മൊസാദുമായി ബന്ധം; ഇറാനിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
ഇറാൻ പ്രതിരോധ മന്ത്രാലയത്തിനായി ഉപകരണങ്ങൾ നിർമിക്കുന്ന ഇസ്ഫഹാനിലെ ഫാകടറിയിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
തെഹ്‌റാൻ: ഇസ്രായേൽ ഇന്റലിജൻസിനായി ചാരവൃത്തി നടത്തിയ നാലുപേരുടെ വധശിക്ഷ ഇറാൻ നടപ്പാക്കി. ഇവരുടെ അപ്പീൽ ഇറാൻ സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിനായി ഉപകരണങ്ങൾ നിർമിക്കുന്ന ഇസ്ഫഹാനിലെ ഫാകട്‌റിയിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടു എന്നതാണ് ഇവർക്കെതിരായ കുറ്റം. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽനിന്നാണ് ഇവർ ഇറാനിലേക്ക് കടന്നത്.
മുഹമ്മദ് ഫറാമർസി, മുഹ്‌സിൻ മസ്‌ലൗം, വഫ അസർബാർ, പെജ്മാൻ ഫതേഹി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. 2022 ജൂലൈയിലാണ് ഇവർ ഇറാൻ ഇന്റലിജൻസിന്റെ പിടിയിലായത്. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ നിർദേശപ്രകാരമാണ് ഇവർ സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നാണ് ഇറാൻ ആരോപിക്കുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ മൊസാദിന്റെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോടതി വധശിക്ഷ വിധിച്ചത്.
Adjust Story Font
16