Quantcast

ഗസ്സയിലെ ഇസ്രായേൽ ക്രൂരത അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കും

ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബൊളീവിയ തുടങ്ങിയ രാജ്യങ്ങൾ കോടതിക്ക് പരാതി നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-17 18:25:49.0

Published:

17 Nov 2023 6:13 PM GMT

Israeli forces drive bulldozers over Palestinian civilian
X

ഗസ്സയിലെ ഇസ്രായേൽ ക്രൂരത അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കും. വിവധ രാജ്യങ്ങളുടെ ആഭ്യർത്ഥന പരിഗണിച്ചാണ് നടപടി. വ്യാപകമായ യുദ്ധ കുറ്റങ്ങളാണ് ഇസ്രായേൽ ഗസ്സയിൽ നടത്തുന്നതെന്ന് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബൊളീവിയ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് പരാതി നൽകിയിരുന്നു. ഗസ്സയിൽ ഇസ്രായേൽ അതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ പന്ത്രണ്ടായിരം കടന്നിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ അയ്യായിരത്തിലേറെ കുട്ടികളുണ്ടെന്നാണ് റിപ്പോർട്ട്.

ഇസ്രായേൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളെല്ലാം മരിച്ചെന്നാണ് ഫലസ്തീനിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ വൃത്തങ്ങൾ നൽകുന്ന വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങൾ ബുൾഡോസർ ഉപയോഗിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ഇസ്രായേൽ സൈന്യം അൽശിഫയിലെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷം ആശുപത്രിയിൽ വെടിവയ്പ്പുണ്ടായതായി മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ആശുപത്രി കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു. അകത്തേക്കുള്ള ജലവിതരണ-വൈദ്യുതിബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അകത്തേക്ക് ഭക്ഷണവും കടത്തിവിടുന്നില്ല.

രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം കടുത്ത പട്ടിണിയിലാണെന്ന് ആശുപത്രി ഡയരക്ടർ മുഹമ്മദ് അബു സൽമിയ പറഞ്ഞു. വൈദ്യുതിബന്ധം വേർപ്പെട്ടതിനു പിന്നാലെ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന 22 പേരാണു മരിച്ചത്. ആശുപത്രിയെ സൈന്യം ഉപരോധിച്ചിരിക്കുകയാണെന്നും കടുത്ത യുദ്ധ കുറ്റകൃത്യമാണിതെന്നും സൽമിയ പറഞ്ഞു.

നിലവിൽ വടക്കൻ ഗസ്സയിൽ ഒരേയൊരു ആശുപത്രിയാണു പ്രവർത്തിക്കുന്നതെന്ന് യു.എൻ അറിയിച്ചു. ബാക്കി 23 ആശുപത്രികളും പ്രവർത്തനരഹിതമായിരിക്കുകയാണ്. ഇവിടെ ജല-ഭക്ഷണ വിതരണമെല്ലാം പ്രതിസന്ധിയിലാണെന്നും യു.എൻ റിലീഫ് വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫിത്ത്സ് പറയുന്നു. സിവിലിയന്മാർക്ക് ഇവിടെനിന്നു രക്ഷപ്പെടാൻ അനിശ്ചിതകാലത്തേക്ക് ആക്രമണം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെനിൻ അഭയാർഥി ക്യാമ്പിലെ ഇബ്‌നു സീനാ ആശുപത്രിയും ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണ്. 80 സൈനിക വാഹനങ്ങളുമായാണ് ഇസ്രായേൽ സേന ആശുപത്രി വളഞ്ഞത്. ആശുപത്രി ഒഴിയണമെന്ന് ഉച്ചഭാഷിണിയിലൂടെ ഇസ്രായേൽ നിരന്തരം ഭീഷണിമുഴക്കുകയാണ്. എന്നാൽ രോഗികളെ വിട്ടുപോകാനാകില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിലപാട്. അതിനിടെ, ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

അതേസമയം, വെസ്റ്റ് ബാങ്കിലെ തെരുവുകളും റോഡുകളുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായേൽ സേന നിരന്തരം തകർക്കുകയാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സൈനിക ആക്രമണത്തിൽ 48 കുട്ടികളുൾപ്പെടെ 197 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. യുഎൻ കണക്ക് പ്രകാരം 1,100 ലേറെ പേരെയാണ് ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയത്.

International Criminal Court will investigate Israeli atrocities in Gaza

TAGS :

Next Story