Quantcast

മൂന്ന് പതിറ്റാണ്ടിനിപ്പുറവും വംശഹത്യയുടെ മുറിവുകൾ ഉണങ്ങാതെ സെബ്രനിക്ക

അഞ്ച് ദിവസം കൊണ്ട് 9000​ മുസ്‍ലിംകളെയാണ് സെർബുകൾ വെടിവെച്ചു കൊന്ന് കുഴിച്ചുമൂടിയത്

MediaOne Logo

Web Desk

  • Updated:

    2024-07-12 11:53:29.0

Published:

12 July 2024 11:41 AM GMT

മൂന്ന് പതിറ്റാണ്ടിനിപ്പുറവും വംശഹത്യയുടെ മുറിവുകൾ ഉണങ്ങാതെ സെബ്രനിക്ക
X

സെബ്രനിക്ക: രണ്ടാം​ ലോകമഹായു​ദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യക്കിരയായ മണ്ണാണ് ബോസ്നിയ. മൂന്ന് പതിറ്റാണ്ട് മുമ്പ് സെർബ് ഓർത്തഡോക്സുകൾ മുസ്‍ലിംകളെ തിരഞ്ഞുപിടിച്ച് നടത്തിയ കൂട്ട​ക്കുരുതിയിൽ ഒരു ലക്ഷത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്. 1992-1995 കാലഘട്ടത്തിൽ നടന്ന ആ കൂട്ടക്കുരുതി മൂന്ന് പതിറ്റാണ്ടോടടുക്കുമ്പോഴും ലോകത്തിന് മുന്നിൽ ഉണങ്ങാത്ത മുറിവായി നിൽക്കുകയാണ്.

സെബ്രനിക്കയിൽ നടന്ന വംശഹത്യയെ മറവിക്ക് വിട്ടുകൊടുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾക്കിടയിലും ജൂലൈ 11 നെ അന്താരാഷ്ട്ര വാർഷികദിനമായി ആചരിക്കാനുള്ള പ്രമേയം യു.എന്നിൽ കഴിഞ്ഞ മെയിൽ പാസായി. വലിയ എതിർപ്പുകളായിരുന്നു പ്രമേയത്തിനെതിരെ ഉയർന്നത്. അന്താരാഷ്ട്ര ദിനത്തിന്റെ ആദ്യ ഔദ്യോഗിക ആചരണം യു.എൻ ജനറൽ അസംബ്ലി ഹാളിൽ കഴിഞ്ഞ ദിവസം നടന്നതോടെ ബോസ്നിയയിലെ കൂട്ടക്കുരുതി ലോകത്തിന് മുന്നിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

ലോകത്തെ ഞെട്ടിച്ച വംശഹത്യ

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെയാണ് യൂഗോസ്ലാവിയയിൽ ആഭ്യന്തര കലാപം കനക്കുന്നത്. സെർബിയ, ബോസ്നിയ, ക്രൊയേഷ്യ, മാഡിഡോണിയ, മോണ്ടിനെഗ്രോ തുടങ്ങിയ റിപ്പബ്ലിക്കുകൾ ചേർന്നതായിരുന്നു ഐക്യ യൂഗോസ്ലാവിയ. പ്രധാനമായും മൂന്ന് വിഭാഗങ്ങളായിരുന്നു ബോസ്നിയയിലുണ്ടായിരുന്നത്. 44 ശതമാനം വരുന്ന മുസ്‍ലിംകളും 31 ശതമാനം വരുന്ന ഓർത്തഡോക്സ് സെർബുകളും 17 ശതമാനം ക്രോട്ടുകളും ഉൾപ്പെടുന്നതായിരുന്നു ​ബോസ്നിയയിലെ ജനവിഭാഗം.

