Quantcast

'1,000 ബാലിസ്റ്റിക് മിസൈലുകൾ സജ്ജം'; യുദ്ധത്തിനൊരുങ്ങാൻ സേനയ്ക്ക് നിർദേശം നൽകി ഇറാൻ പരമോന്നത നേതാവ്

എണ്ണ-ഊർജ കേന്ദ്രങ്ങളെയും ആണവ നിലയങ്ങളെയും മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണു നിർദേശമെന്നാണു വിവരം

MediaOne Logo

Web Desk

  • Published:

    25 Oct 2024 4:44 PM GMT

Iran preparing to launch 1,000 ballistic missiles at Israel: Report, Iran-Israel tension, Middle East tensions
X

തെഹ്‌റാൻ: ഏതു നിമിഷവും ഇസ്രായേൽ ആക്രമണത്തിനു സാധ്യത നിലനിൽക്കെ യുദ്ധത്തിനൊരുങ്ങാൻ സൈന്യത്തിനു നിർദേശം നൽകി ഇറാൻ പരമോന്നത നതാവ് ആയത്തുല്ല അലി ഖാംനഇ. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരത്തോളം ബാലിസ്റ്റിക് മിസൈലുകൾ ആക്രമണത്തിനായി സജ്ജമാക്കിയതായാണു വിവരം. നാല് ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് 'ന്യൂയോർക്ക് ടൈംസ്' ആണ് വാർത്ത പുറത്തുവിട്ടത്.

ഇസ്രായേൽ ആക്രമണത്തിന്റെ തോത് അനുസരിച്ചു തിരിച്ചടിക്കാനാണു നിലവിൽ തീരുമാനമെന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ആയിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകൾ പ്രത്യാക്രമണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. സൈനിക താവളങ്ങൾ, മിസൈൽ ഡിപ്പോ ഉൾപ്പെടെ ലക്ഷ്യമിട്ട് ചെറിയ തോതിലുള്ള ആക്രമണമാണ് ഇസ്രായേൽ നടത്തുന്നതെങ്കിൽ ഇറാൻ തിരിച്ചടിയെ കുറിച്ചു തന്നെ ആലോചിക്കുന്നില്ലെന്നും വെളിപ്പെടുത്തുന്നുണ്ട്.

അതേസമയം, എണ്ണ-ഊർജ കേന്ദ്രങ്ങളെയും ആണവ നിലയങ്ങളെയും ആക്രമിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന ഉദ്യോഗസ്ഥരെയോ നേതാക്കളെയോ വധിച്ചാലും പ്രത്യാക്രമണം കടുപ്പിക്കും. ഖാംനഇയാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നതെന്നാണ് ഇറാൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്.

ഒക്ടോബർ ഒന്നിനായിരുന്നു തെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ വൻ മിസൈൽ ആക്രമണം നടത്തിയത്. മൊസാദ് ആസ്ഥാനം, രണ്ട് വ്യോമതാവളങ്ങൾ ഉൾപ്പെടെ അതീവ സുരക്ഷാ കേന്ദ്രങ്ങളിലും ആക്രമണം നാശം വിതച്ചിരുന്നു. 200ഓളം മിസൈലുകളാണ് ഇറാൻ ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അയച്ചത്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. സംഭവത്തിലെ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് ഇസ്രായേൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Summary: Iran preparing to launch 1,000 ballistic missiles at Israel: Report

TAGS :

Next Story