ഇസ്രായേലിന്റെ ഗസ്സ വംശഹത്യക്കെതിരായ ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി നാളെ
നേരത്തേ ആസൂത്രണം ചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്ക തെളിവുകൾ നിരത്തി വാദിച്ചിരുന്നു.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യക്ക് അറുതി വേണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ ഹേഗ് അന്താരാഷ്ട്ര നീതിന്യായ കോടതി നാളെ വിധി പറയും. വിധി എന്തു തന്നെയായാലും അംഗീകരിക്കുന്ന പ്രശ്നമില്ലെന്നാവർത്തിച്ച് ഇസ്രായേൽ. നേരത്തേ ആസൂത്രണം ചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്ക തെളിവുകൾ നിരത്തി വാദിച്ചിരുന്നു.
ഭക്ഷണം, വെള്ളം, ആരോഗ്യപരിപാലനം, ഇന്ധനം, ശുചിത്വം, വാർത്താവിനിമയം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ വരെ നിരസിച്ചും മാരകമായ ബോംബുകൾ വർഷിച്ചും ഗസ്സയിൽ വംശഹത്യയാണ് ഇസ്രായേൽ നടത്തുന്നതെന്ന ദക്ഷിണാഫ്രിക്കൻ വാദം ഇസ്രായേൽ തള്ളുകയായിരുന്നു. ഒക്ടോബർ ഏഴിന്റെ ആക്രമണത്തിനുള്ള സ്വാഭാവിക പ്രതിരോധം മാത്രമാണ് തങ്ങളുടേതെന്നാണ് കോടതിയിൽ ഇസ്രായേൽ വാദിച്ചത്. ഇസ്രായേൽ അംഗീകരിച്ചാലും ഇല്ലെങ്കിലും വിധി ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമ്മർദം കടുപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് ദക്ഷിണാഫ്രിക്കൻ പ്രതീക്ഷ.
ഖത്തർ നേതൃത്വത്തിൽ ബന്ദിമോചനവുമായി ബന്ധപ്പെട്ട വെടിനിർത്തൽ ചർച്ചകൾ ഊർജിതമാണെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഇസ്രായേലി ബന്ദികളെ ഹമാസും ഫലസ്തീനി തടവുകാരെ ഇസ്രായേലും വിട്ടയക്കുന്ന വെടിനിർത്തൽ നടപ്പാക്കാനുള്ള ചർച്ചകളാണ് യു.എസ് കാർമികത്വത്തിൽ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൗസ് വക്താവ് മക്ഗർക്കിന് പുറമെ ഖത്തർ, ഈജിപ്ത് പ്രതിനിധികളും തിരക്കിട്ട നീക്കങ്ങളിൽ പങ്കാളികളാണ്. വെടിനിർത്തലിന് പുറമെ ഗസ്സയിൽ കൂടുതൽ സഹായമെത്തിക്കുന്നതും ഇതിന്റെ ഭാഗമാകും.
വെടിനിർത്തൽ സുസ്ഥിരമാവണമെന്നാണ് ഹമാസ് ആവശ്യം. ഭാവി ഗസ്സയുടെ ഭരണം സംബന്ധിച്ച തീരുമാനവും ധാരണയിലുണ്ടാവണമെന്നാണ് ഹമാസ് നിലപാട്. ആറ് പ്രമുഖ ഹമാസ് നേതാക്കളെ നാടുകടത്തിയുള്ള വെടിനിർത്തലും യുദ്ധവിരാമവുമാണ് ഇസ്രായേൽ മുന്നോട്ടുവയ്ക്കുന്നത്. രൂക്ഷ പോരാട്ടവും സിവിലിയൻ കുരുതിയും തുടരുന്ന ഗസ്സയിൽ 24 മണിക്കൂറിനിടെ 210 പേർ കൊല്ലപ്പെട്ടു. ഇതോടെ, മരണസംഖ്യ 25,700 ആയി. ഹമാസ് ശക്തികേന്ദ്രമായ ഖാൻ യൂനുസിൽ നാലു ലക്ഷം വരുന്ന സിവിലിയന്മാർ സമ്പൂർണമായി ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേൽ നിർദേശം.
പ്രദേശത്തെ ആശുപത്രികളുടെ അവസ്ഥ പരിതാപകരമാണെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമേരിക്കൻ കപ്പലിനു നേരെ ചെങ്കടലിൽ ഹൂതികൾ അയച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളിൽ രണ്ടെണ്ണം നിർവീര്യമാക്കിയതായും ഒന്ന് കടലിൽ പതിച്ചതായും യു.എസ് സെൻട്രൽ കമാന്റ്. അതേസമയം, ഇറാഖിലെ ഇറാൻ അനുകൂല മീലീഷ്യാ കേന്ദ്രത്തിനു നേർക്ക് വീണ്ടും അമേരിക്കൻ ആക്രമണമുണ്ടായി. യു.എസ് നടപടി കടന്നുകയറ്റമെന്ന് ഇറാഖ് സർക്കാർ അറിയിച്ചു.
Adjust Story Font
16