സോവിയറ്റ് യൂണിയന്റെ വീഴ്ചയോടെ സെർബുകൾ ബോസ്നിയൻ മുസ്‍ലിംകൾക്കെതിരെ വംശിയ അതിക്രമത്തിന് തുടക്കം കുറിച്ചു. ആധിപത്യം സ്ഥാപിക്കലായിരുന്നു ലക്ഷ്യം. എന്നാൽ 1992 മാർച്ച് മൂന്നിന് ബോസ്നിയയെ സ്വതന്ത്രരാജ്യമാക്കി പ്രസിഡണ്ട് ഇസത് ബെഗോവിച്ച് പ്രഖ്യാപിച്ചു. ഇതിനെതിരെ എതിർപ്പുകളുമായി സെർബുകൾ രംഗത്തെത്തി. മേഖലയിൽ സെർബ് ആധിപത്യം ലക്ഷ്യമിട്ട് കൂട്ടക്കുരുതിക്ക് അവർ ഇറങ്ങിത്തിരിച്ചു. സെർബ് വിഭാഗം വ്യാപകമായി മുസ്‍ലിംകളെ കടന്നാക്രമിച്ചു. ​ സെർബിയൻ സൈന്യവും ആ വംശഹത്യക്ക് ഒപ്പം നിന്ന്. എന്നാൽ ന്യൂനപക്ഷമായ ക്രോട്ടുകൾ മുസ്‍ലിംകൾക്കൊപ്പമായിരുന്നു. പതിറ്റാണ്ടുകളായി സെർബുകൾക്കുള്ളിലുണ്ടായിരുന്ന ദേശീയവാദവും തീവ്രവാദവും എല്ലാഭീകരതയോടെയും താണ്ഡവമാടുന്ന കാ​ഴ്ചയാണ് പിന്നീട് ലോകം കണ്ടത്. കലാപത്തീയിൽ പ്രദേശം വെന്തെരിഞ്ഞു.

1995 ജൂലെയിലായിരുന്നു ലോകം നടുങ്ങിയ കൂട്ടക്കൊലക്ക് സെബ്രനിക്ക പട്ടണം സാക്ഷ്യം വഹിച്ചത്. സെർബുകൾ വംശീയതിക്രമത്തിന് തുടക്കമിട്ടതിന് പിന്നാലെ സെബ്രനിക്കയെ യു.എൻ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. സെർബുകളുടെ കൈകളി​ൽപെടാതെ രക്ഷപ്പെട്ട മനുഷ്യർ തമ്പടിച്ചിരുന്നത് അവിടെയായിരുന്നു. മേഖലക്ക് കാവലൊരുക്കിയത് ഡച്ച് സമാധാന സേനയായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ സെർബുകളും സെർബിയൻ പട്ടാളക്കാരും മേഖല വളഞ്ഞു. 12 മുതൽ 80 വയസുവരെയുള്ള പുരുഷൻമാരെ തിര​ഞ്ഞു പിടിച്ചുകൊലപ്പെടുത്തുന്നതിനാണ് പിന്നീട് സെബ്രനിക്ക സാക്ഷ്യം വഹിച്ചത്. അഞ്ച് ദിവസം കൊണ്ട് എണ്ണായിരത്തിലേറെ പുരുഷന്മാരെയാണ് അവർ കൊന്നു​കളഞ്ഞത്. ബോസ്നിയൻ ഫെഡറൽ കമ്മീഷൻ ഓഫ് മിസ്സിംഗ് പേഴ്സൺസിന്റെ കണക്കുകൾ പ്രകാരം 8,372 പേരുകളാണ് കൊല്ലപ്പെട്ടത്. 9000 ത്തോളം മുസ്‍ലിംകളെയാണ് സെബ്രനിക്കയിൽ മാത്രം സെർബുകൾ കൊലപ്പെടുത്തിയ​തെന്നാണ് മറ്റൊരു റിപ്പോർട്ട്. ഒമ്പത് വലിയ കുഴിമാടങ്ങളെടുത്ത് അതിലാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടിയത്. കുഴിമാടത്തിൽ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ ഡി.എൻ.എ പരിശോധനയിലൂടെ 6,838 പേരെ പിന്നീട് തിരിച്ചറിഞ്ഞു. പിച്ചവെച്ചുതുടങ്ങിയ കുട്ടികളുടെ തല​പോലും സെർബുകളുടെ വെടിയുണ്ടയിൽ ചിന്നിച്ചിതറി. സെബ്രനിക്കയിലുണ്ടായിരുന്ന സ്ത്രീകളാണ് ​ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത്. 12,000 മുതൽ 20,000 ത്തോളം പെൺകുട്ടികളും സ്ത്രീകളുമാണ് കൂട്ട ബലാത്സംഗത്തിനിരയായത്. സെബ്രനിക്കയിലുണ്ടായിരുന്ന 23,000 സ്ത്രീക​ളെയാണ് സെർബുകൾ പലയിടങ്ങളിലേക്ക് മാറ്റിയത്ത്. അവരിൽ പലരെയും ലൈംഗിക അടിമകളാക്കിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ബലാത്സംഗത്തിനിരയായ പലരെയും ജീവനോടെ കുഴിച്ചു മൂടി. കാലാപഭൂമിയിൽ നിന്ന് 25 ദശലക്ഷം ജനങ്ങളാണ് മണ്ണും വീടുമൊക്കെ വിട്ട് പലായനം ചെയ്തത്. സെബ്രനിക്കയിൽ നിന്ന് പുറത്ത് വന്ന വാർത്തകളിലെല്ലാം ചോരകിനിഞ്ഞിറങ്ങിയിരുന്നു. അത്രയും ഭീകരമായിരുന്നു പിന്നീട് പുറത്തുവന്ന വാർത്തകൾ. കൂട്ടക്കൊലക്കെതിരെ ലോകം പ്രതിഷേധിച്ചപ്പോൾ സെർബിയ അത് നിഷേധിച്ച് രംഗത്തെത്തി. ‘വംശീയമായ കൂട്ടക്കുരതി’എന്നായിരുന്നു തെളിവുകൾ നിരത്തി യു.എൻ സെബ്രനിക്കയിലെ കൂട്ടക്കൊലയെ അന്ന് വിശേഷിപ്പിച്ചത്. കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തവരെ അന്താരാഷ്ട്ര നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആഗോളതലത്തിൽ ശബ്ദം ഉയർന്നു. അതിന് പിന്നാലെയാണ് സെർബ് നേതാക്കൾക്ക് നേരെ നപടിയുണ്ടാകുന്നത്.

