കാഴ്ച ഉണ്ടായത് പിന്നീട് 2019ലാണ്. എന്നാൽ ഇതിലും കിമ്മിന്റെ വാശികൾക്ക് കീഴടങ്ങാൻ ട്രംപ് നിർബന്ധിതനായി. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ എന്താവും യുഎസ്-ഉത്തര കൊറിയ ബന്ധം എന്ന ചോദ്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഉയർന്നു കേൾക്കുന്നത്.

TAGS :

Next Story