ഹിജാബ് വിരുദ്ധ പ്രക്ഷോഭം: മതകാര്യ പൊലീസ് പിരിച്ചു വിട്ട് ഇറാൻ
നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ
ടെഹ്‌റാൻ: രാജ്യത്തെ മതകാര്യ പൊലീസ് പിരിച്ചു വിട്ട് ഇറാൻ. നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ അറിയിച്ചു. മഹ്‌സ അമീനിയുടെ കൊലപാതകത്തെ തുടർന്ന് രണ്ടു മാസത്തിലധികമായി നടന്നു വരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
ശിരോവസ്ത്ര നിയമം സംബന്ധിച്ച് പാർലമെൻറും പരമോന്നത ആത്മീയ നേതൃത്വവും ചർച്ച നടത്തുകയാണെന്നും രണ്ടാഴചക്കുളളിൽ ഇതു സംബന്ധിച്ച തീരുമാനം വരുമെന്നും ഇറാൻ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
കടുത്ത ഹിജാബ് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെയാണ് ഇറാനിലെ സദാചാര പൊലീസ് മഹ്‌സയെ കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് സെപ്റ്റംബർ 16ന് കസ്റ്റഡിയിലിരിക്കേ മഹ്‌സ കൊല്ലപ്പെട്ടു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനാണ് പിന്നീട് തുടക്കം കുറിച്ചത്.
മഹ്‌സയുടെ സ്വദേശമായ കുർദ് മേഖലയിൽ തുടക്കമിട്ട പ്രതിഷേധം രാജ്യതലസ്ഥാനമായ ടെഹ്‌റാൻ അടക്കം 150ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചു. മതശാസനം പരസ്യമായി ലംഘിച്ചു കൊണ്ട് തെരുവിലിറങ്ങിയ സ്ത്രീകൾ ഹിജാബ് വലിച്ചൂരി തെരുവിലിട്ട് കത്തിച്ചു. പ്രതീകാത്മകമായി മുടി മുറിച്ചു.
പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് നേരെ അതിക്രൂര ആക്രമണങ്ങൾ അഴിച്ചു വിട്ടാണ് ഭരണകൂടം പ്രതികരിച്ചത്. കുട്ടികളുൾപ്പടെ 378 പേരെ സുരക്ഷാസേന കൊലപ്പെടുത്തി.
Adjust Story Font
16