കുറ്റവാളികൾക്ക് ശിക്ഷ വിധിച്ച് അന്താരാഷ്ട്ര കോടതി

ബോസ്നിയൻ മുസ്‍ലിംകളുടെ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ കുറ്റവാളികളെ പിന്നീട് ലോക കോടതി ശിക്ഷിച്ചത് സെർബുകൾക്ക് വലിയ തിരിച്ചടിയായിരുന്നു. സെർബ് നേതാവിന് 40 വർഷം തടവ് ശിക്ഷയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്. ബോസ്നിയൻ സെർബ് റിപ്പബ്ലിക് സേനയുടെ സുപ്രിം കമാൻഡറായിരുന്ന റദോവൻ കരോജിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്രനീതിന്യായ കോടതി 2018 ലാണ് ശിക്ഷ വിധിച്ചത്. റദോവന് മേൽ ചുമത്തിയ 11 കുറ്റങ്ങളിൽ പത്തും അന്താരാഷ്ട്ര കോടതിയിൽ തെളിഞ്ഞു. ‘യുദ്ധം തുടങ്ങിയാൽ ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കിയതു പോലെ മുസ്‍ലിംകളെ ഞങ്ങൾ കൊന്നൊടുക്കുമെന്നായിരുന്നു റദോവൻ പ്രഖ്യാപിച്ചത്. ​

