വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ഇന്ന് ലണ്ടൻ ജയിലിൽ കല്യാണം
ദീർഘകാല പങ്കാളി സ്‌റ്റെല്ല മോറിസിനെയാണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഉന്നത സുരക്ഷയുള്ള ജയിലിൽ വെച്ച് ഇദ്ദേഹം വിവാഹം ചെയ്യുന്നത്
ഇൻറർനെറ്റ് ആക്ടിവിസ്റ്റും വിക്കിലീക്‌സ് സ്ഥാപകനുമായ ജൂലിയൻ അസാൻജിന് ഇന്ന് ലണ്ടൻ ജയിലിൽ കല്യാണം. ദക്ഷിണാഫ്രിക്കൻ വംശജയായ ദീർഘകാല പങ്കാളി സ്‌റ്റെല്ല മോറിസിനെയാണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഉന്നത സുരക്ഷയുള്ള ജയിലിൽ വെച്ച് ഇദ്ദേഹം വിവാഹം ചെയ്യുന്നത്. രണ്ടു ഔദ്യോഗിക സാക്ഷികളും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ആകെ നാലുപേരാണ് ചടങ്ങിൽ പങ്കെടുക്കുക. 2020 ൽ തന്നെ ഇരുവരും വിവാഹത്തിന് അനുമതി ചോദിച്ച് അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
യുഎസ് സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളുമടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടതിന്റെ പേരിൽ 18 കേസുകളിൽ വിചാരണ നേരിടണമെന്ന് യുഎസ് ആവശ്യപ്പെടുന്ന കുറ്റവാളിയാണ് അസാൻജ്. എന്നാൽ താൻ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്ന ഈ 50 കാരൻ 2019 മുതൽ ബെൽമാർഷ് ജയിലിലാണ് കഴിയുന്നത്. അതിനുമുമ്പ് ഏഴു വർഷം ലണ്ടനിലെ ഇക്വഡോർ എംബസിയിലായിരുന്നു കഴിഞ്ഞിരുന്നത്. എംബസിയിൽ മോറിസിനൊപ്പമുള്ള ജീവിതക്കാലത്ത് ഇദ്ദേഹം രണ്ടു കുട്ടികളുടെ പിതാവായിരുന്നു. അഭിഭാഷകയായ മോറിസ് ഒരു പതിറ്റാണ്ടിലേറെ കാലം അസാൻജിന്റെ ജൂനിയറായി പ്രവർത്തിച്ചിരുന്നു. 2011ൽ അസാൻജിന്റെ നിയമസംഘത്തിലെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. എന്നാൽ 2015ലാണ് ബന്ധം തുടങ്ങിയത്.
രജിസ്ട്രാർ നയിക്കുന്ന കല്യാണ ചടങ്ങുകൾ ജയിലിലെ സന്ദർശക സമയത്താണ് നടക്കുക. കുട്ടിയുടെ കൊലപാതകിയായ ഇയാൻ ഹണ്ട്‌ലിയടക്കം ബ്രിട്ടനിലെ നിരവധി കൊടും ക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ വിവിയെന്ന വെസ്റ്റ് വുഡാണ് മോറിസിന്റെയും അസാൻജിന്റെയും വിവാഹ വസ്ത്രങ്ങൾ തയാറാക്കിയിരിക്കുന്നത്. നേരത്തെ അസാൻജിനെ കൈമാറുന്നതിനെതിരെയുള്ള കാമ്പയിനിലും ഇദ്ദേഹം സജീവമായിരുന്നു. യുഎസിന് കൈമാറുന്നതിനെതിരെ ഈ മാസം സുപ്രിംകോടതിയിൽ അപ്പീൽ നൽകാൻ അസാൻജിന് അനുമതി നൽകിയിരുന്നില്ല. എങ്കിലും തുടർന്നും ഇദ്ദേഹത്തിന് കൈമാറ്റത്തെ എതിർക്കാനാകും.
2019 ലാണ് ജൂലിയൻ അസാൻജ് അറസ്റ്റിലായത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയാർത്ഥിയായിരുന്ന അസാൻജിന് അവർ രാഷ്ട്രീയ അഭയം പിൻവലിച്ചതോടെയാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. 2010ൽ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകൾ അടക്കം അന്താരാഷ്ട്ര തലത്തിൽ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറായ ജൂലിയൻ അസാൻജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകൾ വിക്കിലീക്സ് ചോർത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രേഖകൾ വിക്കിലീക്സ് ചോർത്തിയിട്ടുണ്ടെന്നാണ് കണക്ക്.
ആരാണ് ജൂലിയൻ അസാൻജ്?
അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച സംരംഭമാണ് 2006 ൽ സ്ഥാപിതമായ വിക്കിലീക്സ്. വിക്കിലീക്സ് എന്ന മാധ്യമ സംരംഭത്തിന്റെ സ്ഥാപകനാണ് ജൂലിയൻ പോൾ അസാൻജ്. 1971ൽ ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ജനിച്ച അസാന്‍ജ് ചെറു പ്രായത്തിലെ കമ്പ്യൂട്ടർ ഹാക്കിങ്ങിൽ വിദഗ്ധനായിരുന്നു.അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു.എസ് നടത്തിയ രഹസ്യ പ്രവർത്തനങ്ങൾ പുറത്തുവിട്ടതോടെ അമേരിക്കയുടെ നോട്ടപുള്ളിയായ ജൂലിയൻ അസാൻജ്, 2010 ഡിസംബറിൽ ബ്രിട്ടീഷ് പോലീസിൽ കീഴടങ്ങി. ഡിസംബർ 16ന് ഉപാധികളോടെ കോടതി ജാമ്യം നൽകി. 2012 ലാണ് ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയംതേടിയത്.
എന്താണ് വിക്കിലീക്സ്?
'ദ സെൻസേഷൻ പ്രസ്' എന്ന സംരംഭത്തിലൂടെ 2006ൽ ജൂലിയൻ അസാൻജ് സ്ഥാപിച്ച വിക്കിലീക്സ്, ഉറവിടങ്ങൾ വെളിപ്പെടുത്താതെ രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള ഒരു അന്തർദേശീയ മാധ്യമസംരംഭമാണ്.അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു.എസ് നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളുടെയും രേഖകൾ പുറത്തുവിട്ടതിലൂടെ വിക്കിലീക്‌സും ജൂലിയൻ അസാന്‍ജും ശ്രദ്ധ നേടി. അമേരിക്കൻ സൈനികർ സാധാരണക്കാരെ കൊല്ലുന്ന ദൃശ്യങ്ങൾ വിക്കിലീക്സ് പുറത്തു വിട്ടതോടെ ആഗോള ശ്രദ്ധാകേന്ദ്രമായി.സ്വീഡനിൽ അസാൻജ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകൾ രംഗത്ത് വന്നിരുന്നു എന്നാൽ കേസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അമേരിക്കയുടെ നീക്കമാണെന്നുമാണ് അസാൻജ് അതിനോട് പ്രതികരിച്ചത്.കേബിൾ ഗേറ്റ് വിവാദത്തിലൂടെ മറ്റു രാജ്യങ്ങളുടെ തലവന്മാരുടെയും നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വന്നിരുന്നു. യു.എസ്, ആസ്‌ട്രേലിയ, ചൈന തുടങ്ങി ഒട്ടനവധി രാജ്യങ്ങൾ വിക്കിലീക്സിനെ നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപെടുത്തുകയോ ചെയ്തിരുന്നു.
Internet activist and WikiLeaks founder Julian Assange gets married in London jail today
Adjust Story Font
16