പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഓർമകളിൽ വിതുമ്പി ഇറാൻ; രാജ്യത്ത് അഞ്ചുദിവസം ദുഃഖാചരണം
റഈസിയുടെ ജന്മദേശമായ മസ്ഹദ് നഗരത്തിലായിരിക്കും ഖബറടക്കം
ദുബെെ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമടക്കം 9 പേർ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടതിെൻറ നടുക്കം വിട്ടുമാറാതെ ഇറാൻ. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ അസർബൈജാൻ അതിർത്തിയിലെ ജുൽഫ വനമേഖലയിലെ മലമുകളിൽ ഇന്നലെ രാവിലെ രക്ഷാപ്രവർത്തകൾ കണ്ടെത്തുകയായിരുന്നു. കോപ്ടറിലുണ്ടായിരുന്നവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തൊട്ടടുത്ത പട്ടണമായ തബ്‌രീസിലേക്ക് മാറ്റി.
തബ്‌രീസിൽ രാവിലെ വിലാപ യാത്ര നടക്കും. തുടർന്ന് ഖുമ്മിലേക്കും അവിടെ നിന്ന് തെഹ്‌റാനിലേക്കും മൃതദേഹങ്ങൾ എത്തിക്കും. രാജ്യത്തിെൻറ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രാർഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. റഈസിയുടെ ജൻമദേശമായ മസ്ഹദ് നഗരത്തിലായിരിക്കും ഖബറടക്കം. സംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കാൻ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിച്ചേരും.
കനത്ത മഞ്ഞിൽ നിയന്ത്രണം നഷ്ടമായ യു.എസ് നിർമിത ബെൽ 212 ഹെലികോപ്ടർ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ഇറാൻ അധികൃതരുടെ വിശദീകരണം. രാജ്യത്ത് അഞ്ചുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കാല പ്രസിഡന്റായി വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. ഉപവിദേശകാര്യ മന്ത്രി അലി ബാഖിരി കനിക്ക് വിദേശകാര്യ മന്ത്രിയുടെ താൽക്കാലിക ചുമതല നൽകി. ജൂൺ 28ന് പുതിയ പ്രസിഡൻറിനുള്ള തെരഞ്ഞെടുപ്പ് നടത്തുമെന്ന് സുപ്രിം ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.
ഹെലികോപ്ടർ തകരാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്ന് ഇറാൻ അറിയിച്ചു. അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് റഷ്യ ഉറപ്പു നൽകി. ഹെലികോപ്ടർ തകരാൻ ഇടയായതിൽ തങ്ങൾക്ക യാതൊരു പങ്കുമില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പ്രതികരിച്ചു.
Adjust Story Font
16