കൂട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കരോജിച്ചിന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്ന് പറഞ്ഞ കോടതി കടുത്ത മനുഷ്യാവകാശ ലംഘനമാണ് ബോസ്നിയയിൽ നടന്നതെന്ന് വിലയിരുത്തി.സെർബ് സൈന്യത്തിന്റെ നേതൃത്വത്തിൽ മൂന്ന് വർഷത്തോളം നീണ്ട ഉപരോധം റദോവൻ കരോജിച്ചിന്റെ പിന്തുണയില്ലാതെ നടക്കില്ലെന്നായിരുന്നു ജഡ്ജിങ് പാനലിന്റെ അധ്യക്ഷൻ ഒഗോൻ ക്വോൻ പറഞ്ഞത്. 2008 ലാണ് റദോവൻ കരോജിച്ച് അറസ്റ്റിലാകുന്നത്. പട്ടാളമേധാവിയായിരുന്നു റാദ്കോ മ്ലാഡിച്ചായിരുന്നു കൂട്ടക്കുരുതിക്ക് നേതൃത്വം നൽകിയ മറ്റൊരു ഭീകരൻ. അന്താരാഷ്ട്ര ട്രൈബൂണലിന്റ ഇടപെടൽ ഉണ്ടായതിന് പിന്നാലെ ഒളിവിലായിരുന്ന മ്ലാഡിച്ചിനെ 2011 ലാണ് പിടികൂടുന്നത്.

മറവിക്ക് വിട്ടുകൊടുക്കാതെ ലോകം

ബോസ്നിയയിൽ നടന്നത് വംശഹത്യയല്ലെന്ന് വരുത്തിതീർക്കാൻ സെർബുകൾ വലിയ ശ്രമങ്ങളും പ്രചാരണങ്ങളും നടത്തിയിരുന്നു. എന്നാൽ ലോകം തന്നെ ആസൂത്രിതമായ വംശഹത്യതന്നെയാണ് ബോസ്നിയയിൽ നടന്നതെന്നാണ് വിലയിരുത്തുന്നത്. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം (2019) നേടിയ ഓസ്ട്രിയന്‍ എഴുത്തുകാരനായ പീറ്റര്‍ ഹാന്‍ഡ്കെ പോലും ബോസ്നിയയിലേത് വംശഹത്യയല്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ വംശഹത്യയെ മറവിക്ക് വിട്ടുകൊടുക്കാൻ മനുഷ്യസ്നേഹികൾ തയാറായില്ല. സെബ്രനിക്ക മെമോറിയൽ സെന്റര്‍, റിമമ്പറിങ് ഓഫ് സെബ്രനിക്ക തുടങ്ങിയ സാമൂഹ്യസംഘടനകൾ എല്ലാവർഷവും ​കൂട്ടക്കുരുതിയെ ലോകത്തെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. കൂട്ടക്കുരുതി നടന്ന ദിവസങ്ങളിൽ അനുസ്മരണവും സമാ​ധാന മാർച്ചുമൊക്കെ പ്രദേശത്ത് സംഘടന സംഘടിപ്പിക്കും. സെർബുകൾ കൊന്നുകളഞ്ഞവരുടെ മക്കളും കുടുംബാംഗങ്ങ​ളു​മാണ് അതിന് നേതൃത്വം നൽകുന്നത്.

കൂട്ടക്കൊല അടയാളപ്പെടുത്തി ലോക സിനിമകൾ

ബോസ്നിയൻ കൂട്ടക്കൊലയും സെർബ് വംശീയതയും മറവിക്ക് വിട്ടുകൊടുക്കാതെ ഇന്നും ചർച്ചയായി നിൽക്കുന്നതിൽ ലോക സിനിമകൾക്കും ചെറുതല്ലാത്ത പങ്കുണ്ട്. ബോസ്നിയൻ ജീവിതം പ്രമേയമായ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഡാനിസ് തനോവിച്ചിന്റെ രചനയിലും സംവിധാനത്തിലുമൊരുങ്ങിയ നോ മാൻസ് ലാൻഡ്, ഹലീമാസ് പാത്ത്, ആസ് ഈഫ് അയാം നോട്ട് ദേർ, ഇൻ ദ ലാൻഡ് ഓഫ് ബ്ലഡ് ആൻഡ് ഹണി തുടങ്ങി നിരവധി സിനിമകളാണ് ബോസ്നിയയിലെ വംശഹത്യ പ്രമേയവുമായി ലോക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകൾ.

TAGS :

Next Story