ബന്ദികളെ മോചിപ്പിക്കാൻ ഇടപെടണം; ഇസ്രായേലിൽ നെതന്യാഹുവിന്റെ ഓഫീസിലേക്ക് ലോങ് മാർച്ച്
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ കാബിനറ്റും തങ്ങൾക്കായി ഒന്നും ചെയ്തില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
ബന്ദികളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിൽ ലോങ് മാർച്ച്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ജറൂസലമിലെ നെതന്യാഹുവിന്റെ ഓഫീസിലേക്കാണ് മാർച്ച് ചെയ്യുന്നത്. ടെൽ അവീവ് മ്യൂസിയം ഓഫ് ആർട്ടിൽ നിന്ന് ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 65 കിലോമീറ്ററാണ് മാർച്ച് നടത്തിയത്.
മാർച്ചിൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുദ്ധത്തിൽ 1,200-ലധികം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 240-ഓളം പേരെ ഗസ്സയിൽ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ കാബിനറ്റും തങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതിനിടെ ഇസ്രായേലിലെ യുദ്ധകാബിനറ്റിനെച്ചൊല്ലി ഭരണപക്ഷത്ത് തർക്കം തുടരുകയാണ്. ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കുന്ന തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഭരണപക്ഷത്തെ തീവ്രജൂത പാർട്ടികളുടെ മന്ത്രിമാർ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. യുദ്ധകാബിനറ്റിൽ എല്ലാ പാർട്ടികൾക്കും അംഗത്വം നൽകണമെന്ന് ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു.
Adjust Story Font
16