കനത്ത വില നല്‍കേണ്ടി വരും; ഇറാന് മുന്നറിയിപ്പുമായി വീണ്ടും ഇസ്രായേൽ
ഇറാന്റെ ആണവ, മിസൈൽ സാങ്കേതികത തകർക്കാൻ പ്രാപ്തിയുണ്ടെന്ന് നഫ്താലി ബെന്നറ്റ്
ഇറാന് മുന്നറിയിപ്പുമായി വീണ്ടും ഇസ്രായേൽ. തങ്ങൾക്കെതിരായ ഏതൊരു നീക്കത്തിനും കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ ഇറാന് മുന്നറിയിപ്പ് നൽകി. തുർക്കിയിൽ ഇസ്രായേൽ വംശജരെ അപായപ്പെടുത്താനുള്ള പദ്ധതി തകർത്തതായും ഇസ്രായേൽ അറിയിച്ചു.
ഇറാന്റെ ആണവ, മിസൈൽ സാങ്കേതികത തകർക്കാൻ പ്രാപ്തിയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രതികരിച്ചു. ഇറാന് വെളിയിൽ ഇസ്രായേൽ കേന്ദ്രങ്ങൾക്കും വ്യക്തികൾക്കുമെതിരെ തെഹ്റാൻ ആസൂത്രിതനീക്കം നടത്തുന്നതിന്‍റെ തെളിവ് വൈകാതെ പുറത്തുവിടുമെന്നും ഇസ്രായേൽ നേതൃത്വം അറിയിച്ചു.
ഇസ്രായേലികളെ വകവരുത്താൻ തീവ്രവാദികളെ അയക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്നാണ് നഫ്താലി ബെന്നറ്റിന്‍റെ താക്കീത്. കഴിഞ്ഞ ആഴ്ചയിലാണ് ഇസ്തംബുളിൽ ഇസ്രായേൽ വംശജരെ ലക്ഷ്യം വെച്ചുള്ള ഇറാൻ നീക്കം തകർത്തതെന്നും ഇസ്രായേൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് തുർക്കിയും ഇറാനും പ്രതികരിച്ചിട്ടില്ല.
അതിനിടെ, പശ്ചിമേഷ്യയിൽ അമേരിക്കയുമായി ചേർന്ന് വ്യോമ പ്രതിരോധ സഖ്യത്തിന് രൂപം നൽകുമെന്ന് ഇസ്രാുയൽ അറിയിച്ചു. യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ പര്യടന വേളയിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇസ്രായേൽ നേതൃത്വം നൽകുന്ന സൂചന. മേഖലയിൽ ഇറാൻവിരുദ്ധ നീക്കം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ നീക്കം.
Adjust Story Font
16